June 5, 2023 Monday

സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം, റൊണാൾഡോയുടെ റെക്കോഡ് തകർത്ത് മെസി

Janayugom Webdesk
December 8, 2019 8:19 pm

മാഡ്രിഡ്: സ്പാനിഷ് ലാലിഗയിൽ ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ആര്‍സിഡി മല്ലോക്കയ്ക്കെതിരെ ലയണൽ മെസിയുടെ ഹാട്രിക് മികവിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ബാഴ്സയുടെ വിജയം. മെസിയെ കൂടാതെ ആന്റോയിൻ ഗ്രീസ്മാനും ലൂയി സുവാരസും ഗോൾ നേടി. ഇതിനു മുമ്പും ഇവരുടെ മൂന്നു പേരുടെ ഗോൾ മികവിൽ ബാഴ്സലോണ വിജയിച്ചിട്ടുണ്ട്.

ഗ്രീസ്മാനാണ് ബാഴ്സയ്ക്കുവേണ്ടി ആദ്യ ഗോള്‍ നേടിയത്. മത്സരത്തിന്റെ ഏഴാം മിനിറ്റിലായിരുന്നു ഗ്രീസ്മാന്റെ ഗോള്‍. പത്ത് മിനിറ്റുകള്‍ക്ക് അപ്പുറം മെസ് ലീഡ് രണ്ടാക്കി ഉയര്‍ത്തി. 35-ാം മിനിറ്റില്‍ ആന്റെ ബുദിമറിലൂടെ മല്ലോക്ക ആദ്യ ഗോള്‍ മടക്കിയെങ്കിലും ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് രണ്ടു ഗോളുകള്‍ കൂടി ബാഴ്സ മല്ലോക്കയുടെ വലയിലെത്തിച്ചു. 41-ാം മിനിറ്റില്‍ മെസിയും 43-ാം മിനിറ്റില്‍ ലൂയി സുവാരസുമാണ് ബാഴ്സയുടെ സ്കോറര്‍മാരായത്.

രണ്ടാം പകുതിയിലും ബുദ്മിര്‍ ഗോളടിച്ചു.64-ാം മിനിറ്റിലായിരുന്നു ഗോള്‍. ഇതോടെ സ്‌കോര്‍ 4–2 ലെത്തി. എന്നാല്‍ മെസ്സിയുടെ ഗോള്‍ ദാഹം ശമിച്ചിട്ടില്ലായിരുന്നു. 83-ാം മിനിട്ടില്‍ വീണ്ടും മെസ്സി എതിരാളികളുടെ വല കുലുക്കി ഹാട്രിക് തികച്ചപ്പോള്‍ ബാഴ്‌സയ്ക്ക് 5–2 ന്റെ തകര്‍പ്പന്‍ വിജയം. മത്സരത്തിന് മുമ്പ് നടന്ന ചടങ്ങില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ വച്ച്‌ ഒരിക്കല്‍കൂടി മെസിക്ക് ബാലൺ ഡി ഓർ സമ്മാനിച്ചു. പാരിസില്‍ നടന്ന ചടങ്ങിലാണ് കരിയറിലെ തന്റെ ആറാം ബാലൺ ഡി ഓർ മെസി ഏറ്റുവാങ്ങിയത്.

റൊണാൾഡോയുടെ മറ്റൊരു റെക്കോഡും തകർത്തു
മല്ലോക്കയ്ക്കെതിരെ ഹാട്രിക് നേടിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മറ്റൊരു റെക്കോഡ് കൂടി തന്റെ പേരിൽ കുറിച്ചിരിക്കുകയാണ് ലയണൽ മെസി. സ്‌പാനിഷ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന താരമായാണ് മെസി മാറിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ 34 ഹാട്രിക്കുകള്‍ എന്ന നേട്ടമാണ് മെസി മറികടന്നത്.

യൂറോപ്യന്‍ ഫുട്‌ബോളിലെ കഴിഞ്ഞ 14 സീസണുകളില്‍ എല്ലാ സീസണുകളിലും പത്തോ അതില്‍ കൂടുതലോ ഗോള്‍ നേടുന്ന ഏക കളിക്കാരനുമായി മെസി. കഴിഞ്ഞദിവസം ആറാം ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡും തകര്‍ത്തത് മെസിയുടെ മികവ് തെളിയിക്കുന്നനായി. ലാ ലീഗയില്‍ ഇത്തവണ മെസ്സി 12 ഗോളുകളുമായി ഒറ്റയ്ക്ക് മുന്നിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.