റിട്ടയേർഡ് ബാങ്ക് മാനേജര്‍ പൊലിസുകാരനായ ബന്ധുവിന്റെ കുത്തേറ്റു മരിച്ചു

Web Desk
Posted on November 17, 2018, 3:51 pm

കാസര്‍കോട്: റിട്ടയേർഡ് ബാങ്ക് മാനേജര്‍ കുത്തേറ്റ് മരിച്ചു. റിട്ട.ജില്ലാ സഹകരണ ബാങ്ക് മാനേജറും കാറഡുക്ക  ശാന്തിനഗര്‍ സ്വദേശിയുമായ ഇടയില്ലം മാധവന്‍ നായരാണ്(68) മരിച്ചത്. പ്രതി ഭാര്യാസഹോദരിയുടെ മകനും കാസര്‍കോട് ടൗണ്‍ സ്‌റ്റേഷനിലെ പൊലിസുകാരനുമായ ശ്യാം(36) ഒളിവില്‍പോയി.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മാധവന്റെ പന്ത്രണ്ടാം മൈലിലെ വീട്ടില്‍ വച്ചാണ് കുത്തേറ്റത്. സ്വത്തുമായി ബന്ധപ്പെട്ട് നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഉച്ചയ്ക്ക് മാധവന്റെ വീട്ടിലെത്തിയ ശ്യാം വാതിൽ തള്ളിത്തുറന്ന് കുത്തുകയായിരുന്നു. നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ മാധവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. മൃതദേഹം ചെങ്കള നാലാം മൈലിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കാസര്‍കോട് ജില്ലാ ബാങ്കില്‍ നിന്നും വിരമിച്ച ഇദ്ദേഹം ദീര്‍ഘകാലം ജില്ലാ ബാങ്ക് ഡയറക്ടറുമായിരുന്നു.  പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.