കൊലക്കയറിലേക്ക് വഴിതെളിക്കുന്ന ബാങ്ക് വായ്പകള്‍

Web Desk
Posted on May 14, 2019, 11:00 pm

ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്തെ ആശങ്കപ്പെടുത്തുന്നു. പ്രളയദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് സമിതി വിളിച്ച് ചേര്‍ത്ത് ജപ്തിനടപടികള്‍ അരുത് എന്ന് ബാങ്കുകളോട് അഭ്യര്‍ഥിച്ചത് കേരള മുഖ്യമന്ത്രി നേരിട്ടായിരുന്നു. അദ്ദേഹത്തോട് തത്വത്തില്‍ അംഗീകരിച്ച ബാങ്കുകളാണ് ജപ്തിനടപടികളുമായി ശ്വാസംവിടാന്‍ അനുവദിക്കാതെ ഇടപാടുകാരുടെ പിന്നാലെ കരിനിഴലായി ചേര്‍ന്ന് കൊലക്കയറിലേക്ക് വഴിതെളിക്കുന്നത്.
മാരായമുട്ടം മലയില്‍ക്കട സ്വദേശി ചന്ദ്രന്റെ ഭാര്യ ലേഖ (40), മകള്‍ വൈഷ്ണവി (19) എന്നിവരാണ് ബാങ്ക് അധികൃതരുടെ സമ്മര്‍ദ്ദവും ഭീഷണിയും താങ്ങാനാവാതെ തീകൊളുത്തി ആത്മഹത്യ ചെയ്തത്.
നെയ്യാറ്റിന്‍കരയിലെ കാനറ ബാങ്കില്‍ നിന്നും വീട് നിര്‍മിക്കാനായി ഇവര്‍ വായ്പ എടുത്തിരുന്നു. 15 വര്‍ഷം മുമ്പ് 5 ലക്ഷം രൂപയാണ് വായ്പ എടുത്തത്. എട്ട് ലക്ഷത്തിലധികം തുക തിരിച്ചടച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. എന്നിട്ടും വായ്പാ തുക പലിശ സഹിതം ഇപ്പോള്‍ ആറ് ലക്ഷത്തിഎണ്‍പതിനായിരം രൂപയായിരിക്കുന്നു. വൈഷ്ണവിയുടെ പിതാവിന് വിദേശത്ത് ജോലിയുണ്ടായിരുന്നു. ആ ജോലി നഷ്ടപ്പെട്ടതോടെ കുടുംബം ആകെ സാമ്പത്തിക പ്രതിസന്ധിയിലായി. ജപ്തി നോട്ടീസ് ലഭിച്ചത് മുതല്‍ അമ്മയും മകളും വലിയ മാനസിക പ്രയാസത്തിലായിരുന്നു എന്നാണ് നാട്ടുകാരും ബന്ധുക്കളും പറയുന്നത്. ഭൂമി വിറ്റ് വായ്പ തിരിച്ചടയ്ക്കാന്‍ ശ്രമിച്ചെങ്കിലും അതും പരാജയപ്പെട്ടതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.
ഇടപാടുകാരുടെ ആത്മഹത്യകള്‍ തുടര്‍ക്കഥ ആകുമ്പോഴും നോട്ടീസും ജപ്തി ഭീഷണിയുമായി ശ്വാസം വിടാനനുവദിക്കാതെ വീടുകള്‍ കയറിയിറങ്ങുകയാണ് ചില ബാങ്ക് അധികൃതര്‍. കടുത്ത സാമ്പത്തിക മുരടിപ്പിനെ തുടര്‍ന്നുള്ള പ്രതിസന്ധിയും തുടരുന്ന കാര്‍ഷിക വിലയിടിവും സാധാരണ ജനങ്ങളെ നിലയില്ലാക്കയത്തിലാക്കിയിരിക്കുകയാണ്. കൂനിന്മേല്‍ കുരുവായി വന്നുവിഴുങ്ങിയ പ്രളയവും. എല്ലാറ്റിന്റെയും ഫലമായി വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുമ്പോഴാണ് ഭീഷണിയും നോട്ടീസുമായി ബാങ്ക് അധികൃതര്‍ എത്തുന്നത്.
കാര്‍ഷിക വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്കു സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രേഖാമൂലം അറിയിപ്പു ലഭിച്ചിട്ടില്ലെന്ന കാരണത്താല്‍ ഇത്തരം വായ്പകള്‍ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിക്കുന്ന ബാങ്കുകളുമുണ്ട്. കര്‍ഷകര്‍ എടുത്തിരിക്കുന്നതില്‍ ഭൂരിഭാഗവും കാര്‍ഷികേതര വായ്പകള്‍ ആണെന്നതാണ് നിയമ നടപടികളുമായി മുന്നോട്ടു പോകാന്‍ ബാങ്ക് അധികൃതരെ പ്രേരിപ്പിക്കുന്നത്.
ഭവനവായ്പ ആണെങ്കിലും ജപ്തി നടപടികള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ചാണ് നെയ്യാറ്റിന്‍കരയില്‍ കാനറാ ബാങ്ക് തിരിച്ചടവിനായി കടുത്ത സമ്മര്‍ദ്ദം ചെലുത്തിയത്. പ്രളയപശ്ചാത്തലത്തില്‍ എല്ലാ തരം വായ്പകളിലും തിരിച്ചടവിന് സാവകാശം നല്‍കണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യം. പല ബാങ്കുകളും ഇത് പാലിക്കുന്നില്ലെന്ന പരാതി സജീവമായി തുടരുന്നതിനിടെയാണ് നെയ്യാറ്റിന്‍കരയിലെ ദാരുണ സംഭവം. സംഭവത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യുമന്ത്രി ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്കിന്റെ നടപടിയെ വിമര്‍ശിച്ച ധനമന്ത്രി ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നും വ്യക്തമാക്കി. സംഭവത്തില്‍ ബാങ്ക് മാനേജര്‍ക്കെതിരെ കേസെടുത്ത് പൊലീസ് നടപടികള്‍ ആരംഭിച്ചു.
എന്നാല്‍ ഒരു തരത്തിലും ജപ്തി നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ലെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കുടുംബം എടുത്തത് ഭവന വായ്പയാണെന്നും തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് കോടതിയില്‍ കേസ് കൊടുത്തിരുന്നു എന്നുമാണ് കാനറാ ബാങ്ക് നെയ്യാറ്റിന്‍കര ശാഖയുടെ വിശദീകരണം. വായ്പ തിരിച്ചടവിന് കുടുംബം കൂടുതല്‍ സമയം ചോദിച്ചിരുന്നെന്നും അനുവദിച്ച സമയം ഇന്നലെ അവസാനിച്ചു എന്നും ബാങ്ക് വിശദീകരിക്കുന്നു.
ബാങ്കുകളുടെ വാദങ്ങള്‍ എന്തുതന്നെ ആയാലും കോര്‍പ്പറേറ്റുകള്‍ക്കും വന്‍കിടക്കാര്‍ക്കും യഥേഷ്ടം വായ്പകളും വായ്പായിളവുകളും പ്രഖ്യാപിക്കുന്ന പൊതുമേഖലാ ബാങ്കുകള്‍ സാധാരണക്കാരന് പൂര്‍ണമായി അപ്രാപ്യമായി മാറുന്നു എന്നത് രാജ്യത്തെ യാഥാര്‍ഥ്യമാണ്. നെയ്യാറ്റിന്‍കരയില്‍ ബാങ്ക് മാനേജരുടെ തുടര്‍ച്ചയായുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഈ ദാരുണസംഭവം ഉണ്ടായത് എന്നതാണ് പ്രഥമദൃഷ്ട്യായുള്ള ബോധ്യം. ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് മാനേജര്‍ക്കും കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തണം. ബാങ്ക് മാനേജരുടെയോ ബാങ്ക് അധികൃതരുടെയോ ഭാഗത്തുനിന്ന് അതിരുകടന്ന പ്രവര്‍ത്തനമുണ്ടായിട്ടുണ്ടെങ്കില്‍ അവരെയും പ്രതിചേര്‍ക്കണം. ഇനിയൊരു സംഭവം ആവര്‍ത്തിക്കാത്തവിധം മാതൃകാപരമായ നിയമനടപടികള്‍ സ്വീകരിക്കണം. കടബാധ്യതയില്‍ കുടുങ്ങിയിരിക്കുന്ന സാധാരണക്കാരനെ ജീവിതത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കേരളത്തില്‍ ഇടതുസര്‍ക്കാര്‍ പരിശ്രമിക്കുമ്പോള്‍ ജനകീയ ഭരണകൂടത്തിനൊപ്പം ചേര്‍ന്നു നില്‍ക്കണമെന്ന ബോധ്യം ബാങ്കുകള്‍ക്ക് കൈമോശം വന്നുകൂടാ. ജനകീയ ബാങ്കിംഗിന്റെ നല്ല മാതൃകകള്‍ പഴങ്കഥകളായി പൂട്ടുള്ള അറകളില്‍ ശാശ്വതമായി ഉറങ്ങുന്ന സ്ഥിതിയുമുണ്ടാകരുത്.