28 March 2024, Thursday

Related news

March 28, 2024
March 27, 2024
March 24, 2024
March 24, 2024
March 23, 2024
March 22, 2024
March 21, 2024
March 19, 2024
March 17, 2024
March 15, 2024

കശ്മീരില്‍ ബാങ്ക് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ചു കൊന്നു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ കൊലപാതകം

Janayugom Webdesk
ശ്രീനഗര്‍
June 2, 2022 1:39 pm

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ ബാങ്ക് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവച്ചു കൊന്നു. ഇലാഖാഹി ദേഹത്തി ബാങ്കിലെ അരേഹ് ശാഖാ ബാങ്ക് മാനേജര്‍ വിജയ് കുമാര്‍ ആണ് കൊല്ലപ്പെട്ടത്. ബാങ്കിലെത്തിയ ഭീകരന്‍ വിജയ് കുമാറിനു നേരെ നിറയൊഴിക്കുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റ കുമാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രണ്ടു പേരാണ് ആക്രമണത്തില്‍ പങ്കെടുത്തതെന്നാണ് സൂചന. ബാങ്കിലെത്തിയ ഭീകരര്‍ അവിടെ പരിഭ്രാന്തി സൃഷ്ടിക്കുകയും കുമാറിനെ ലക്ഷ്യംവച്ച് വെടിയുതിര്‍ക്കുകയുമായിരുന്നു. രാജസ്ഥാനിലെ ഹനുമാന്‍ഗഢ് സ്വദേശിയായ കുമാര്‍ നാലുദിവസം മുമ്പാണ് ഗുല്‍ഗാമില്‍ ജോലിയില്‍ പ്രവേശിച്ചത്.

മൂന്ന് ദിവസത്തിനിടെ സാധാരണക്കാരെ ലക്ഷ്യംവച്ച് രണ്ടാമത്തെയും ഒരു മാസത്തിനിടെ അഞ്ചാമത്തെയും ആക്രമണമാണ് കശ്മീരില്‍ നടക്കുന്നത്. രണ്ടു ദിവസം മുമ്പ് ഹിന്ദു വിഭാഗത്തില്‍പ്പെടുന്ന അധ്യാപികയെ സ്കൂളില്‍ കയറി കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുംമുമ്പായിരുന്നു അടുത്ത ആക്രമണം.

കഴിഞ്ഞ മാസം 12നാണ് ബുദ്ഗാമില്‍ തഹിസില്‍ദാര്‍ ഓഫീസിലെ ജീവനക്കാരനായ രാഹുല്‍ ഭട്ട് കൊല്ലപ്പെട്ടത്. ഓഫീസിലെത്തിയ ഭീകരര്‍ രാഹുലിനെ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. ടെലിവിഷന്‍ താരവും ഗായികയുമായ അമ്രീന്‍ ഭട്ട്, ബാരമുള്ള സ്വദേശിയായ രഞ്ജിത്ത് സിങ് എന്നിവരും ഇക്കാലയളവില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരസംഘടനയായ കശ്മീര്‍ ഫ്രീഡം ഫൈറ്റേഴ്സ് രംഗത്തെത്തി. ഇത് കശ്മീരിനെ മാറ്റാന്‍ ശ്രമിക്കുന്നവർക്കുള്ള മുന്നറിയിപ്പാണെന്ന് സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വാക്ക് കേട്ട് കശ്മീരില്‍ വന്ന് താമസിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലുള്ളവർ മൂഢസ്വർഗത്തിലാണെന്നും പ്രസ്താവനയിലുണ്ട്.

കഴിഞ്ഞ മാസം ജമ്മു കശ്മീരിലെ കത്രയില്‍ തീർത്ഥാടകർ സഞ്ചരിച്ച ബസ് കത്തിച്ച് നാല് പേർ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തവും ഇതേ സംഘടന ഏറ്റെടുത്തിരുന്നു. അതിനിടെ ഷോപ്പിയാനിലുണ്ടായ സ്ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

ഭീകര സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പരിശോധനയ്ക്കായി സ്വകാര്യ വാഹനത്തില്‍ പോകുമ്പോഴായിരുന്നു സ്ഫോടനം. വാഹനത്തിലുണ്ടായിരുന്ന സ്ഫോടക വസ്തുവോ ബാറ്ററിയോ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സൈന്യത്തിന്റെ പ്രാഥമിക നിഗമനം.

കശ്മീരി പണ്ഡിറ്റുകള്‍ പ്രതിഷേധിച്ചു

ശ്രീനഗര്‍: കുല്‍ഗാം കൊലപാതകത്തിനു പിന്നാലെ സ്വന്തം നാടുകളിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ട് ജമ്മുവില്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധ പ്രകടനം നടത്തി. കശ്മീരി പണ്ഡിറ്റുകളെ ലക്ഷ്യം വച്ചുള്ള കൊലപാതകങ്ങളില്‍ ദിവസങ്ങളോളമായി ജമ്മു കശ്മീരില്‍ വന്‍ പ്രതിഷേധം തുടരുകയാണ്.

സാധാരക്കാരെ ലക്ഷ്യംവച്ചുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്ങും പങ്കെടുത്തു.

Eng­lish Summary:Bank man­ag­er shot dead in Kashmir

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.