Saturday
14 Dec 2019

ജീവനക്കാർക്ക് നൽകിയ ഉറപ്പ് പാഴായി: ബാങ്ക് ഓഫ് ബറോഡ നിരവധി ശാഖകൾ അടച്ചുപൂട്ടുന്നു

By: Web Desk | Sunday 3 November 2019 7:27 PM IST


Bank of Baroda

ഷാജി ഇടപ്പള്ളി

കൊച്ചി: പൊതുമേഖലാ ബാങ്കുകളായ വിജയ ബാങ്ക്, ദേനാ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെ ലയനത്തോടനുബന്ധിച്ച് ജീവനക്കാർക്ക് നൽകിയ ഉറപ്പ് അധികൃതർ ലംഘിക്കുന്നു. സംസ്ഥാനത്തെ 20 ഓളം ബാങ്ക് ശാഖകൾ അടച്ചുപൂട്ടുന്നതിനുള്ള നടപടികളാണ് നടന്നുവരുന്നത്. ഇതുപോലെ രാജ്യത്തുടനീളം ശാഖകൾ പൂട്ടുന്നതിനുള്ള നടപടികളാണ് നടക്കുന്നത്. ഓരോ പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന ബറോഡ, ദേന, വിജയ ബാങ്കുകളുടെ ശാഖകളിൽ ഏതെങ്കിലും ഒരെണ്ണം നിലനിർത്തി ബാക്കി ശാഖകൾ ഈ മാസം 30 നുള്ളിൽ അതിലേക്ക് “കോ ലൊക്കേറ്റ് ” ചെയ്യണമെന്നുള്ള നിർദേശം പല ശാഖകളിലും ഇതിനകം എത്തിത്തുടങ്ങി. കൃത്യമായ വിവരം അധികൃതർ ഇനിയും പുറത്തുവിട്ടിട്ടില്ല. ലയന സന്ദർഭത്തിൽ ജീവനക്കാരുടെ സംഘടനകളുമായി നടത്തിയ ചർച്ചകളിൽ ഏപ്രിൽ ഒന്നിന് നിലവിലുള്ള ശാഖകൾ അതുപോലെ നിലനിർത്തുമെന്നാണ് മാനേജ്മന്റ് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇപ്പോൾ ഉത്തരവിറങ്ങിയിട്ടുള്ളതെന്ന് തൊഴിലാളി സംഘടനാ നേതാക്കൾ ആരോപിക്കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലയന ശേഷം 2500 ലേറെ ശാഖകൾ പൂട്ടിയതിന് സമാനമായി ബാങ്ക് ഓഫ് ബറോഡയിലും ലാഭകരമല്ലാത്ത ശാഖകളും പ്രദേശങ്ങളിൽ ഒന്നിലേറെയുള്ള ബാങ്ക് ശാഖകളും പൂട്ടുന്നതിനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ലയന സന്ദർഭത്തിൽ പറഞ്ഞിരുന്നത് ശാഖകൾ അടച്ചുപൂട്ടില്ലെന്നും സൗകര്യപ്രദമായ സ്ഥലം കണ്ടെത്തി മാറ്റി സ്ഥാപിക്കുമെന്നായിരുന്നു. എന്നാൽ അത് പാലിക്കാൻ തയ്യാറാകാതെ അടച്ചുപൂട്ടലിനൊരുങ്ങുന്ന മാനേജ്മന്റ് നടപടികൾക്കെതിരെ ജീവനക്കാർ പ്രക്ഷോഭത്തിലാണ്. കേരളത്തിന്റെ സ്വന്തം ബാങ്കായിരുന്ന എസ് ബി ടി യടക്കം അഞ്ചു അസോസിയേറ്റ് ബാങ്കുകളെ എസ് ബി യിൽ ലയിപ്പിച്ചപ്പോൾ കേന്ദ്ര സർക്കാർ പറഞ്ഞത് ജനകീയ ബാങ്കിങ് ശക്തിപ്പെടുമെന്നായിരുന്നു. എന്നാൽ പൂർണമായും ഇടപാടുകാരെ പലവിധ ചാർജുകളുടെ പേരിൽ കൊള്ളയടിക്കുന്ന അനുഭവമാണ് ഉണ്ടായത്. ഇതിന് സമാനമായ രീതിയിൽ തന്നെയാണ് എല്ലാ ഇടപാടുകൾക്കും ബാങ്ക് ഓഫ് ബറോഡയും ഇപ്പോൾ ചാർജ് ഈടാക്കുന്നത്. ഒരു ലക്ഷം രൂപവരെയുള്ള ഇടപാടുകൾ ബാങ്ക് ഓഫ് ബറോഡയിൽ സൗജന്യമായി ചെയ്യാമായിരുന്നു. ലയനത്തോടെ ഈ സൗകര്യം ഇല്ലാതായി.

ഓൺലൈൻ ഇടപാടുകൾക്കും നെഫ്ട് ഇടപാടുകൾക്കും അഞ്ചു തവണയിൽ കൂടുതൽ പണം നിക്ഷേപിച്ചാലും പിൻവലിച്ചാലും ചാർജ്ജ് ഏർപ്പെടുത്തി. ഇതുമൂലം ഇടപാടുകാർക്ക് കൂടുതൽ ദുരിതമാണ് ലയനത്തിലൂടെ ഉണ്ടായിട്ടുള്ളത്.
ബാങ്ക് ഓഫ് ബറോഡക്ക് 5, 502 ശാഖകളും വിജയ ബാങ്കിന് 2, 129 ശാഖകളും ദേന ബാങ്കിന് 1, 858 ശാഖകളുമാണുള്ളത്. ഇതിൽ ഒരേ നഗരത്തിലുള്ള ശാഖകൾ ക്രമേണ നിർത്തലാക്കി ഒരു ശാഖയാക്കാനാണ് ശ്രമം. ജീവനക്കാരുടെ സ്ഥലം മാറ്റവും പുനർവിന്യാസവും മാനദണ്ഡങ്ങൾ പാലിക്കാതെയും സൗകര്യങ്ങൾ കണക്കിലെടുക്കാതെയുമാണ് ചെയ്യുന്നതെന്നും ആക്ഷേപമുണ്ട്. ബാങ്കിന്റെ ഓഹരി ജീവനക്കാർക്ക് വില്പന നടത്തുന്നുണ്ട്. ഇത് ഭാവിയിൽ ബാങ്കിന്റ സ്വകാര്യവത്കരണത്തിന് ആക്കം കൂട്ടും.