Monday
27 May 2019

ബാങ്കിങ് മേഖലയും ആഗോള കുത്തകകളുടെ ഏജന്റുമാരും

By: Web Desk | Thursday 7 February 2019 10:13 PM IST


Bank

ആര്‍ ഗോപകുമാര്‍

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോള്‍ റിപ്പോ നിരക്ക് കുറച്ചു കൂടുതല്‍ വായ്പ നല്‍കാനുള്ള അവസരം ബാങ്കുകള്‍ക്ക് മുന്നില്‍ തുറന്നിടുമ്പോഴും സ്വകാര്യവല്‍ക്കരണത്തിന്റെ ഭീഷണി അവയ്ക്ക് മുകളില്‍ തൂങ്ങിയാടുന്നു. അനില്‍ അംബാനിയെ പോലുള്ളവര്‍ വായ്പ്പയെടുത്ത ശേഷം കൈമലര്‍ത്തുമ്പോള്‍ മാനേജുമെന്റുകള്‍ ജീവനക്കാര്‍ക്കും, സാധാരണ ഇടപാടുകാര്‍ക്കുംമേല്‍ കുതിരകയറുകയാണ്. നിലവിലെ ജോലിഭാരത്തിന് പുറമെ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ പോളിസികളടക്കം വില്‍ക്കേണ്ട അവസ്ഥയാണ് ജീവനക്കാര്‍ക്ക്. കൊച്ചിയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ജീവനക്കാരനെ അതിന് പ്രേരിപ്പിക്കുന്നതില്‍ മാനേജുമെന്റു നിലപാടുകള്‍ക്ക് പങ്കുണ്ടെന്ന് യൂണിയനുകള്‍ ആരോപിക്കുന്നു. പുതിയതായി ചുമതലയേറ്റ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ രാത്രികാല പാര്‍ട്ടികളെ വിമര്‍ശിച്ച് വാട്‌സാപ്പില്‍ സന്ദേശം ഇട്ടതിനെ ചൊല്ലി ജീവനക്കാരന്‍ പീഡനങ്ങള്‍ അനുഭവിച്ചിരുന്നതായി ചൂണ്ടിക്കാട്ടപ്പെടുന്നു. അതേസമയം കിട്ടാക്കടം പെരുകിയതിനെത്തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലോ, അഞ്ചോ വലിയ ബാങ്കുകളാക്കി മാറ്റുന്നതിനുള്ള നീക്കം ഊര്‍ജിതമാക്കുകയും ചെയ്യുന്നു.

ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിന് കേന്ദ്രം കഴിഞ്ഞ ദിവസം പച്ചക്കൊടി കാട്ടി. മറ്റു ബാങ്കുകളും ലയിപ്പിക്കാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ സജീവമാണ്. ആഗോളതലത്തിലെ കൂറ്റന്‍ ബാങ്കുകള്‍ക്കൊപ്പം, ഇന്ത്യന്‍ ബാങ്കുകളെ മത്സരക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ലയനം എന്നാണ് വിശദീകരണം. ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുള്ള എഐബിഇഎ ഉള്‍പ്പടെയുള്ള യൂണിയനുകളെ എതുതരത്തിലും നിശബ്ദരാക്കാനുള്ള നീക്കമാണ് ബാങ്കുകള്‍ നടത്തുന്നത്
21 പൊതുമേഖലാ ബാങ്കുകളാണ് ഇന്ത്യയില്‍ ഉള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവയില്‍ ഭൂരിഭാഗവും ഭീമമായ നഷ്ടം നേരിടുകയാണ്. വന്‍തോതില്‍ കുതിച്ചുയര്‍ന്ന കിട്ടാക്കടമാണ് ഇതിനു പ്രധാന കാരണം. പൊതുമേഖലാ ബാങ്കുകളുടെ മാത്രം കിട്ടാക്കടം ഏഴ് ലക്ഷം കോടി രൂപക്ക് മുകളില്‍ വരും. കൃത്യമായി പറഞ്ഞാല്‍ 7,23,513 കോടി രൂപ. 2014 ജൂണ്‍ 30നു ഇത് 2,24,542 ആയിരുന്നുവെന്ന് ഓര്‍ക്കണം. ഇതില്‍ 11 ബാങ്കുകളുടെ സ്ഥിതി അതീവ ഗുരുതരമാണ്. അതുകൊണ്ട് ഇവക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് റിസര്‍വ് ബാങ്ക്. കൂടുതല്‍ വായ്പ കൊടുക്കുന്നതില്‍ നിന്ന് ഈ ബാങ്കുകളെ റിസര്‍വ് ബാങ്ക് വിലക്കിയിട്ടുണ്ട്. അതീവ ഗുരുതരമായ ഈ സ്ഥിതിവിശേഷത്തെ മറികടക്കുന്നതിനുള്ള ഒറ്റമൂലിയായാണ് ബാങ്ക് ലയനത്തെ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. പ്രധാനമന്ത്രി കൊട്ടിഘോഷിച്ച മുദ്ര വായ്പയടക്കം വന്‍കിടക്കാര്‍ക്ക് മറിച്ചുനല്‍കുകയാണ് ബാങ്കു മാനേജ്‌മെന്റുകള്‍ ചെയ്തത്. നോട്ടെണ്ണുന്നതിന് വരെ പണം വാങ്ങി സാധാരണ ഉപഭോക്താക്കളെ കഷ്ടപ്പെടുത്തുകയാണ് ബാങ്കുകള്‍. ജീവനക്കാരാകട്ടെ ഇരട്ടി മണിക്കൂറുകള്‍ ജോലിയെടുക്കേണ്ട അവസ്ഥയിലും.

എന്നാല്‍ ഭീമമായ കിട്ടാക്കടം എങ്ങിനെ വന്നു എന്നതിന്റെയും ബാങ്ക് ലയനത്തിന്റെയും കാരണം പറയാന്‍ കേന്ദ്രസര്‍ക്കാര്‍ അടക്കം വെള്ളംകുടിക്കുകയാണ്. കിട്ടാക്കടത്തിന്റെ വലിയ പങ്കും വന്‍കിട കോര്‍പറേറ്റ് സ്ഥാപനങ്ങളുടേതാണ്. ഇതില്‍ പലതും മനഃപൂര്‍വം കുടിശിക വരുത്തിയതും പതിനായിരക്കണക്കിന് കോടി രൂപ ബാങ്കുകളെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു കളഞ്ഞതുമായ കേസുകളാണ്. അതായത്, ആസൂത്രിതമായി നടത്തിയ ബാങ്ക് കൊള്ളകളാണ് ഇവ. ഭരണകൂടത്തിന്റെ പിന്‍ബലത്തിലല്ലാതെ ഇത്തരം കൃത്യങ്ങള്‍ നടത്താന്‍ കഴിയില്ലെന്ന് സാധാരണക്കാരടക്കം കരുതുന്നു.

ബാങ്കുകളെ കൊള്ളയടിച്ച്, അവയെ തകര്‍ത്തശേഷം ഇനി ഇവ നിലനില്‍ക്കണമെങ്കില്‍ സ്വകാര്യ മേഖലക്ക് കൈമാറുന്നതാണ് നല്ലതെന്ന അവസ്ഥയിലേക്ക് തള്ളിവിടുകയായിരുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ആരംഭിച്ച ഈ കള്ളക്കളി എന്‍ഡിഎ ഭരണകാലത്തു പൂത്തുവിടര്‍ന്നുവെന്നു മാത്രം. വന്‍കിട വായ്പകള്‍ തിരിച്ചടക്കാതിരിക്കുന്നതും നീരവ് മോഡി കേസ് അടക്കമുള്ള സംഭവങ്ങളും ആകസ്മികമായി സംഭവിക്കുന്നതല്ല, ഇതെല്ലം പടിപടിയായി കെട്ടിയുയര്‍ത്തിയതാണെന്ന് കാണാം. പൊതുമേഖലാ ബാങ്കുകളില്‍ ഒന്നും വ്യവസ്ഥയോടെയല്ല നടക്കുന്നതെന്ന് വരുത്തിത്തീര്‍ക്കുക. അതിനുശേഷം ജീവനക്കാരുടെ വിലപേശല്‍ ശേഷി ഇല്ലാതാക്കുക. ഈ കാലയളവില്‍ പ്രതിസന്ധിയുടെ പേരുപറഞ്ഞു ആദ്യം ഈ ബാങ്കുകളെ ലയിപ്പിച്ച് നാലോ, അഞ്ചോ വലിയ ബാങ്കുകളാക്കി മാറ്റുന്നു. പിന്നീട് അവയെ കൂടുതല്‍ കാര്യക്ഷമവും മത്സരക്ഷമവുമാക്കാന്‍ സ്വകാര്യ കുത്തക മുതലാളികള്‍ക്ക് വില്‍ക്കുക .

പിന്നീടാണ് ഇതിലെ ഏറ്റവും നാടകീയമായ സംഭവം അരങ്ങേറുന്നത്. ഇതിനെക്കുറിച്ച് പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുന്നു. ഈ വിദഗ്ധ സമിതി ബാങ്കുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതാണ് നല്ലതെന്ന് റിപ്പോര്‍ട്ട് നല്‍കും. സര്‍ക്കാര്‍ അത് അംഗീകരിക്കും. ഇതോടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ആഗോളബാങ്കു തകര്‍ച്ചാ കാലത്തും പിടിച്ചുനിന്നുവെന്ന പഴംപാട്ട് ഓര്‍മ മാത്രമാകും. കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറുന്നതുകൊണ്ട് ഇതില്‍ കാതലായ മാറ്റം വരാന്‍ പോകുന്നില്ല. ഇതിനുള്ള സമയത്തിന്റെ കാര്യത്തില്‍ അല്‍പസ്വല്‍പം മാറ്റം വരും എന്ന് മാത്രം. കാരണം, ആഗോള കുത്തകകളുടെ ഇംഗിതം നടപ്പാക്കുന്ന ഏജന്റുമാരായാണ് ബിജെപിയും കോണ്‍ഗ്രസും നിലകൊള്ളുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കര്‍ഷകര്‍ക്കായി ഏതെങ്കിലും തരത്തിലുള്ള വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ തയ്യാറായിട്ടില്ല. പ്രളയശേഷം വായ്പാ തിരിച്ചടവിന്റെ കാര്യത്തിലും ബാങ്കുകള്‍ പിന്തിരിപ്പന്‍ നയമാണ് പിന്തുടര്‍ന്നത്. കേന്ദ്രത്തില്‍ ഇടതുപക്ഷത്തിന് പങ്കുള്ള ഭരണസംവിധാനം ഉണ്ടായിരുന്നതുകൊണ്ടാണ് ആഗോള ബാങ്ക് ഭീമന്മാര്‍ അടിതെറ്റി വീണപ്പോള്‍ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ തലയുയര്‍ത്തി നിന്നത്. ഇന്നിപ്പോള്‍ പോകുന്നപോക്കില്‍ സ്വകാര്യ കച്ചവടക്കാര്‍ക്കായി കാഹളം മുഴങ്ങുന്നു. പുര കത്തുമ്പോള്‍ വാഴവെട്ടാനുള്ള പ്രക്രിയയുടെ തുടക്കം എന്ന നിലയിലാണ് പൊതുമേഖലാ ബാങ്കുകളുടെ ലയന പരമ്പരക്ക് തുടക്കം കുറിച്ച് മൂന്ന് ബാങ്കുകളെ ലയിപ്പിച്ച് ഒന്നാക്കാനുള്ള നിര്‍ദേശത്തിന് തത്വത്തില്‍ അംഗീകാരം നല്‍കിയത്.

ദേന ബാങ്ക്, വിജയ ബാങ്ക് എന്നിവയെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കം ഇതോടെ ഊര്‍ജിതമായി. ലയിച്ചു ഒന്നാകുന്നതോടെ, വമ്പന്‍ ബാങ്കായി, പുതിയ പ്രതിച്ഛായയോടെ ബാങ്ക് ഓഫ് ബറോഡ അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രവര്‍ത്തനക്ഷകമാകും എന്ന് പ്രതീക്ഷിക്കുന്നു. ലയന നിര്‍ദേശത്തിന് മൂന്ന് ബാങ്കുകളുടെയും ഡയറക്ടര്‍ ബോര്‍ഡുകള്‍ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ധനമന്ത്രി അധ്യക്ഷനായുള്ള ആള്‍ട്ടര്‍നേറ്റീവ് മെക്കാനിസം കഴിഞ്ഞ വാരത്തില്‍ ഇതിനുള്ള അനുമതി നല്‍കി. സ്വകാര്യ വഴിയിലെ വേഗം കൂട്ടാനാണ് ഇടതുപക്ഷമില്ലാത്ത ഒരു ഭരണം വേണമെന്ന് ബിജെപിയും കോണ്‍ഗ്രസും ഒരേ സ്വരത്തില്‍ പറയുന്നത്