പൊതുമേഖലാ ബാങ്കുകളിലെ കിട്ടാക്കടങ്ങള്‍— ഒരു തുടര്‍ക്കഥ

Web Desk
Posted on January 06, 2019, 9:48 pm

ലോകത്തിലെ ഏറ്റവും വലിപ്പമുള്ള സമ്പദ്‌വ്യവസ്ഥകളില്‍ ആറാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന് രൂപ വായ്പ വാങ്ങി മനഃപൂര്‍വം തിരിച്ചടവ് വീഴ്ച വരുത്തി മുങ്ങുന്നവരെ വലയിലാക്കാന്‍ ലക്ഷ്യമിട്ട് മോഡിസര്‍ക്കാര്‍ ഒരു യുദ്ധത്തിന് ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നാണ് മാധ്യമവാര്‍ത്തകള്‍ നല്‍കുന്ന സൂചനകള്‍. ബോധപൂര്‍വം വീഴ്ചവരുത്തിയവര്‍ എന്ന പട്ടികയില്‍ പെടുന്ന ഇക്കൂട്ടര്‍ രാജ്യം വിട്ടുപോവാതിരിക്കാന്‍ ബന്ധപ്പെട്ട പൊതുമേഖലാ ബാങ്ക് മേധാവികള്‍ കേന്ദ്ര ആഭ്യന്തര‑വിദേശ വകുപ്പുകളുടെ സഹായത്തോടെ ലുക്ക് ഔട്ട് സര്‍ക്കുലറുകള്‍ ഇറക്കിയിട്ടുമുണ്ട്. വിദേശ വിമാനത്താവളങ്ങളില്‍ ഇമിഗ്രേഷന്‍ കൗണ്ടറുകളില്‍ കര്‍ശനമായ പരിശോധനകള്‍ നടത്താനും സംവിധാനങ്ങളുണ്ട്. 2016 മാര്‍ച്ച് മാസത്തിനുശേഷം തിരിച്ചടവ് വീഴ്ച വരുത്തിയവരും, ബാങ്ക് തട്ടിപ്പുകാരുമായ നാല് വമ്പന്‍മാര്‍ നാടുവിട്ടതായും നമുക്കറിയാം. ഇക്കൂട്ടത്തില്‍ വിജയമല്യ, നീരവ്‌മോഡി, മെഹുള്‍ ചോക്‌സി തുടങ്ങിയവരെ കൂടാതെ അവര്‍ക്ക് വഴികാട്ടിയായി യുപിഎ ഭരണകാലത്ത് രാജ്യം വിട്ട ബിസിസിഐ ഫണ്ട് െവട്ടിപ്പുകാരനായ ലളിത്‌മോഡിയും ഉള്‍പ്പെടുന്നു. ഈ ലളിത് മോഡിയും നരേന്ദ്രമോഡിയും അമിത്ഷായും തമ്മില്‍ നിലവിലുണ്ടായിരുന്ന ചങ്ങാത്തവും പ്രസക്തമാണ്.
മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം, 2018 മാര്‍ച്ചില്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ ടേക്കിങ് എന്ന പേരില്‍ കൃത്രിമ രേഖകള്‍ ചമച്ച് ‑രണ്ട് ബില്യന്‍ ഡോളര്‍ മൂല്യമുള്ള രേഖകളാണിവ- ബാങ്ക് വായ്പയെടുത്ത് നാടുവിട്ട വീരനാണ് നീരവ് മോഡി. പ്രധാനമന്ത്രി നരേന്ദ്രമോഡിയോടൊപ്പം ഡാവോസിലെ ആഗോള സാമ്പത്തികഫോറത്തില്‍ വേദി പങ്കിട്ട് അംഗീകാരവും ബഹുമതിയും നേടിയ ബാങ്ക് വായ്പാ തട്ടിപ്പുകാരനാണ് ഇദ്ദേഹം എന്നതുകൂടി ഓര്‍മിക്കണം. ഈ സംഭവത്തിനു തൊട്ടുമുമ്പാണ്, ഒളിച്ചോടി രാജ്യത്തുനിന്നു കടന്നുകളയുന്നവരെ നേരിടാന്‍ ലക്ഷ്യമിട്ട് ഫ്യുജിറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്ല് മോഡി സര്‍ക്കാര്‍ രൂപപ്പെടുത്തിയത്. ഇതനുസരിച്ച് ബാങ്ക് വായ്പാ തിരിച്ചടവ് വീഴ്ച വരുത്തുന്നവരേയും വെട്ടിപ്പുകാരേയും നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും അവരുടെ ആസ്തികള്‍ കണ്ടുകെട്ടി വായ്പാതുകയും പലിശയും പിഴപ്പലിശയും അടക്കമുള്ള തുകകള്‍ പിടിച്ചെടുക്കാനും ബാങ്ക് സിഇഒമാര്‍ക്ക് അധികാരം നല്‍കുന്നു. ഈ നടപടി ബാധകമാക്കാന്‍ കഴിയുക ഒരു ബില്യന്‍ രൂപയിലേറെ ബാധ്യത വരുത്തി നാടുവിട്ട വായ്പാ വെട്ടിപ്പുകാര്‍ക്കു മേലാണ്.
ഇത്തരം ലുക്ക് ഔട്ട് സര്‍ക്കുലറുകളുടെയും വസ്തുവകകള്‍ കണ്ടുകെട്ടുന്നതിന്റെയും നിയമസാധുതയും പ്രായോഗികതയും എത്രയാണെന്ന് ഇനിയും വ്യക്തമാവാനിരിക്കുന്നതേയുള്ളു. മാത്രമല്ല, വില്‍ഫുള്‍ ഡിഫാള്‍ട്ടേഴ്‌സിന്റെ പട്ടികയില്‍ മോഡി-അമിത്ഷാ-ജെയ്റ്റ്‌ലി സംഘത്തോട് ചേര്‍ന്നുനില്‍ക്കുന്ന കോര്‍പ്പറേറ്റ് വമ്പന്‍മാര്‍ കൂടി ഉണ്ടെന്നതിനാല്‍, ഇന്ത്യയിലെ ബാങ്കിങ് — ധനകാര്യ മേഖലയെ കുറ്റമറ്റതും കാര്യക്ഷമവുമാക്കിതീര്‍ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ആത്മാര്‍ഥതയും സംശയത്തിന്റെ നിഴലില്‍ തുടരുകയാണ്. മൊത്തം 10 ട്രില്യന്‍ രൂപയോളമാണ് കിട്ടാക്കടമായി ബാങ്കിങ് വ്യവസ്ഥയിലുള്ളതെന്നതും പ്രസക്തമാണ്. അതുകൊണ്ടുതന്നെ നിര്‍ദിഷ്ടനിയമങ്ങള്‍ വായ്പ വാങ്ങുന്നവനും വായ്പ കൊടുക്കുന്നവനും തമ്മിലുള്ള ബന്ധത്തില്‍ മൗലികമായ മാറ്റമുണ്ടാകുമോ എന്നതും സംശയകരമാണ്. ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്‌സികോഡ് (ഐബിസി) നല്ല നീക്കം തന്നെ. ഈ കോഡ് ഉള്‍പ്പെടെയുള്ള ഔദേ്യാഗിക സംവിധാനങ്ങള്‍ അദാനിമാര്‍ക്കും അംബാനിമാര്‍ക്കും അവരുടെ സ്വന്തക്കാര്‍ക്കും കൂടി ബാധകമാകുമോ എന്നതിലാണ് സംശയം നിലനില്‍ക്കുന്നത്.
ലുക്ക് ഔട്ട് സര്‍ക്കുലറിനെ സംബന്ധിച്ചിടത്തോളം 2010ല്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഒരു ഉത്തരവനുസരിച്ച് ഒരു എല്‍ഒസി സ്വീകരിക്കാന്‍ കഴിയുക ചില പ്രത്യേക സാഹചര്യങ്ങള്‍ നിലവിലുള്ളപ്പോള്‍ മാത്രമാണ്. ഒന്ന്, കുറ്റാരോപിതര്‍ അറസ്റ്റ് മനഃപൂര്‍വം ഒഴിവാക്കുകയാണെന്ന് ബോധ്യമാവുക. രണ്ട്, ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനുശേഷവും വിചാരണയ്ക്ക് ഹാജരാവാതിരിക്കുക. മൂന്ന്, ബന്ധപ്പെട്ട കുറ്റാരോപിതര്‍ രാജ്യം വിടുമെന്ന സാധ്യത നിലവിലുണ്ടാവുക. ഏതെങ്കിലും അനേ്വഷണ ഏജന്‍സി എല്‍ഒസി പുറത്തിറക്കിയതിനുശേഷം ഈ മൂന്ന് സാഹചര്യങ്ങളും നിലവിലുണ്ടോ എന്ന് കര്‍ശനമായി പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം മാത്രമേ തുടര്‍നടപടികളുണ്ടാവാന്‍ പാടുള്ളു. ഇത്തരം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം ഏറെയുണ്ടാകുമെന്നത് ഉറപ്പാണ്. ഇതിനിടെ കുറ്റവാളികള്‍ നാടുവിട്ടിരിക്കും.
ഇന്ത്യന്‍ പീനല്‍ ശിക്ഷാനിയമമനുശാസിക്കുന്ന ഏതെങ്കിലും കുറ്റം ചെയ്യാത്തവര്‍ക്കെതിരായി യാതൊരുവിധ ശിക്ഷാനടപടികളും സ്വീകരിക്കപ്പെടരുതെന്നു മാത്രമല്ല, അവര്‍ രാജ്യം വിടുന്നതിന് തടസം സൃഷ്ടിക്കാനും പാടില്ലാത്തതാണ്. ചുരുക്കത്തില്‍ ഡല്‍ഹി ഹൈക്കോടതിവിധി ബാങ്ക് സിഇഒമാരുടെ അധികാരങ്ങള്‍ക്കുമേല്‍ മുകളില്‍ സൂചിപ്പിച്ച ഉപാധികള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നു എന്നാണ് അര്‍ഥമാക്കേണ്ടത്. അധികാരമുണ്ട്, പ്രയോഗിക്കാന്‍ ബുദ്ധിമുട്ടാണ്. അത്ര തന്നെ.
ഇന്ത്യയിലെ ബാങ്കുകള്‍ വായ്പാ തിരിച്ചടവു വീഴ്ച നടത്തുന്നവര്‍ക്കെതിരെ പരമ്പരാഗതമായി സ്വീകരിച്ചുവന്നിരുന്നത്, വിചിത്രമായ ചില മാര്‍ഗങ്ങളാണ്. ഇതില്‍ പ്രധാനമായ ഒന്ന് ‘നെയിം-ആന്‍ഡ്-ഷെയിം’ എന്ന നയം സ്വീകരിക്കുക. വീഴ്ച വരുത്തിയവരുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തി അവരെ പരസ്യമായി അവഹേളിക്കുക എന്ന നയസമീപനമാണിത്. ഈ സമീപനം അസഹനീയമായി അനുഭവപ്പെടുമ്പോള്‍ തിരിച്ചടവുകള്‍ കൃത്യമായി നടക്കുമെന്നാണ് ഇതിന്റെ ലക്ഷ്യം. സിറ്റി ബാങ്ക് ചെയ്തിരുന്നതെന്തെന്നോ? നപുംസകങ്ങളെ ഇത്തരം ബോധപൂര്‍വം വീഴ്ചവരുത്തിയവരുടെ വീടുകളിലെത്തിച്ച് പാട്ടുപാടിയും നൃത്തം ചെയ്തും അവരെ പൊതുജനങ്ങള്‍ക്കു മുന്നില്‍ പരിഹാസ്യരാക്കുക. മറ്റു ചില ബാങ്കുകള്‍ ചെയ്തുവന്നിരുന്നത് വീഴ്ച വരുത്തിയവരുടെ ചിത്രങ്ങള്‍ പതിച്ച പോസ്റ്ററുകള്‍ പൊതുസ്ഥലങ്ങളില്‍ പതിക്കുക എന്നതാണ്. കൂടാതെ, കടംവാങ്ങി തിരിച്ചടവ് വീഴ്ച വരുത്തിയവര്‍ പങ്കെടുക്കുന്ന പൊതുസ്വകാര്യ സാമൂഹ്യ‑മതപരമായ ആഘോഷ ചടങ്ങുകള്‍ അലങ്കോലപ്പെടുത്തുന്ന വിധത്തില്‍ ബാങ്കുകളിലെ വനിതാജീവനക്കാരെ അവിടങ്ങളിലേക്കു കടത്തിവിടുക. ചിലപ്പോള്‍, ഡിഫാള്‍ട്ടേഴ്‌സിന്റെ മേല്‍വിലാസത്തില്‍ പോസ്റ്റ്കാര്‍ഡുകള്‍ അയക്കുക എന്ന മാര്‍ഗവും സ്വീകരിക്കാറുണ്ടത്രെ.
2013ല്‍ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കും ഏറ്റവും വലിയ വായ്പാദാതാവുമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബോധപൂര്‍വം വീഴ്ചവരുത്തിയവരെ നേരിടാന്‍ സ്വീകരിച്ച മാര്‍ഗം എന്തായിരുന്നെന്നൊ? വായ്പ തിരിച്ചടവു വീഴ്ച വരുത്തിയവരുടെയും ജാമ്യക്കാരുടെയും ഫോട്ടോകളും അവരുടെ മേല്‍വിലാസങ്ങളും മറ്റു വിവരങ്ങളും വാര്‍ത്താ മാധ്യമങ്ങളില്‍ വ്യാപകമായി പ്രസിദ്ധീകരിച്ചതിനു പുറമെ, മറ്റുള്ള പൊതു മേഖലാ ബാങ്കുകളും ബന്ധപ്പെട്ടവരെ സംബന്ധിക്കുന്ന വിവരങ്ങളും ഫോട്ടോകളും അവര്‍ താമസിക്കുന്ന പ്രദേശങ്ങളിലെ ബാങ്ക് ശാഖകളുടെ പരിസരങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. പിഎന്‍ബിയുടെ ജനസമ്മതി നേടിയ ഒരു പരസ്യം എഫ് എം റേഡിയോയിലൂടെ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രചാരത്തില്‍ വന്നിരുന്നു. ഈ പരസ്യം വഴി വില്‍ഫുള്‍ വീഴ്ച വരുത്തിയവര്‍ക്ക് ബൊക്കെകളും ഐശ്വര്യപൂര്‍വമായ ഭാവിജീവിതം ആശംസിച്ചുകൊണ്ടുള്ള സന്ദേശങ്ങളും എത്തിച്ചുകൊടുക്കുക എന്നതായിരുന്നു.
ഇത്തരം പ്രചരണവേലകള്‍ ഗൗരവമായെടുത്തത് സാധാരണ വ്യക്തികളായ ഏതാനും ഡിഫാള്‍ട്ടേഴ്‌സും ചെറുകിട‑ഇടത്തരം സംരംഭകരും സംരംഭങ്ങളും മാത്രമായിരുന്നു. എന്നാല്‍, വന്‍കിട കോര്‍പ്പറേറ്റ് ഡിഫാള്‍ട്ടേഴ്‌സ് ഇതിലൊന്നും തെല്ലും കൂസിയില്ല. അവരില്‍ പലര്‍ക്കും അപാരമായ തൊലിക്കട്ടിയാണ് ഉണ്ടായിരുന്നത്. ഒന്നര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അന്നത്തെ എഐബിഇഎ ജനറല്‍ സെക്രട്ടറി പരേതനായ താരകേശ്വര്‍ ചക്രവര്‍ത്തി 1980കള്‍ വരെയുള്ള വായ്പാ തിരിച്ചടവ് തുകയുടെയും അതിന് ഉത്തരവാദികളായ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശദവിവരങ്ങള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുകയുണ്ടായി. ചരിത്രപ്രാധാന്യമുള്ള ഈ രേഖ പുറത്തുവന്നതോടെ അങ്കലാപ്പിലായ ഏതാനും കോര്‍പ്പറേറ്റ് വമ്പന്‍മാരും കേന്ദ്രസര്‍ക്കാരും അതില്‍ അടങ്ങിയ വിവരങ്ങളുടെ ആധികാരികത ചോദ്യം ചെയ്തതിനു പുറമെ, താരകേശ്വറിനെതിരായി ക്രിമിനല്‍ കേസും ഫയല്‍ ചെയ്തിരുന്നെങ്കിലും അത് വിജയിച്ചില്ലെന്നത് ചരിത്രത്തിന്റെ ഭാഗമാണിന്ന്. ഈ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ഈ ലേഖകന്‍ ‘മലയാളം’ വാരികയില്‍ തുടര്‍ച്ചയായി നാലു ലേഖനങ്ങള്‍ പ്രസീദ്ധികരിച്ചിരുന്നു. ഇതെല്ലാം ഉള്‍പ്പെടുത്തി ഒരു ചെറിയ പുസ്തകം ആള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ (എകെബിഇഎഫ്) പുറത്തിറക്കുകയും ചെയ്തിരുന്നു. പലരും കരുതിയിരുന്നതു പോലെ വാരികക്കോ ലേഖകനോ എതിരായി യാതൊരു കേസും നടപടിയും ഉണ്ടായില്ല. മാത്രമല്ല, ഇത്രയേറെ മാധ്യമങ്ങളിലും റിപ്പോര്‍ട്ടുകളിലും സ്വന്തം പേരുകളും സ്ഥാപനങ്ങള്‍ക്കായി വെട്ടിച്ചെടുത്ത ബാങ്ക് വായ്പാ തുകകളും പരസ്യമായതിനു ശേഷവും ഇക്കൂട്ടത്തിലെ വന്‍തോക്കുകള്‍ക്ക് യാതൊരുവിധ കുലുക്കവുമുണ്ടായില്ല. കിട്ടാക്കടങ്ങള്‍ വര്‍ധിച്ചുകൊണ്ടുതന്നെയിരുന്നു. 2002 ല്‍ വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കെ, കിട്ടാക്കടം പിടിച്ചെടുക്കാന്‍ ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലുകളെ അധികാരപ്പെടുത്തുന്ന വിധത്തില്‍ ഒരു നിയമം പാസാക്കിയിരുന്നു. സര്‍ഫൈസി നിയമം (2002) എന്നാണ് ഇതിന്റെ ചുരുക്കപ്പേര്. അതായത് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസെറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട്. ഈ നിയമത്തിന്റെ പേരില്‍ നടപടിയുണ്ടായിട്ടുള്ളത് നിസാരക്കാരായ ഏതാനും വ്യക്തികള്‍ക്കും ചെറുകിട സ്ഥാപനങ്ങള്‍ക്കും എതിരായിട്ടാണ്. വമ്പന്‍മാരെല്ലാം രക്ഷപ്പെട്ടിരിക്കുന്നു.
(അവസാനിക്കുന്നില്ല)