Janayugom Online
പണിമുടക്കുന്ന ബാങ്ക് ജീവനക്കാര്‍ എറണാകുളം എം ജി റോഡിലെ യൂണിയന്‍ ബാങ്കിന് മുന്നില്‍ നടത്തുന്ന പ്രതിഷേധ ധര്‍ണ്ണ എഐബിഇഎ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍ ഉദ്ഘാടനം ചെയ്യുന്നു

ബാങ്ക് ലയനത്തിനെതിരെ ദേശീയ ബാങ്ക് പണിമുടക്ക് പൂര്‍ണ്ണം

Web Desk
Posted on October 22, 2019, 1:29 pm

ഷാജി ഇടപ്പള്ളി

കൊച്ചി: പൊതുമേഖലാ ബാങ്കുകളുടെ ലയനം നിര്‍ത്തിവയ്ക്കണമന്നാവശ്യപ്പെട്ട് ബാങ്ക് ജീവനക്കാര്‍ ഇന്ന് നടത്തുന്ന ദേശീയ പണിമുടക്ക് പൂര്‍ണ്ണം. ആള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. ജനവിരുദ്ധ ബാങ്കിങ്ങ് പരിഷ്‌കാരങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുക, കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കുക, മനപൂര്‍വം കുടിശ്ശിക വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കുക, സര്‍വീസ് ചാര്‍ജ് വര്‍ധനയും പിഴകളും പിന്‍വലിക്കുക, ബാങ്കുകളില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, ജീവനക്കാരുടെ തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്.

ബാങ്ക് ശാഖകളില്‍ ഓഫീസര്‍മാര്‍ എത്തി പലതും തുറന്നിട്ടുണ്ടെങ്കിലും ഇടപാടുകളൊന്നും നടക്കുന്നില്ല. പണിമുടക്കിയ ജീവനക്കാര്‍ ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാന ബാങ്കുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തുകയാണ്. എറണാകുളത്ത് എം ജി റോഡിലെ യൂണിയന്‍ ബാങ്കിന് മുന്നിലാണ് പ്രതിഷേധ ധര്‍ണ്ണ നടക്കുന്നത്. എ ഐ ബി ഇ എ സംസ്ഥാന ജനറല്‍ സെക്രട്ടറി സി ഡി ജോസണ്‍ ഉദ്ഘാടനം ചെയ്തു. ലയനം വഴി ഒറ്റയടിക്ക് ആറു ജനകീയ ബാങ്കുകള്‍ പൊതുമേഖല ബാങ്കുകളുടെ മാര്‍ക്കറ്റ് വിഹിതം കുറയ്ക്കാനാണ് വഴിയൊരുക്കുകയെന്നും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് യാതൊരു പരിഹാരവും ഇതുകൊണ്ടില്ലെന്നും ജോസണ്‍ പറഞ്ഞു.

പഴുതടച്ചുള്ള കര്‍ശന നിയമങ്ങളും അതിവേഗ കോടതിനടപടികളും വഴി വന്‍ കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കാനുള്ള ഇച്ഛാശക്തിയാണ് കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കണ്‍വീനര്‍ പി ആര്‍ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി ഇ എഫ് ഐ ജനറല്‍ സെക്രട്ടറി സി ജെ നന്ദകുമാര്‍, ജില്ലാ സെക്രട്ടറി കെ എസ് രമ, ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് വി പി ജോര്‍ജ്, ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.