Wednesday
20 Feb 2019

പ്രവാസി മലയാളികള്‍ക്ക് വായ്പ നല്‍കാന്‍ ബാങ്കുകള്‍ക്ക് വിമുഖത

By: Web Desk | Sunday 28 October 2018 10:25 PM IST

ബേബി ആലുവ
കൊച്ചി: നിക്ഷേപത്തിനായി പ്രവാസി മലയാളികളെ കുടുക്കാന്‍ ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ നിരത്തുന്ന പൊതുമേഖലാ ബാങ്കുകള്‍ വായ്പയുടെ കാര്യത്തില്‍ തികഞ്ഞ വിമുഖതയാണ് കാണിക്കുന്നതെന്ന് ആക്ഷേപം. വായ്പ വേഗത്തിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളെപ്പോലും ബാങ്കുകള്‍ മാനിക്കുന്നില്ല.
കേരളത്തില്‍ നിന്നാണ് പൊതുമേഖലാ ബാങ്കുകള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം സംഭരിക്കുന്നത്. അതില്‍ത്തന്നെ 56 ശതമാനം പ്രവാസികളുടേതാണ്.പൊതുമേഖലാ ബാങ്കുകളില്‍ 2016-17 ല്‍ പ്രവാസികളുടെ നിക്ഷേപം 85.681 കോടി രൂപയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ പരിഗണനയൊന്നും വായ്പയുടെ കാരത്തില്‍ ബാങ്കുകള്‍ കാണിക്കുന്നില്ല.സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ വായ്പ നിക്ഷേപ അനുപാതം 63.75 ശതമാനമാണെന്നും ഇത് ദേശീയ ശരാശരിയുടെ താഴെയാണെന്നും സംസ്ഥാന ബാങ്കിംഗ് അവലോകന സമിതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് പ്രവാസി മലയാളികളുടെ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലയോടാണ് ഏറ്റവും വലിയ അവഗണന. കഴിഞ്ഞ വര്‍ഷം ആകെ വായ്പയുടെ മൂന്ന് ശതമാനം മാത്രമാണ് ഗ്രാമീണ മേഖലയ്ക്കു നല്‍കിയതായി കണക്കുകള്‍ വ്യക്തമാക്കുന്നത്.
ജോലിയില്‍ നിന്നു വിരമിച്ച് വിദേശങ്ങളില്‍ നിന്നു തിരിച്ചെത്തുന്ന കേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ചില പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് (എന്‍ഡിപിആര്‍ ഇഎം) ,തിരിച്ചു വന്നവര്‍ക്കുള്ള പുനരധിവാസ പദ്ധതി.
നോര്‍ക്ക റൂട്ട്‌സും ബാങ്കുകളും തമ്മിലുണ്ടാക്കിയിട്ടുള്ള കരാര്‍ പ്രകാരം എന്‍ ഡി പി ആര്‍ ഇ എ വഴി ലഭിക്കുന്നത് 20 ലക്ഷം രൂപ വരെയുള്ള വായ്പകളാണ്.ഇതിന്റെ 15 ശതമാനം സര്‍ക്കാര്‍ സബ്‌സിഡിയാണ്. പക്ഷേ എല്ലാ കടമ്പകളും കടന്ന് വായ്പയ്ക്കായി ബാങ്കുകളുടെ മുന്നിലെത്തുമ്പോള്‍, നോര്‍ക്ക അനുവദിച്ചാലും ലോണ്‍ നല്‍കാന്‍ തങ്ങള്‍ക്കു ബാധ്യതയില്ലെന്നാണ് മറുപടി.ഇതുമൂലം പ്രവാസി മലയാളികളുടെ പുനരധിവാസ പദ്ധതിയിലേക്കുള്ള സബ്‌സിഡിയായി ബജറ്റില്‍ സര്‍ക്കാര്‍ വകയിരുത്തിയ പണവും ചെലവഴിക്കാനാകാത്ത സ്ഥിതിയാണുള്ളത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സൗദി അറേബ്യയിലെ നിതാഖത്തിന്റെ ഫലമായി തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തിയതില്‍ 21,000 പേര്‍ പുനരധിവാസ പദ്ധതിക്കായി നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു. ആനുകൂല്യം കിട്ടിയത് ചുരുക്കം ചിലര്‍ക്കു മാത്രം. വാഹന വായ്പപോലുള്ള സഹായ പദ്ധതികളില്‍ ആനുകൂല്യം ലഭിച്ചത് 500 പേര്‍ക്ക്.എന്‍ഡിപിആര്‍ ഇ എ പദ്ധതി പ്രകാരം വായ്പ നല്‍കാന്‍ ബാങ്കുകള്‍ മടിച്ചതോടെ സബ്‌സിഡി തുകയും പാഴായി.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍ കയ്യെടുത്ത് ബാങ്ക് മേധാവികളെയും പ്രവാസി സംഘടനാ പ്രതിനിധികളെയും വിളിച്ചു കൂട്ടിയപ്പോള്‍, പ്രവാസി മലയാളികളുടെ പുനരധിവാസ പദ്ധതികളോട് ഉദാര നിലപാട് സ്വീകരിക്കുമെന്ന് ബാങ്ക് മേധാവികള്‍ സമ്മതിച്ചെങ്കിലും അവരുടെ പഴയ മനോഭാവത്തിനു യാതൊരു മാറ്റവും വന്നിട്ടില്ലെന്ന് പ്രവാസി മലയാളികള്‍ കുറ്റപ്പെടുത്തുന്നു. തിരിച്ചു കിട്ടാത്ത കോടികള്‍ കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി കൊടുക്കാന്‍ ചട്ടങ്ങള്‍ തന്നെ തിരുത്തിയെഴുതാന്‍ പൊതുമേഖലാ ബാങ്കുകള്‍ മത്സരിക്കുമ്പോഴാണ്, നിക്ഷേപത്തില്‍ നല്ലൊരു പങ്കു വഹിക്കുന്ന പ്രവാസി മലയാളികള്‍ നിലനില്‍പ്പിനായി നെട്ടോട്ടമോടുന്നത്.

Related News