ബാന്‍സുരി

Web Desk
Posted on December 03, 2017, 1:36 am

സഞ്ജയനാഥ്

കരിമ്പിന്‍ തോട്ടങ്ങള്‍ക്ക് നടുവിലൂടെവേണം
വിലാസ് ദേശ്മുഖിന്റെ വീട്ടിലെത്താന്‍.
നിറയെ ചെളികെട്ടിയ വഴികളിലൂടെ നടക്കുമ്പോള്‍
ബാന്‍സുരിയുടെ നാദം നിങ്ങള്‍ക്കെതിരെ വരും.

ഇരുട്ടിന്റെ കടലില്‍ നിന്നും
മേഘമല്‍ഹാറുടെ തുടിതാളപ്പെരുക്കങ്ങള്‍
തളര്‍ന്ന തിരകള്‍പോലെ ഒഴുകിയെത്തുമ്പോള്‍
വിശപ്പിന്റെ കരച്ചിലിനുമിവിടെ സംഗീതമാണ്.

ബാന്‍സുരികൊണ്ട് വിലാസ്, നിങ്ങള്‍ക്ക്
വിശപ്പകറ്റുന്ന വിദ്യകാട്ടിത്തരുമ്പോള്‍
തിളങ്ങുന്ന നാല് വെള്ളാരം കണ്ണുകള്‍
നിങ്ങളിലേക്ക്, നിങ്ങളുടെ മുഖങ്ങളിലേക്ക്
കീശകളിലേക്ക് പ്രതീക്ഷയോടെ നോക്കുന്നുണ്ടാവും.

കുതിരക്കുളമ്പൊടിയൊച്ചകള്‍ കയര്‍ക്കുന്ന
തബലയുടെ പുറങ്ങളില്‍ നീളന്‍ വിരലുകള്‍
പായിച്ച് വിലാസ്, മുഷിഞ്ഞ അംഗവസ്ത്രംകൊണ്ട്
മുഖംതുടച്ച് ചിരിക്കും.

പിഞ്ഞിപ്പോയ പട്ടുപാവാടചുറ്റി
അറിയാത്ത ഏതോ നാടോടിക്കഥയിലെ
നായികമാരായി വെള്ളാരംകണ്ണുകള്‍
ചിമ്മിയടച്ച് അവര്‍ നിങ്ങളുടെ മുമ്പില്‍
നൃത്തച്ചുവടുകളോടെ ആടും.

പാടിത്തളര്‍ന്ന തൊണ്ടയില്‍
കഫംകെട്ടിമുറിയുന്ന ശബ്ദത്തിലെവിടെയോ
ഒരു നനവ് നിങ്ങളെ വിടാതെ പിന്‍തുടരും.
തളര്‍ന്നുപോയ പാദങ്ങളില്‍ കുന്തിച്ചിരുന്ന്
കിതപ്പാറ്റി, അവര്‍ നിങ്ങളെ ദയനീയമായി നോക്കും.

സംഗീതമില്ലാത്ത
അകത്തളത്തിലെവിടെയോ നിന്ന്
ഒരു ദയനീയ ശബ്ദമുയരും.
മുഖം നിറഞ്ഞൊഴുകുന്ന വിയര്‍പ്പില്‍
കണ്ണീരൊളിപ്പിച്ച് വിലാസ്
ഇടറുന്ന തൊണ്ടയില്‍ കീഴ്സ്ഥായിയിലേക്ക് പോകും.

നാടോടി കഥകളില്‍ നിന്നിറങ്ങിവന്ന്
നാണയത്തുട്ടുകള്‍ പെറുക്കുന്ന
വെള്ളാരം കണ്ണുകള്‍
ഇരുട്ടിന്റെ കയങ്ങളിലേക്ക്
അലിഞ്ഞ്‌ചേരും.
ചെളികെട്ടിയ വഴികളിലൂടെ
കാല്‍ വഴുതാതെ
തിരികെ നടക്കുമ്പോള്‍
തളര്‍ന്നുപോയ ശബ്ദത്തിന്റെ
അവസാനശക്തിയും
ആവാഹിച്ച് വിലാസ്
ഇനിയും വന്നേക്കാവുന്ന
അതിഥിക്കുവേണ്ടി പാടിത്തുടങ്ങും.