Wednesday
21 Aug 2019

ബാങ്കുകള്‍ കര്‍ഷകരോടുള്ള സമീപനം മാറ്റണം: കൃഷി മന്ത്രി

By: Web Desk | Thursday 14 February 2019 10:46 PM IST


V S Sunilkumar

ഇടുക്കി:

പ്രളയാനന്തരം വലിയ പ്രതിസന്ധി നേരിടുന്ന കര്‍ഷകരോട് ബാങ്കുകള്‍ സ്വീകരിക്കുന്ന സമീപനം മാറ്റണമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍ കുമാര്‍. കാര്‍ഷിക വായ്പയും, കാര്‍ഷികേതര വായ്പയും എടുത്ത കര്‍ഷകരോട് ജപ്തി അടക്കമുള്ള സമ്മര്‍ദ്ദ നടപടിയെടുക്കുന്ന ബാങ്കുകളുടെ നിലപാട് തിരുത്തണമെന്നും സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും അത് കണക്കിലെടുക്കാതെ ബാങ്കുകള്‍ സ്വീകരിക്കുന്ന നിലപാട് നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. അടിമാലി ഗ്രാമപഞ്ചായത്ത് ഠൗണ്‍ഹാളില്‍ നടന്ന തളിര് 2019 ജില്ലാ കാര്‍ഷിക മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി മന്ത്രി എം എം മണി അധ്യക്ഷത വഹിച്ചു.

കര്‍ഷക ആത്മഹത്യകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കുന്നതിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു. വിഷയങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിച്ചു ചേര്‍ക്കുമെന്നും മന്ത്രി ഇടുക്കിയില്‍ അറിയിച്ചു.
കടബാധ്യത മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരായ വാഴത്തോപ്പ് നെല്ലിപ്പുഴ ജോണി, മേരിഗിരി താന്നിക്കാട്ടുകാലായില്‍ സന്തോഷ്, ചെമ്പകപ്പാറ കുന്നുംപുറത്ത് വീട്ടില്‍ സഹദേവന്‍ എന്നിവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവനൊടുക്കിയ പല കര്‍ഷകരും എടുത്തിരുന്നത് കാര്‍ഷിക വായ്പകളല്ലെന്നാണ് അറിയുന്നത്. വിഷയത്തെപ്പറ്റി പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ടു തരാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, കളക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതിന്റെ പേരില്‍ വീടിന്റെ ചുമരില്‍ വൃക്കവില്‍പ്പനക്കെന്നെഴുതിവച്ച സംഭവത്തില്‍ ജില്ലാ കളക്ടറോട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍ ആവശ്യപ്പെട്ടു.
പരാതിക്കാരനായ കര്‍ഷകന് തരക്കേടില്ലാത്ത വീടുണ്ടെന്നാണ് തനിക്കറിയാന്‍ സാധിച്ചത്. കളക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയോടൊപ്പം സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍, ജില്ലാ കളക്ടര്‍ കെ ജീവന്‍ ബാബു, സിപിഐ ഇടുക്കി മണ്ഡലം സെക്രട്ടറി എം കെ പ്രിയന്‍, സിജി ചാക്കോ, ഷാജി അച്ചാരുകുടി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിന്‍സി സി ബി, വാര്‍ഡ് മെമ്പര്‍മാരായ സെലിന്‍, ഷിജോ തടത്തില്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

Related News