ബാങ്ക് വായ്പാ മൊറോട്ടോറിയവും ഇപിഎഫ് നിക്ഷേപം പിൻവലിക്കലും

Web Desk
Posted on April 03, 2020, 3:30 am

കോവിഡിനെ നേരിടുന്നതിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗൺ എല്ലാ വിഭാഗം ജനങ്ങളെയും ദുരിതത്തിലാക്കിയതിനെ തുടർന്ന് വിവിധ കോണുകളിൽ നിന്ന് ശക്തമായ ആവശ്യ­മുയർന്നതിന് ശേഷമാണ് കേന്ദ്രസർക്കാർ 1,70,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. എന്നാൽ പ്രഖ്യാപിക്കപ്പെട്ട പല ആനുകൂല്യങ്ങളും യഥാർത്ഥത്തിൽ അനുഭവവേദ്യമാകില്ലെന്നും ചിലതെല്ലാം സ്വാഭാവികമായി ബജറ്റിൽ നിർദ്ദേശിക്കപ്പെട്ടവയാണെന്നുമുള്ള ആക്ഷേപം ഉയർന്നിരിക്കുകയാണ്. അതിലൊന്നാണ് പ്രധാനമന്ത്രി കിസാൻ പദ്ധതി പ്രകാരം കർഷകർക്ക് നൽകുമെന്ന് പ്രഖ്യാപിച്ച തുക. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച പ്രസ്തുത പദ്ധതി പ്രകാരം മൂന്ന് തവണകളായി 2000 രൂപ വീതം കർഷകർക്ക് ലഭിക്കണം. ആദ്യഗഡു നൽകേണ്ടത് ഏപ്രിൽ മാസത്തിലാണ്. മുൻവർഷങ്ങളിലെ കുടിശിക നിലനിൽക്കുന്നുണ്ടെങ്കിലും അടുത്ത സാമ്പത്തിക വർഷം ആദ്യഗഡു നൽകേണ്ടത് ഈ മാസമാണ്. സ്വാഭാവികമായും നൽകേണ്ട പ്രസ്തുത തുകയാണ് കോവിഡ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചിരിക്കുന്നത്.

യഥാർത്ഥത്തിൽ കർഷകരെ കബളിപ്പിക്കുന്നതിന് തുല്യമാണിത്. മാത്രവുമല്ല രാജ്യത്തെ യഥാർത്ഥത്തിലുള്ള 14 കോടി കർഷകരിൽ എട്ടുകോടി പേർക്കുമാത്രമേ ഇതിന്റെ ആനുകൂല്യം ലഭിക്കുന്നുള്ളൂ എന്ന പരാതി നേരത്തേതന്നെ ഉന്നയിക്കപ്പെട്ടിരുന്നതുമാണ്. ഇതിന് പുറമേയാണ് വായ്പകൾക്കുള്ള മൊറോട്ടോറിയവും ഇപിഎഫ് പെൻഷൻകാർക്ക് തുക പിൻവലിക്കാനുള്ള അനുമതിയും സംബന്ധിച്ച അവ്യക്തതകളും ആശയക്കുഴപ്പങ്ങളും. യഥാർത്ഥത്തിൽ ഇവ രണ്ടും പ്രഖ്യാപിച്ചതിൽ നിന്ന് വിരുദ്ധമായി ദോഷകരമായി ഭവിക്കുന്നതും വാക്കുകളിൽ മാത്രം ഒതുങ്ങുന്നതുമാണ്. വായ്പാ മൊറോട്ടോറിയത്തിന്റെ കാര്യത്തിൽ ബാങ്ക് മേധാവികൾ തന്നെ വിശദീകരണം നൽകിയിട്ടുണ്ട്. അതനുസസരിച്ച് റിസർവ് ബാങ്കിന്റെ വാക്കു വിശ്വസിച്ച് വായ്പാ തുക അടയ്ക്കാത്തവർ പ്രസ്തുത മൂന്ന് മാസങ്ങളിലെ പിഴപ്പലിശയടക്കം ജൂണിൽ നൽകേണ്ടി വരും. ഇതുസംബന്ധിച്ച് ഇന്ത്യൻ ബാങ്ക് അസോസിയേഷനിലെ പ്രമുഖൻ നൽകിയ അഭിമുഖം ചില ദേശീയ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഉദാഹരണസഹിതം ഇക്കാര്യം അദ്ദേഹം വിശദീകരിക്കുന്നു. 12 ശതമാനം പലിശയ്ക്ക് ഒരു ലക്ഷം രൂപ വായ്പയെടുത്ത ഒരാൾ ഒരുമാസം ആയിരം രൂപ വീതമാണ് അടയ്ക്കേണ്ടതെങ്കിൽ മൂന്ന് മാസത്തെ മൊറോട്ടോറിയം കഴിഞ്ഞ് മൂന്നുമാസത്തെ തവണ തുകയായ മൂവായിരം രൂപ മാത്രം അടച്ചാൽ മതിയാകില്ല. 3030.10 രൂപ അടയ്ക്കേണ്ടിവരും. പത്തു ശതമാനം പലിശയ്ക്കുള്ള വായ്പയാണെങ്കിൽ 833 പ്രതിമാസ ഗഡു മൂന്ന് മാസം കൊണ്ട് 2499 രൂപയ്ക്കു പകരം 2521 രൂപ അടയ്ക്കണം. വലിയ തുകയ്ക്കുള്ള വായ്പയാണെടുത്തിരിക്കുന്നതെങ്കിൽ പലിശയും പിഴപ്പലിശയും ചേർന്ന് ഭീമമായ തുക ഒരുമിച്ചടയ്ക്കേണ്ട സ്ഥിതിയുണ്ടാകും. ഇനി കേന്ദ്രമന്ത്രിയുടെ വാക്കു വിശ്വസിച്ച് ഇപ്പോൾ അടയ്ക്കാതിരിക്കുകയും മൂന്ന് മാസം കഴിഞ്ഞ് അടയ്ക്കാൻ സാധിക്കാതെ വരികയും ചെയ്താൽ പിഴപ്പലിശ ഉൾപ്പെടെ മുതലിന്റെ ഭാഗമാക്കി അതിനുകൂടി പലിശ നൽകേണ്ട അവസ്ഥയുമുണ്ടാകും. ഇതിനർത്ഥം മൊറോട്ടോറിയംകൊണ്ട് ഗുണമല്ല ദോഷമാണുണ്ടാകുവാൻ പോകുന്നതെന്നാണ്. ഇതിൽ നിന്ന് വ്യത്യസ്തമല്ല ഇപിഎഫ് നിക്ഷേപത്തിൽ നിന്ന് പിൻവലിക്കാൻ അനുവദിക്കുമെന്ന പ്രഖ്യാപനം. മൊത്ത നിക്ഷേപത്തിന്റെ 75 ശതമാനം തുകയോ ഒരുമാസത്തെ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്നുള്ള തുകയുടെ മൂന്നിരട്ടിയോ ഏതാണ് കുറവ് ആ തുക പിൻവലിക്കാമെന്നായിരുന്നു പ്രഖ്യാപനം.

ഒരു ലക്ഷം രൂപ നിക്ഷേപമുള്ള ഒരാൾക്ക് 75,000 രൂപ വരെ പിൻവലിക്കാനാകണം. അതേസമയം നിക്ഷേപമായി ഒരു ലക്ഷത്തിലധികം രൂപയുണ്ടെങ്കിലും അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ചേർന്ന് വാങ്ങുന്ന മാസ വേതനം 16,000 രൂപയാണെങ്കിൽ പിൻവലിക്കാവുന്ന തുക 48,000 രൂപ മാത്രം. ഇത് യഥാർത്ഥത്തിൽ കബളിപ്പിക്കുന്നതിന് തുല്യമാണ്. അതുപോലെതന്നെയാണ് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പ്രോവിഡന്റ് ഫണ്ട് വിഹിതം സർക്കാർ അടയ്ക്കുമെന്ന പ്രഖ്യാപനത്തിന്റെയും സ്ഥിതി. നൂറിലധികം തൊഴിലാളികളുളള സ്ഥാപനങ്ങളിൽ എന്ന ഉപാധി വച്ചാണ് ഇതു നടപ്പിലാക്കുവാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഫലത്തിൽ മഹാഭൂരിപക്ഷത്തിനും ഈ ആനുകൂല്യവും ലഭിക്കാനിടയില്ല.

അഞ്ചു വർഷങ്ങൾക്കു മുമ്പ് പുറത്തുവന്ന വ്യവസായങ്ങൾസംബന്ധിച്ച ദേശീയ സർവ്വേ റിപ്പോർട്ടിൽ പറയുന്നത് രാജ്യത്താകെ പ്രവർത്തിക്കുന്നത് 1,75,710 ഫാക്ടറികളാണെന്നാണ്. അതിൽ 1,25,301 സ്ഥാപനങ്ങളിലും 50ൽ താഴെ തൊഴിലാളികൾ മാത്രമാണുള്ളത്. ആകെയുള്ളതിന്റെ 70 ശതമാനവും നൂറിൽ താഴെ തൊഴിലാളികളുള്ളതെന്നർത്ഥം. അഞ്ചു വർഷത്തിനു ശേഷമുള്ള വർധനവ് പരിഗണിച്ചാലും 60–70 ശതമാനം സ്ഥാപനങ്ങളിലും നൂറിൽ കുറവ് ജീവനക്കാർ മാത്രമേ ഉണ്ടാകൂ എന്ന് മനസിലാക്കാവുന്നതാണ്. അതുകൊണ്ടുതന്നെ ഇപിഎഫ് സംബന്ധിച്ച ധനമന്ത്രിയുടെ രണ്ടാമത്തെ പ്രഖ്യാപനവും ഫലത്തിൽ വെള്ളത്തിൽ വരച്ച വരയായി തീരുമെന്നതിൽ സംശയമില്ല. അങ്ങനെ അടിസ്ഥാന ജനവിഭാഗങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രിയും പ്രധാനമന്ത്രിയും നടത്തിയ പ്രഖ്യാപനങ്ങളെല്ലാം പൊയ്‌വാക്കായി മാറുന്നുവെന്നാണ് വ്യക്തമാകുന്നത്. കോവിഡ് പോലൊരു അതീവ ദുരന്തകാലത്തുപോലും സ്വന്തം ജനങ്ങളെ ഇങ്ങനെ വഞ്ചിക്കുന്ന സർക്കാരിനെ എന്തു പേരിട്ടാണ് വിളിക്കേണ്ടതെന്നറിയില്ല. അതിന് മതിയായ, ഇപ്പോൾ ലഭ്യമല്ലാത്ത പേര് കണ്ടെത്താനിരിക്കുന്നതേയുള്ളൂ.