March 21, 2023 Tuesday

Related news

March 14, 2023
February 10, 2023
December 15, 2022
November 22, 2022
October 2, 2022
August 3, 2022
July 4, 2022
May 7, 2022
April 13, 2022
October 28, 2021

ബാങ്കിങ് മേഖല തകരുന്നു

സാമ്പത്തികകാര്യ ലേഖകൻ
ന്യൂഡൽഹി
March 10, 2020 10:40 pm

യെസ് ബാങ്കിന്റെ തകർച്ചയുടെ പരിണതഫലങ്ങൾ രാജ്യത്തെ ബാങ്കിങ് മേഖലയിൽ ആകെ പ്രകടമാകുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യൻ ബാങ്കുകളുടെ ഓഹരി വിലയിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. സ്വകാര്യ ബാങ്കുകളിൽ നിക്ഷേപകർക്കുള്ള വിശ്വാസം നഷ്ടപ്പെടുന്നതാണ് ഓഹരി മൂല്യം ഇടിയാനുള്ള കാരണമെന്ന് സാമ്പത്തികാര്യ അവലോകന സ്ഥാപനമായ മക്വാരിയുടെ മുഖ്യ സാമ്പത്തിക വിദഗ്ധൻ സുരേഷ് ഗണപതി പറയുന്നത്. യെസ് ബാങ്കിന്റെ തകർച്ചയ്ക്കുള്ള മുഖ്യകാരണം കിട്ടാക്കടം ഗണ്യമായി വർധിച്ചതാണെന്ന് ആർബിഐ റിപ്പോർട്ട് പരാമർശിച്ചിരുന്നു. ഇതേ തുടർന്ന് മറ്റ് സ്വകാര്യ ബാങ്കുകളിലെ നിക്ഷേപം ഗണ്യമായി പിൻവലിക്കുന്ന പ്രവണതയാണ് നിക്ഷേപകർ കാണിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് ഓഹരി വിപണിയിൽ ഉണ്ടായത്. വ്യാഴാഴ്ച്ചയാണ് യെസ് ബാങ്കിന്റെ നിയന്ത്രണം ആർബിഐ ഏറ്റെടുത്തത്. കൂടാതെ നിക്ഷേപം പിൻവലിക്കുന്ന തുകയിൽ നിയന്ത്രണവും ഏർപ്പെടുത്തി.

വെള്ളിയാഴ്ച്ച ഒറ്റ ദിവസം കൊണ്ട് യെസ് ബാങ്കിന്റെ ഓഹരി മൂല്യം 56 ശതമാനം ഇടിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കിനെ യെസ് ബാങ്ക് ഏറ്റെടുക്കുന്നതിനുള്ള നിർദ്ദേശം ആർബിഐ നൽകി. ഇതോടെ സ്വകാര്യ ബാങ്കുകളിലുള്ള വിശ്വാസം ജനങ്ങൾക്ക് നഷ്ടപ്പെട്ടു. യെസ് ബാങ്കിന്റെ പ്രതിസന്ധി രൂക്ഷമായി ബാധിച്ചത് ചെറുകിട സ്വകാര്യ ബാങ്കുകളെയാണ്. ഈ സ്ഥാപനങ്ങളുടെ ഓഹരി മൂല്യവും ഗണ്യമായി ഇടിഞ്ഞു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആർബിഎൽ ബാങ്കിന്റെ ഓഹരി വില 9.7 ശതമാനവും ഇൻഡസ് ഇൻഡ് ബാങ്കിന്റെ ഓഹരിവില 6.7 ശതമാനവും തകർന്നു. കൊറോണ വൈറസ് ബാധയുടെ ആഘാതവും വിപണികളിൽ പ്രകടമാണ്. ആഗോളതലത്തിലും ഓഹരിവിപണികൾ വൻ തകർച്ചയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളായ ഐഎൽ ആന്റ് എഫ്എസ്, ഡിഎച്ച്എഫ്എൽ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ആർബിഐ നിഷ്കർഷിച്ചിട്ടുള്ള ചട്ടങ്ങൾ മറികടന്ന് വായ്പകൾ അനുവദിച്ചതാണ് സ്വകാര്യ ബാങ്കുകളുടെ പ്രതിസന്ധിക്കുള്ള മുഖ്യകാരണം.

സ്വകാര്യ ബാങ്കുകളുടെ മാത്രമല്ല പൊതുമേഖലാ ഐഎൽ ആന്റ് എഫ്എസ്, ബാങ്കുകളെയും ഈ പ്രതിഭാസം സാമ്പത്തികമായി തകർത്തു. 91,000 കോടി രൂപയാണ് ഐഎൽ ആന്റ് എഫ്എസ് വിവിധ ബാങ്കുകളിൽ നിന്നായി വായ്പ എടുത്തത്. ഇതിൽ 70 ശതമാനം പൊതുമേഖലാ ബാങ്കുകളിൽ നിന്നും ബാക്കിയുള്ള 30 ശതമാനം സ്വകാര്യ ബാങ്കുകളിൽ നിന്നുള്ള വായ്പകളുമാണ്. 2019 മാർച്ച് 31 കണക്കുകൾ പ്രകാരം രാജ്യത്ത് 9659 ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പതിനായിരം കോടി വായ്പയെടുത്ത ഡിഎച്ച്എഫ്എൽ 3600 കോടി രൂപയാണ് യെസ് ബാങ്കിൽ നിന്നും എടുത്തത്. ഇത്തരം വായ്പകളാണ് ബാങ്കുകളുടെ കിട്ടാക്കടം വർധിക്കാനുള്ള മുഖ്യകാരണം. എന്നാൽ രാഷ്ട്രീയ ഇടപെടലുകൾ കാരണം ഇവ തിരിച്ചുപിടിക്കാൻ പലപ്പോഴും കഴിയുന്നില്ല. സ്വന്തമായി ബാങ്കിങ് സ്ഥാപനങ്ങൾ നടത്തുന്ന കോർപ്പറേറ്റുകൾ പോലും മറ്റ് പദ്ധതികൾക്കായി പൊതു മേഖലാ ബാങ്കുകളിൽ നിന്നും സഹസ്രകോടികൾ വായ്പ എടുത്ത് തിരിച്ചടയ്ക്കുന്നില്ല. ഇത് സംബന്ധിച്ചുള്ള വിശദമായ റിപ്പോർട്ട് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ മോഡി സർക്കാരിന് സമർപ്പിച്ചെങ്കിലും നാളിതുവരെ തുടർനടപടികൾ ഉണ്ടായില്ല.

Eng­lish Sum­ma­ry: Bank­ing sec­tor collapsing

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.