സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി:

November 30, 2020, 10:34 pm

വിലപേശൽ അനുവദിക്കില്ല

Janayugom Online

സ്വന്തം ലേഖകൻ

കേന്ദ്രസർക്കാരിന്റെ മൂന്ന് കർഷകവിരുദ്ധ കരിനിയമങ്ങളും വൈദ്യുതി നിയമവും പിൻവലിക്കണമെന്ന തങ്ങളുടെ ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷക സംഘടനകൾ. മൂന്ന് കർഷക നിയമങ്ങൾ കർഷകർക്ക് പ്രയോജനകരമാണെന്നും പ്രതിപക്ഷ പാർട്ടികൾ കർഷകരെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി വാരണാസിയിൽ നടത്തിയ പ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു കർഷക നേതാക്കൾ. ഇതോടെ നിരുപാധിക ചര്‍ച്ചയ്ക്ക് സന്നദ്ധമാണെന്ന ആഭ്യന്തര വകുപ്പ് മന്ത്രിയുടെ നിർദ്ദേശം അനിശ്ചിതത്വത്തിലായി.

തങ്ങളുടെ ആവശ്യത്തിൽ വിലപേശൽ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച കർഷക നേതാക്കൾ കർഷകരുടെ ‘മൻ കി ബാത്ത്’ ശ്രദ്ധിക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്നും അല്ലാത്ത പക്ഷം വലിയ വില നൽകേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി. സിംഗു അതിർത്തിയിൽ തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് കര്‍ഷകർ തങ്ങളുടെ നിലപാട് കടുപ്പിച്ചത്. ഒരു രാഷ്ട്രീയപാര്‍ട്ടിയെയും തങ്ങളുടെ വേദി ദുരുപയോഗം ചെയ്യാൻ അനുവദിച്ചിട്ടില്ലാത്ത കർഷകരെ പ്രതിപക്ഷം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന മോഡിയുടെ ആരോപണമാണ് പ്രക്ഷോഭകരെ ചൊടിപ്പിച്ചത്. കർഷകസമരം രാഷ്ട്രീയപ്രേരിതമല്ലെന്ന് കഴിഞ്ഞദിവസം അമിത് ഷാ ഹൈദരാബാദിൽ പറഞ്ഞിരുന്നു. ഇരുനേതാക്കളുടെയും നിലപാടുകളിലെ വൈരുദ്ധ്യം നിരുപാധിക ചർച്ചയെന്ന നിർദ്ദേശത്തിന്റെ ആത്മാർത്ഥതയെ ചോദ്യംചെയ്യുന്നതാണെന്ന് കർഷകർ കരുതുന്നു.

കർഷകപ്രക്ഷോഭം ആറാം ദിനത്തിലേക്ക് കടന്നതോടെ ഡൽഹിയിലേക്കുള്ള പ്രധാന ദേശീയപാതകളെല്ലാം സമരക്കാർ കയ്യടക്കിയിരിക്കുകയാണ്. ഹരിയാനയിലെ ടിക്രി, സിംഗു ബോര്‍ഡറുകളിലാണ് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള പ്രക്ഷോഭകർ നിരന്നിരിക്കുന്നത്. ഉത്തർപ്രദേശില്‍ നിന്നുള്ള കര്‍ഷകര്‍ വന്‍തോതില്‍ പ്രക്ഷോഭത്തില്‍ അണിചേരുമെന്ന വിവരത്തെ തുടര്‍ന്ന് ഡല്‍ഹി പൊലീസ് ഗാസിപൂര്‍ അതിര്‍ത്തി അടച്ചു. വന്‍ കോണ്‍ക്രീറ്റു സ്ലാബുകള്‍ നിരത്തിയാണ് പൊലീസ് റോഡുപരോധിച്ചിരിക്കുന്നത്. ഇതിനോടകം നിരവധി കര്‍ഷകര്‍ ഇവിടെ എത്തിക്കഴിഞ്ഞു. മൂന്നാമത്തെ പ്രക്ഷോഭ വേദിയായി ഗാസിപൂര്‍ മാറുമെന്ന് ഇതോടെ ഉറപ്പായി.
സോനിപ്പത്, റോത്തക്, ജയ്‌പൂര്‍, ഗാസിയാബാദ്-ഹാപൂർ, മഥുര തുടങ്ങിയ ഡല്‍ഹിയിലെ അതിര്‍ത്തി റോഡുകള്‍ മുഴുവനും ഉപരോധം തീര്‍ക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കിയിരുന്നു.

കര്‍ഷക സമ്മര്‍ദ്ദത്തിനു പുറമെ കാര്‍ഷിക ബില്ലുകളില്‍ എന്‍ഡിഎക്ക് ഉള്ളില്‍ നിന്നും രാഷ്ട്രീയമായ എതിര്‍പ്പുകളും ശക്തിപ്പെടുകയാണ്. എന്‍ഡിഎ ഘടകകക്ഷിയായ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി കര്‍ഷക ബില്ലുകള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയച്ചു. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ എന്‍ഡിഎയില്‍ തുടരുന്ന കാര്യം പുനഃപരിശോധിക്കേണ്ടി വരുമെന്ന് ആര്‍എല്‍പി നേതാവ് ബനിവാള്‍ ട്വീറ്റ് ചെയ്തു. എന്‍ഡിഎ ഘടക കക്ഷിയായ ശിരോമണി അകാലിദള്‍ കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിച്ച് നേരത്തെ എന്‍ഡിഎ വിട്ടിരുന്നു.

 

നിരുപാധിക ചര്‍ച്ച: സന്നദ്ധമായി കേന്ദ്രം

തലസ്ഥാനത്തെ സ്തംഭിപ്പിച്ച് കര്‍ഷക സമരം ശക്തമായതോടെ കേന്ദ്രസർക്കാർ അനുനയ നീക്കങ്ങള്‍ തുടങ്ങി. ഉപാധികളില്ലാതെ ചര്‍ച്ചകള്‍ക്ക് ഒരുക്കമാണെന്ന സന്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കര്‍ഷക നേതാക്കളെ അറിയിച്ചു. മുന്‍വിധികളില്ലാതെ ചര്‍ച്ചകള്‍ക്ക് സന്നദ്ധമാണെന്ന് മുതിര്‍ന്ന നേതാക്കള്‍ വ്യക്തമാക്കിയെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ്ങ് പുരി പറഞ്ഞു. ഞായറാഴ്ച രാത്രി വൈകി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ബിജെപി അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയില്‍ ഉന്നതതല യോഗം ചേര്‍ന്നിരുന്നു. അമിത് ഷാ അനൗദ്യോഗികമായി കര്‍ഷകരെ ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചെങ്കിലും ക്ഷണം രേഖാമൂലം ലഭിക്കട്ടെ എന്ന നിലപാടാണ് കര്‍ഷകര്‍ സ്വീകരിച്ചിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങളില്‍ വെള്ളം ചേര്‍ക്കാനാകില്ലെന്നും കര്‍ഷക ദ്രോഹ ബില്ലുകള്‍ പിന്‍വലിക്കുംവരെ സമരം തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി.