ബാങ്കിംഗ് — ഇന്‍ഷ്വറന്‍സ് മേഖല പൊതുഉടമസ്ഥതയില്‍ തന്നെ തുടരണം: പന്ന്യന്‍ രവീന്ദ്രന്‍

Web Desk

തിരുവനന്തപുരം

Posted on July 14, 2018, 10:14 pm

രാജ്യത്തെ ബാങ്കിംഗ്-ഇന്‍ഷ്വറന്‍സ് മേഖല പൊതുഉടമസ്ഥതയില്‍ തന്നെ തുടരണമെന്ന് സിപിഐ ദേശീയ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. ആഭ്യന്തര ഉല്‍പാദനത്തിലും സമ്പാദ്യ‑നിക്ഷേപ പ്രക്രിയയിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പൊതുമേഖലാ ബാങ്കിംഗ് — ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളുടെ വിഭവസമാഹരണ‑വായ്പാ, നിക്ഷേപ വ്യത്യാസങ്ങള്‍ വികസനോന്മുഖമായി തുടരുവാന്‍ സര്‍ക്കാര്‍ ഉടമസ്ഥത, നിയന്ത്രണം, ഭരണ-നയരൂപീകരണങ്ങള്‍ അനിവാര്യമാണെന്നും പന്ന്യന്‍ പറഞ്ഞു.

കോര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ബാങ്ക് — ഇന്‍ഷ്വറന്‍സ് ‑ഫിനാന്‍സ് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്തെ രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഐബിഇഎ സംസ്ഥാന പ്രസിഡന്റ് അനിയന്‍ മാത്യു അധ്യക്ഷനായി. എഐബിഇഎ ജോയിന്റ് സെക്രട്ടറി കെ എസ് കൃഷ്ണ, ഐഎന്‍ടിയുസി ജനറല്‍ സെക്രട്ടറി വി ജെ ജോസഫ്, എഐടിയുസി ജില്ലാ സെക്രട്ടറി എം രാധാകൃഷ്ണന്‍ നായര്‍, എഐബിഇഎ അസിസ്റ്റന്റ് സെക്രട്ടറി എസ് സുരേഷ്‌കുമാര്‍, എഐബിഒഎ സെക്രട്ടറി എച്ച് വിനോദ്കുമാര്‍, ജിഐഇഎഐഎ പ്രസിഡന്റ് കെ രാമചന്ദ്രന്‍ നായര്‍, എഐഎല്‍ഐസി ഇഎഫ് ദേശീയ വൈസ് പ്രസിഡന്റ് ബി കൃഷ്ണമൂര്‍ത്തി, എന്‍ സി ഉണ്ണികൃഷ്ണന്‍ (ജിഐസി), എസ് ജയകല (എഐബിഒഎ), സി ഗോപിനാഥന്‍ നായര്‍ (ബാങ്ക് റിട്ടയേറീസ് ഫെഡറേഷന്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു.

ബാങ്കിംഗ്- ഇന്‍ഷ്വറന്‍സ് സ്വകാര്യവല്‍ക്കരണ നയം റദ്ദാക്കുക, വിദേശ ഓഹരി നിക്ഷേപം നിരോധിക്കുക, എഫ്ആര്‍ഡിഐ ബില്‍ പിന്‍വലിക്കുക, ആവശ്യാധിഷ്ഠിത നിയമനങ്ങള്‍ നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.