പി ആർ റിസിയ

തൃശൂർ

April 04, 2020, 8:28 pm

മൊറട്ടോറിയത്തിന് പുല്ലുവില; ബാങ്കുകൾ അധിക പലിശ ഈടാക്കുന്നു

Janayugom Online

കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച മൊറട്ടോറിയത്തിന്റെ ആനുകൂല്യം ബാങ്ക് വായ്പയെടുത്ത ഗുണഭോക്താക്കൾക്ക് ലഭിക്കില്ല. വായ്പ തിരിച്ചടവിന്റെ കാലാവധി നീളുന്നതിനാൽ കൂടുതൽ പലിശ ഈടാക്കാനൊരുങ്ങുകയാണ് ബാങ്കുകൾ. ഇതു സംബന്ധിച്ച മാനദണ്ഡം ബാങ്കുകൾ അവരുടെ വെബ്സൈറ്റുകൾ വഴി പുറത്തിറക്കിയപ്പോഴാണ് മൊറട്ടോറിയത്തിന്റെ ആനുകൂല്യം ഉപഭോക്താക്കളിലെത്തില്ലെന്ന ആശങ്ക ഉയരുന്നത്.
ബാങ്ക് വായ്പകളുടെ തിരിച്ചടവിന് മൂന്ന് മാസത്തെ മൊറട്ടോറിയമാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്.

മാനദണ്ഡം തീരുമാനിക്കാൻ ബാങ്കുകൾക്ക് ചുമതലയും നൽകിയിരുന്നു. മൊറട്ടോറിയം പ്രകാരം വായ്പയുടെ തിരിച്ചടവ് ഗഡു മൂന്ന് മാസം അടയ്ക്കാതിരിക്കാം. തിരിച്ചടവ് മൂന്ന് മാസത്തേക്ക് മാറ്റിവയ്ക്കുകയാണ് ബാങ്കുകൾ ചെയ്യുന്നത്. ഈ തുക പിന്നീട് ഈടാക്കും. തുടർന്ന് മെയ് 31 ന് ശേഷം തുക അടയ്ക്കുമ്പോൾ 15 മുതൽ 22 ശതമാനം വരെ അധിക പലിശയാണ് പല ബാങ്കുകളും നിശ്ചയിച്ചിരിക്കുന്നത്. ഇഎംഐ, ക്രെഡിറ്റുകാർഡുകൾ എന്നിവയ്ക്കും പലിശ നിരക്ക് ബാധകമാണ്.
ആനുകൂല്യം ലഭിക്കുന്നതിന് ഉപഭോക്താക്കൾ ബാങ്കുകളിൽ അപേക്ഷ പൂരിപ്പിച്ച് നൽകണം. എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ഓൺ ലൈനായി അപേക്ഷിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. മൊറട്ടോറിയം പ്രഖ്യാപിക്കുമ്പോൾ അധിക പലിശ ഈടാക്കുന്നത് പതിവുള്ളതാണെന്നാണ് ബാങ്ക് അധികൃതർ വ്യക്തമാക്കുന്നത്. ആനുകൂല്യം സ്വീകരിക്കുന്നവരുടെ എണ്ണം കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. പലിശയില്ലാത്ത രീതിയിൽ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നാണ് കേരള സർക്കാർ ആവശ്യപ്പെട്ടത്. എന്നാൽ ഇക്കാര്യത്തിൽ റിസർവ്വ് ബാങ്കും കേന്ദ്ര സർക്കാരും തീരുമാനമെടുത്തിട്ടില്ല.