ബാങ്കേഴ്‌സ് സമിതി നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളി: സിപിഐ

Web Desk
Posted on June 24, 2019, 10:30 pm

തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്ക് ഇടതു ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറട്ടോറിയം നീട്ടാനാവില്ലെന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ നിലപാട് കര്‍ഷകരോട് മാത്രമല്ല, സംസ്ഥാന സര്‍ക്കാരിനോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
കടുത്ത പ്രളയം മൂലം എല്ലാം നഷ്ടപ്പെട്ട കര്‍ഷകരെ സഹായിക്കാനാണ് കടങ്ങള്‍ക്ക് മൊറട്ടോറിയം ഡിസംബര്‍ 31 വരെ നീട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിച്ചത്. ബാങ്കേഴ്‌സ് സമിതിയുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം എടുത്തത്. ഈ വിഷയം ബാങ്കേഴ്‌സ് സമിതിയുമായി ചൊവ്വാഴ്ച ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഞായറാഴ്ച പത്ര പരസ്യം നല്‍കി കര്‍ഷകരെ ബാങ്കേഴ്‌സ് സമിതി ഭീഷണിപ്പെടുത്തിയത്.
സാധാരണ വായ്പകള്‍ അനുവദിക്കുമ്പോള്‍ വായ്പ എടുത്ത് ചെയ്യുന്ന പ്രവൃത്തി/പദ്ധതി പൂര്‍ത്തീകരിച്ച് അതില്‍നിന്ന് വരുമാനം ലഭിച്ച് തിരിച്ചടവ് തുടങ്ങുന്നതുവരെയാണ് മൊറട്ടോറിയം അനുവദിക്കുന്നതെന്ന് ബാങ്കേഴ്‌സ് സമിതി പരസ്യത്തില്‍ പറയുന്നു. വായ്പ എടുത്തശേഷം തിരിച്ചടവ് നടത്താന്‍ കഴിയാത്ത നിലയാണ് പ്രളയംമൂലം കര്‍ഷകര്‍ക്ക് ഉണ്ടായിരിക്കുന്നത്. പ്രളയത്തില്‍ നശിച്ച കൃഷിക്കുശേഷം കൃഷി നടത്തി വരുമാനം ഉണ്ടാകുന്നതേയുള്ളൂ. പ്രളയത്തിനുശേഷം കടുത്ത വരള്‍ച്ചയേയും കേരളം നേരിട്ടു. ദുരിതപൂര്‍ണമായ ഒരു ജീവിത സാഹചര്യമാണ് കേരളത്തിലെ കര്‍ഷകര്‍ ഇന്ന് നേരിടുന്നത്. അവരുടെമേല്‍ ജപ്തി ഭീഷണി മുഴക്കുന്നത് കര്‍ഷക വഞ്ചനയാണ്. ബാങ്കേഴ്‌സ് സമിതിയുടെ കര്‍ഷക വിരുദ്ധ നിലപാടിനെതിരെ കര്‍ഷകരുടെ മാത്രമല്ല പൊതുസമൂഹത്തിന്റെ ആകെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ എക്‌സിക്യൂട്ടീവ് പ്രമേയത്തില്‍ അഭ്യര്‍ത്ഥിച്ചു.
യോഗത്തില്‍ പി പി സുനീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കാനം രാജേന്ദ്രന്‍, ദേശീയ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മയില്‍ എന്നിവര്‍ പങ്കെടുത്തു.