18 July 2024, Thursday
KSFE Galaxy Chits Banner 2

ബാങ്ക് സ്വകാര്യവല്‍ക്കരണം സാമ്പത്തിക സ്വാതന്ത്ര്യത്തെ തകർക്കും

അന്ധവും അനന്തവുമായ ബാങ്ക് സ്വകാര്യവല്‍ക്കരണ പരിപാടിക്കെതിരെ യുഎഫ് ബിയു ആഭിമുഖ്യത്തിൽ നാളെ പാർലമെന്റ് ധർണ
Janayugom Webdesk
July 20, 2022 5:15 am

(ദേശീയ ജോയിന്റ് സെക്രട്ടറി,എഐബിഇഎ)

ന്ത്യയിലെ പൊതുമേഖലാ ബാങ്ക് സംരക്ഷണപ്പോരാട്ടം കൂടുതൽ ശക്തമാക്കുകയാണ് ഓൾ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷ (എഐബിഇഎ)നടക്കമുള്ള ബാങ്ക് യൂണിയനുകൾ. എൻഡിഎ സർക്കാരിന്റെ അന്ധവും അനന്തവുമായ ബാങ്ക് സ്വകാര്യവല്ക്കരണ പരിപാടിക്കെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസി(യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തിൽ നാളെ പാർലമെന്റിന് മുന്നില്‍ ധർണ നടക്കും.
പുത്തൻ സാമ്പത്തിക നയങ്ങളുടെ ഭാഗമായി ബാങ്കിങ് മേഖലാ സ്വകാര്യവല്ക്കരണത്തിന് പദ്ധതികളും പരിപാടികളും തയാറാക്കപ്പെട്ട 1991 മുതൽ തന്നെ ആ നയത്തിന്റെ സാമൂഹ്യ‑വികസന — ക്ഷേമവിരുദ്ധത ജനങ്ങളുടെയും ഭരണാധികാരികളുടെയും ജനപ്രതിനിധികളുടെയും മാധ്യമങ്ങളുടെയുമെല്ലാം സമക്ഷമവതരിപ്പിച്ച് ബോധവല്ക്കരണ സമര- പ്രചരണ പരിപാടികളുമായി എഐബിഇഎ മുന്നേറി. മുപ്പതു വർഷം പിന്നിടുമ്പോൾ ജനവിരുദ്ധ ബാങ്കിങ് നയങ്ങൾക്കെതിരെ 52 പണിമുടക്കുകളാണ് എഐബിഇഎ നടത്തിയത്.
1946ൽ സ്ഥാപിതമായതു മുതൽ ബാങ്കുകളുടെ സർക്കാർ ഉടമസ്ഥതയും നിയന്ത്രണവുമെന്ന ആവശ്യം എഐബിഇഎ ഉന്നയിച്ചിരുന്നു. 1955ലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രൂപീകരണവും 1960ലെ പ്രിൻസ്‌ലി സ്റ്റേറ്റ് ബാങ്കുകളെ എസ്ബിഐയുടെ ഉടമസ്ഥതയിലാക്കിയതും സ്വതന്ത്ര ഇന്ത്യയുടെ പുരോഗതിക്ക് ബാങ്കുകൾ സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലും ക്ഷേമ‑വികസനനയ പരിധിയിലുമുണ്ടാകണമെന്ന പൊതുതാല്പര്യത്തിന്റെയും ചിന്തകളുടെയും അടിസ്ഥാനത്തിലായിരുന്നു.


ഇതുകൂടി വായിക്കൂ: ലോകബാങ്കിനും മോഡി സര്‍ക്കാരിനും ഒരേ സ്വരം


എന്നാൽ രാജ്യത്തിന്റെ ജനസംഖ്യയും വിസ്തൃതിയും കണക്കിലെടുക്കുമ്പോൾ ഇത്തരം പരിമിതമായ സർക്കാർ- ബാങ്കിങ് സ്ഥാപനങ്ങൾക്ക് മാത്രമായി ലക്ഷ്യങ്ങൾ നിറവേറ്റുവാൻ കഴിയാതെവരുമെന്ന് വിലയിരുത്തപ്പെട്ടു. സമ്പദ്ഘടനയുടെ ഉയർച്ചയ്ക്ക് ബാങ്കിങ് മേഖലയുടെ ബഹുഭൂരിഭാഗ‑ഉടമസ്ഥത സർക്കാരിലാകണമെന്ന ആശയത്തിന് പിന്തുണയേറി. കൃഷിക്കാരും ചെറുകിട വ്യാപാരികളും ചെറുകിട വ്യവസായ സംരംഭകരും വായ്പകൾക്ക് അർഹരാണ് എന്ന ചിന്തപോലും പുലർത്താത്തവരായിരുന്നു അന്നത്തെ ബാങ്കുടമകൾ. സ്വാർത്ഥലാഭമായിരുന്നു അവരെ നയിച്ചത്. സമൂഹ നന്മയെന്നത് അവരുടെ പരിപ്രേക്ഷ്യങ്ങളിലില്ലായിരുന്നു. 1964 ൽ തിരുവനന്തപുരത്തു ചേർന്ന എഐബിഇഎ ദേശീയ സമ്മേളനം സമഗ്രവും സമ്പൂർണവുമായ ദേശവല്ക്കരണമെന്ന ആവശ്യം മുൻനിർത്തി പ്രക്ഷോഭ പരിപാടികൾ തീരുമാനിച്ചിരുന്നു.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്പൂർണ ദേശവല്ക്കരണമെന്ന ആശയവും ആവശ്യവുമാണ് മുന്നോട്ടുവച്ചത്. അതേസമയം കോൺഗ്രസിനകത്ത് സാമൂഹ്യ നിയന്ത്രണം മാത്രം മതിയാകുമെന്ന ചിന്തയുണ്ടായി. അതിനെ എതിർത്ത് 1969ലെ എഐസിസി ബംഗളുരു സമ്മേളനത്തിൽ സമ്പൂർണ ദേശവല്ക്കരണമെന്ന പ്രമേയവും വന്നു. അന്ന് കോൺഗ്രസ് പാർട്ടിയിലുണ്ടായ പിളർപ്പിൽ ബാങ്ക് ദേശവല്ക്കരണമെന്ന ആശയം പ്രധാന വിഷയമായി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ദേശവല്ക്കരണത്തിന്റെ വക്താവായി നിലകൊണ്ടു. 1969 ജൂലൈ 19 ന് ബാങ്ക് ദേശവല്ക്കരണ ഓർഡിനൻസ് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു.


ഇതുകൂടി വായിക്കൂ: റയില്‍വേയില്‍ സ്വകാര്യവല്‍ക്കരണ ചൂളംവിളി


സ്വതന്ത്ര ഭാരതത്തിലെ വിപ്ലവാത്മക പരിഷ്ക്കാരം തന്നെയാണ് 1969ൽ പതിനാലു ബാങ്കുകളുടെ ദേശസാല്ക്കരണം. പിന്നീട് 1980ല്‍ ആറു ബാങ്കുകളെ കൂടി ദേശസാല്ക്കരിച്ചു. കൃഷി, ചെറുകിട വ്യവസായം, കച്ചവടം, സ്വയംതൊഴിൽ തുടങ്ങിയ മേഖലകളിൽ ബാങ്കുകൾ പ്രവേശിച്ചത് ദേശസാല്ക്കരണത്തെ തുടർന്നാണ്. ഗ്രാമപ്രദേശങ്ങളിലേക്ക് ബാങ്ക് ശാഖകൾ വ്യാപിച്ചു. പഞ്ചവത്സര പദ്ധതികളിലും ഹരിത — ധവളവിപ്ലവ — ഗ്രാമവികസന പദ്ധതികളിലുമെല്ലാം ദേശസാല്കൃത ബാങ്കുകൾ സക്രിയ പങ്കാളികളായി. അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലും സൂക്ഷ്മ — ചെറുകിട‑ഇടത്തരം വ്യവസായങ്ങൾക്കും പൊതുമേഖലാ ബാങ്കുകൾ തുണയായി നിന്നു.
നവലിബറൽ സാമ്പത്തിക നയങ്ങളുടെ മറയിൽ ബാങ്ക് സ്വകാര്യവല്ക്കരണമെന്ന ആശയം 1991 മുതൽ വിവിധ കമ്മിറ്റികളുടെ റിപ്പോർട്ടുകളായും ബാങ്കിങ് — ധനകാര്യ വിദഗ്ധരുടെ ലേഖനങ്ങളായും പൊതുപ്രതലത്തിലുണ്ട്. നരസിംഹം കമ്മിറ്റി മുതൽ സർക്കാരും റിസർവ് ബാങ്കും നിയമിച്ച അനേകം കമ്മിറ്റികൾ ബാങ്കുകളിലെ സർക്കാർ ഉടമസ്ഥതയ്ക്കെതിരെ സ്വകാര്യവല്ക്കരണം ശുപാർശ ചെയ്തു. ഉല്പാദനക്ഷമത, കാര്യക്ഷമത, ലാഭം തുടങ്ങിയവയ്ക്ക് കേവലം വാണിജ്യപരമായ വ്യാഖ്യാനങ്ങൾ നൽകുകയും സാമൂഹ്യ ക്ഷേമ — വികസന ലക്ഷ്യങ്ങൾ ബാങ്കുകൾക്കുണ്ടാകേണ്ടതില്ല എന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുമാണ് ഇത്തരം റിപ്പോർട്ടുകൾ എഴുതപ്പെട്ടത്. വ്യവസായങ്ങൾ ഗവണ്മന്റുകൾ നേരിട്ട് നടത്തേണ്ടതല്ല എന്ന നവലിബറൽ നയമാണ് ഇതിലൊക്കെ പ്രതിഫലിച്ചത്.
1994ൽ പി വി നരസിംഹറാവു പ്രധാനമന്ത്രിയും ഡോ. മൻമോഹൻ സിങ് ധനമന്ത്രിയുമായിരുന്ന കേന്ദ്ര സർക്കാർ 1969–70ലെ ബാങ്ക് ദേശസാല്ക്കരണ നിയമം ഭേദഗതി ചെയ്തു. ബാങ്കുകളുടെ ഓഹരി-ഉടമസ്ഥത സമ്പൂർണമായും കേന്ദ്ര സർക്കാരിൽ നിക്ഷിപ്തമെന്ന വകുപ്പ് മാറ്റി 49 ശതമാനം വരെ ഓഹരികൾ വിപണിയിൽ വില്ക്കാമെന്ന സാഹചര്യമാണ് ഈ ഭേദഗതിയിലൂടെ സൃഷ്ടിച്ചത്. തുടർന്ന് പല ബാങ്കുകളും ഓഹരി വില്പന നടത്തി സർക്കാർ ഉടമസ്ഥത കുറച്ചു. വിവിധ ബാങ്കുകളിൽ പണിമുടക്കി എഐബിഇഎ പ്രതിഷേധിച്ചു.
രണ്ടായിരമാണ്ടിൽ അടൽ ബിഹാരി വാജ്പേയി സർക്കാർ, ബാങ്കുകളിലെ സർക്കാർ ഉടമസ്ഥത 33 ശതമാനമാക്കുവാനുള്ള ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചു. വലിയ എതിർപ്പുകൾ രാഷ്ടീയ പാർട്ടികളും ബാങ്ക് യൂണിയനുകളടക്കമുള്ള ട്രേഡ് യൂണിയനുകൾ ഉയർത്തി. ആ ബിൽ കാലഹരണപ്പെട്ടു.


ഇതുകൂടി വായിക്കൂ: എൽഐസിയും സ്വകാര്യവല്‍ക്കരിക്കുമ്പോള്‍


2004ൽ യുപിഎ സർക്കാർ അധികാരമേൽക്കുമ്പോൾ ഭരണത്തെ പിന്തുണച്ച പാർട്ടികൾ മുന്നോട്ടുവച്ച് തയാറാക്കിയ പൊതുമിനിമം പരിപാടിയിൽ ബാങ്ക് ഓഹരികളുടെ 51 ശതമാനം ഏതു സാഹചര്യത്തിലും സർക്കാർ തന്നെ കൈവശം വയ്ക്കുമെന്ന ഉറപ്പാണ് നൽകിയത്. യുപിഎ ഒന്ന്, രണ്ട് സർക്കാരുകൾ ഇത് പാലിച്ചു.
സ്വദേശിയടക്കമുള്ള മുദ്രാവാക്യങ്ങളുയർത്തി 2014ൽ അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ സ്വകാര്യ — വിദേശവല്ക്കരണ പാതയാണ് അവലംബിച്ചത്. 2019‑ൽ ഈ നയങ്ങൾക്ക് വേഗത കൂട്ടി. 26 ശതമാനം മാത്രം കയ്യിൽ വച്ച് ബാക്കി ഓഹരികൾ വില്ക്കാനും അല്ലെങ്കിൽ മുഴുവൻ ഓഹരികളും വില്ക്കാൻ പര്യാപ്തമാകുന്ന നിയമ ഭേദഗതിക്കാണ് ഇന്നത്തെ കേന്ദ്ര സർക്കാർ ഉദ്യമിക്കുന്നത്. പൊതുമേഖലയിൽ സ്വകാര്യവല്ക്കരണം, സമ്പൂർണ വില്ക്കൽ, സബ്സിഡിയറിയാക്കൽ, അടച്ചുപൂട്ടൽ എന്നിവയാണ് ലക്ഷ്യംവയ്ക്കുന്നത്.
പൊതുമേഖലാ ബാങ്കുകൾ കാര്യക്ഷമമല്ല, ഉല്പാദനക്ഷമത കുറവ്, ലാഭക്ഷമത ഇല്ല എന്നിങ്ങനെയുള്ള തർക്കങ്ങളുയർത്തിയും ബാങ്കുകൾക്ക് ഇനിമേൽ മൂലധനം നൽകുവാൻ സർക്കാരിന് കഴിയില്ല എന്ന പ്രശ്നമുയർത്തിയുമുള്ള വാസ്തവ വിരുദ്ധ വാദങ്ങളാണ് ഇന്നത്തെ ഭരണാധികാരികളും അവരെ ന്യായീകരിക്കുന്ന നയവിദഗ്ധരുമെല്ലാം നിരത്തുന്നത്.
2022 മാർച്ച് 31 ലെ കണക്കനുസരിച്ച് പന്ത്രണ്ട് പൊതുമേഖലാ ബാങ്കുകളുടെ 86,221 ശാഖകൾ രാജ്യത്ത് പ്രവർത്തിക്കുന്നു. 109 ലക്ഷം കോടി രൂപ നിക്ഷേപങ്ങളും 71 ലക്ഷം കോടി രൂപ വായ്പകളും 36 ലക്ഷം കോടി രൂപ ഇൻവെസ്റ്റ്മെന്റുകളും പൊതുമേഖലാ ബാങ്കുകൾക്കുണ്ട്. ഇക്കാലമത്രയും പ്രവർത്തന ലാഭത്തോടെയാണ് ഈ ബാങ്കുകൾ മുന്നേറിയത്. അതേസമയം ചില വൻകിട കോർപറേറ്റുകൾക്ക് നൽകിയ വായ്പകൾ തിരിച്ചടവ് വീഴ്ച മൂലം കിട്ടാക്കടമായി മാറിയതിനാൽ അവയ്ക്കുവേണ്ടി വന്ന നീക്കിയിരുപ്പുകൾ മൂലം ബാങ്കുകളുടെ അറ്റാദായം കുറഞ്ഞു. കഴിഞ്ഞ ഏഴു വർഷക്കാലയളവിൽ എട്ടു ലക്ഷം കോടി രൂപ കിട്ടാക്കടങ്ങൾ എഴുതിത്തള്ളപ്പെട്ടു.
ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യത്ത് ഗ്രാമങ്ങളടക്കമുള്ള പ്രദേശങ്ങളിലെത്തി എല്ലാ വിഭാഗം ജനങ്ങൾക്കും നിക്ഷേപ — വായ്പാ സേവനങ്ങൾ ലഭ്യമാക്കുന്ന പൊതുമേഖലാ ബാങ്കുകളെ ഇകഴ്ത്തിക്കാണിക്കുന്നത് നിക്ഷിപ്ത താല്പര്യങ്ങളോടെയാണ്. ബൃഹത്തായ ബാങ്കിങ് വിഭവങ്ങളെ- നിക്ഷേപങ്ങളെ- കയ്യാളാനുള്ള മുതലാളിത്ത അത്യാഗ്രഹങ്ങളാണ് സ്വകാര്യവല്ക്കരണ സിദ്ധാന്തങ്ങളുടെയും പദ്ധതികളുടെയും പിന്നിൽ. ഈ സർക്കാരിന്റെ തന്നെ കാലഘട്ടത്തിലെ ജൻധൻ യോജന പ്രകാരമുള്ള ബാങ്ക് അക്കൗണ്ട് ആരംഭിക്കൽ, ഇൻഷുറൻസ് പദ്ധതി വ്യാപനം, മുദ്രാ ലോൺ വിന്യാസം എല്ലാം തന്നെ നിർവഹിക്കുന്നതും പൊതുമേഖലാ ബാങ്കുകൾ. കോവിഡ് കാലഘട്ടത്തിൽ സർക്കാർ നയ തീരുമാനപ്രകാരം നിരവധി മേഖലകൾക്ക് വായ്പാ സഹായങ്ങൾ നൽകിയത് പൊതുമേഖലാ ബാങ്കുകൾ തന്നെയാണെന്ന വസ്തുതപോലും ഇവര്‍ മറക്കുന്നു.


ഇതുകൂടി വായിക്കൂ: കടലിനും കരിമണലിനും പിന്നാലെ കാടും സ്വകാര്യമേഖലയ്ക്ക്


സ്ഥിതിസമത്വപ്രത്യയശാസ്ത്രത്തിനോടുള്ള അന്ധവും അനന്തവുമായ വിരോധവും സമ്പന്നവർഗ വിധേയത്വവുമാണ് കേന്ദ്ര സർക്കാരിന്റെ പൊതുമേഖലാ സ്വകാര്യവല്ക്കരണ സിദ്ധാന്തങ്ങളിൽ പ്രതിഫലിക്കുന്നത്. 2014 ഓഗസ്റ്റ് മുതൽ നടപ്പാക്കിയ പ്രധാനമന്ത്രി ജൻധൻ യോജന വഴി 45 കോടി ബാങ്ക് അക്കൗണ്ട് തുടങ്ങുകയും ഇതുവഴി സമ്പാദ്യമിച്ച ശീലം വർധിപ്പിക്കുവാനും കഴിഞ്ഞു. സർക്കാർ പദ്ധതികൾ പ്രകാരമുള്ള ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫറും അക്കൗണ്ടുകൾ വഴി നടപ്പാക്കി. തുടങ്ങിയ അക്കൗണ്ടുകളുടെ 97 ശതമാനവും പൊതുമേഖലാ ബാങ്കുകളിലാണ്. 2015 ഏപ്രിൽ മുതൽ ആരംഭിച്ച പ്രധാനമന്ത്രി മുദ്രാ യോജന പ്രകാരം 35 കോടി വായ്പാ അക്കൗണ്ട് ഉടമകൾക്കായി 20 ലക്ഷം കോടി രൂപ മുദ്രാ വായ്പകളായി നൽകി. ഒമ്പതു കോടി കർഷകർക്ക് പ്രയോജനം ലഭിക്കുംവിധം കിസാൻക്രെഡിറ്റ് കാർഡ് പദ്ധതി വ്യാപകമായി നടപ്പാക്കി കർഷകർക്ക് ചുരുങ്ങിയ പലിശയ്ക്ക് വായ്പകൾ നൽകി. ഇന്ററസ്റ്റ് സബ് വെൻഷൻ, പ്രോംപ്റ്റ് റീപേയ്മെന്റ് ഇൻസന്റീവ് നടപ്പാക്കി. പ്രധാനമന്ത്രി ജീവൻ ജ്യോതി / സുരക്ഷാ ഭീമാ യോജന പ്രകാരം കോടിക്കണക്കിനു ജനങ്ങൾക്ക് കുറഞ്ഞ പ്രീമിയം തുകയ്ക്ക് ഇൻഷുറൻസ് പരിരക്ഷ നൽകി. അടൽപെൻഷൻ യോജന എന്ന പേരിൽ സാമൂഹ്യ സുരക്ഷാപദ്ധതി നടപ്പാക്കുന്നതിലും പൊതുമേഖലാ ബാങ്കുകളാണ് മുന്നിൽ. ഈ പദ്ധതികളൊക്കെ നടപ്പാക്കുന്നതിൽ ബൃഹത്തായ പങ്കുവഹിക്കുന്നത് രാജ്യത്തെ പൊതുമേഖലാ ബാങ്കുകളാണ് എന്നത് ഭരണാധികാരികൾ മറക്കരുത്. ഈ ബാങ്കുകളുടെ ധന വിന്യാസശേഷിയും ശാഖാ ശൃംഖലകളും തൊഴിൽശക്തിയുമാണ് ഇത് സാധ്യമാക്കിയത്. ഇതിന് മൂലകാരണം സർക്കാർ ഉടമസ്ഥതയും ഭരണനിർവഹണ — നിയന്ത്രണങ്ങളും നയരൂപീകരണ സ്വാതന്ത്ര്യവുമാണ്. തല തിരിഞ്ഞതും ജനഹിത വിരുദ്ധവുമായ ബാങ്ക് സ്വകാര്യവല്ക്കരണ നയത്തിനെതിരെ ശക്തമായ എതിർപ്പ് ബാങ്ക് ഗുണഭോക്താക്കളിൽ നിന്നുമുയരണം. ബാങ്ക് യൂണിയനുകൾ തുടർ- പ്രചരണ ‑പ്രക്ഷോഭങ്ങളുമായി മുന്നോട്ട് നീങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.