കാസർകോട് 43.50 ലക്ഷം രൂപയുടെ നിരോധിത നോട്ടുകളുമായി ഒരാൾ പിടിയിലായി. പെർള സ്വദേശി മുഹമ്മദിനെയാണ് (67) പോലീസ് പിടികൂടിയത്. ഇയാൾ സഞ്ചരിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. കാസർകോട് സിഐ അബ്ദുർ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐയുടെ സ്ക്വാഡും പ്രിൻസിപ്പൽ എസ്ഐ നളിനാക്ഷന്റെ നേതൃത്വത്തിലുള്ള സംഘവും ചേർന്നാണ് നിരോധിത നോട്ടുകൾ പിടിച്ചെടുത്തത്.
തിങ്കളാഴ്ച രാത്രി 11 മണിയോടെ വിദ്യാനഗർ ഗവ. കോളജിന് സമീപം വെച്ചാണ് സംഘത്തെ പോലീസ് കുടുക്കാൻ ശ്രമിച്ചത്. ഇതിനിടെ ഒരാൾ ഓടി രക്ഷപ്പെടുകയും ഒരാൾ ഇയോൺ കാറിൽ കടന്നു കളയുകയും ചെയ്തു. തുടർന്നു നടത്തിയ അന്വേഷണത്തിൽ മുഹമ്മദിനെയും കെ എൽ 14 യു 3330 നമ്പർ സ്വിഫ്റ്റ് കാറും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്വിഫ്റ്റ് കാറിൽ കറുത്ത ബാഗിലായി സൂക്ഷിച്ച നിലയിലായിരുന്നു 500 രൂപയുടെ നിരോധിച്ച നോട്ടുകൾ.
ചോദ്യം ചെയ്യലിൽ രണ്ടു ദിവസം മുമ്പാണ് സംഘത്തെ പരിചയപ്പെട്ടതെന്നും കൂടുതൽ വിവരങ്ങൾ അറിയില്ലെന്നുമാണ് മുഹമ്മദ് പോലീസിനോട് വ്യക്തമാക്കിയത്. എന്നാൽ പോലീസ് ഇത് വിശ്വാസത്തിലെടുത്തിട്ടില്ല. കൂടുതൽ അന്വേഷണം നടത്തിയാൽ മാത്രമേ പണത്തിന്റെ ഉറവിടം സംബന്ധിച്ചുള്ള വിവരങ്ങളടക്കം ലഭിക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ഒരു ലക്ഷം രൂപയുടെ നിരോധിച്ച നോട്ടുകൾക്ക് 10,000 രൂപ കമ്മീഷൻ ലഭിക്കുന്നുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
English Summary; Banned notes seized; one arrest
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.