Monday
24 Jun 2019

ബഷീര്‍ കണ്ട പൊലീസ്: അനുഭവത്തിലും അരങ്ങിലും

By: Web Desk | Sunday 14 April 2019 8:18 AM IST


സുകുമാര്‍ മുതുകുളം

വൈക്കം മുഹമ്മദ് ബഷീറിന്റെ സാഹിത്യ സംഭാവനകളെപ്പറ്റി ഒട്ടനവധി വിലയിരുത്തലുകള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തവും മൗലികത പുലര്‍ത്തുന്നതുമാണ് കെ രാജന്‍ രചിച്ച്, സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രിസിദ്ധീകരിച്ചിരിക്കുന്ന ‘ബഷീറിന്റെ പൊലീസ്’ എന്ന ഗ്രന്ഥം.
ബഷീറിന്റെ കഥാപാത്ര സൃഷ്ടിയും കഥായിടങ്ങളും മാത്രം എടുക്കാം. ഒരിക്കലും ഒത്തു പോകില്ലെന്ന് നമ്മള്‍ കരുതുന്ന വിരുദ്ധ സ്വഭാവമുള്ള എത്രയെത്ര കഥാപാത്രങ്ങള്‍…. കള്ളനോ പൊലീസോ, മന്ത്രിയോ, മന്ത്രവാദിയോ, ആനയോ, ആടോ, അന്തിച്ചന്തയോ കള്ളുഷാപ്പോ – സചേതനമോ അചേതനമോ ആയ എന്തുമാകട്ടെ, അദ്ദേഹത്തിന്റെ തൂലികയില്‍ സുരക്ഷിതമാണ്. ഈ വൈവിധ്യവും വൈരുദ്ധ്യവും ഉള്ളതുകൊണ്ടുകൂടിയാകണം ഓരോ നിരൂപകനും ആസ്വാദകനും അവരവരുടെ ഇഷ്ടത്തിനും ഇച്ഛയ്ക്കും അനുസരിച്ച് – ബഷീര്‍ കൃതികളെ വിലയിരുത്തിയിട്ടുള്ളത്.
രാജന്‍, ‘പൊലീസ്’ എന്ന ‘സര്‍വ്വശക്തനായ’ കടകോല്‍ (മത്ത്) ഉപയോഗിച്ചാണ് ബഷീര്‍ കൃതികളെ മഥനം ചെയ്യുന്നത്. ഇങ്ങനെയൊരു ശ്രമം മിക്കവാറും ആദ്യമാണ് താനും. താന്‍ ഏറ്റെടുത്ത ഈ കൃത്യം ‘ബഷീറിന്റെ പൊലീസ്’ എന്ന പുസ്തകത്തില്‍ ഗ്രന്ഥകാരന്‍ അസൂയാവഹമായ രീതിയില്‍ നിര്‍വഹിച്ചിരിക്കുന്നു. തന്റെ കാഴ്ചപ്പാടുകളും വാദഗതിയും സമര്‍ത്ഥിക്കാന്‍ പല കാലങ്ങളിലെ വ്യത്യസ്തമായ റഫന്‍സ് ഗ്രന്ഥങ്ങളിലും ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിന്നുള്ള ഇരുന്നൂറിലധികം ഉദ്ധരണികളുടെ പിന്‍ബലം കൂടിയാണ് നിരത്തിയിരിക്കുന്നത്.
തടിമിടുക്കും തൂക്കവും, മീശയുടെ കട്ടിയും കനവും മാത്രം അളവുകോലാക്കി പൊലീസ് സേനയിലേക്ക് ആളെടുപ്പ്, മറ്റു തരത്തില്‍ തെളിയിക്കുന്നതുവരെ തങ്ങളെ സമീപിക്കുന്ന ആരും കുറ്റവാളികളെന്നു ചിന്തിക്കാന്‍ ഭരണകൂടം അവരില്‍ ഊട്ടി ഉറപ്പിച്ചിരിക്കുന്ന മുന്‍വിധി, പൊലീസ് മുഖം നോക്കാതെ പ്രവര്‍ത്തിക്കുമെന്നും അത് സുതാര്യമായിരിക്കും എന്ന് അധികാരികള്‍ ആവര്‍ത്തിച്ചു പറയുമ്പോഴും ‘പൊലീസ്’ എന്നും ഭരണാധികാരികളുടെ കയ്യില്‍ മര്‍ദ്ദനോപകരണമായി പ്രവര്‍ത്തിക്കേണ്ടി വരുന്ന ദുഃസ്ഥിതി – ഇതെല്ലാം ചേരുമ്പോള്‍ പൊലീസിനെപ്പറ്റി ജനങ്ങളില്‍ ഭീതിദമായ ഒരു രൂപം ഉണ്ടായിട്ടുണ്ടെങ്കില്‍ അത്ഭുതത്തിനവകാശമില്ല. ഗ്രന്ഥകാരന്‍ ചൂണ്ടിക്കാണിക്കുന്നതുപോലെ, മൊത്തത്തില്‍ നോക്കിയാല്‍ മലയാള സാഹിത്യത്തില്‍ പൊലീസ് എന്നും പ്രതിസ്ഥാനത്തായിരുന്നു. ജീവിക്കാന്‍ പര്യാപ്തമല്ലാത്ത കുറഞ്ഞ ശമ്പളം, തൊഴിലിന്റെയും തൊഴിലിടങ്ങളിലെയും പ്രത്യേകത, സഹവസിക്കേണ്ടിവരുന്നതില്‍ നല്ലൊരു പങ്കും സാമൂഹ്യ വിരുദ്ധരോ കുറ്റവാളികളോ ആകുമ്പോള്‍ സംജാതമാകുന്ന മനോനില – ഇതെല്ലാം പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും ചെയ്യുന്നു.
സ്വാതന്ത്ര്യ സമരസേനാനി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളിലും സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് കഥയെഴുതി എന്നതിന്റെ പേരിലുമെല്ലാം നിരവധി തവണ ലോക്കപ്പിലും ജയിലിലും പൊലീസ് മര്‍ദ്ദനം കൊണ്ടനുഭവിക്കുകയും കണ്ടറിയുകയും ചെയ്തപ്പോഴും പൊലീസുകാരും മനുഷ്യരാണെന്നും ഭരണകൂടത്തിന്റെ കയ്യിലെ മര്‍ദ്ദനോപകരണങ്ങള്‍ മാത്രമാണ് അവരെന്നും ആദ്യമായി പ്രഖ്യാപിച്ച മലയാള സാഹിത്യകാരന്‍ ബഷീറാണ്. തന്റെ സമകാലീനരായ, സാഹിത്യകാരന്മാര്‍ പലരും പൊലീസിനെ ഒരു മര്‍ദ്ദനോപകരണം മാത്രമായി ചിത്രീകരിച്ചപ്പോഴും സമചിത്തതയോടെ പ്രശ്‌നങ്ങള്‍ നോക്കിക്കാണാനും വ്യത്യസ്തത പുലര്‍ത്താനും അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു. അതിന് ഉപോല്‍ബലകമായി ജന്മദിനം, അമ്മ, ടൈഗര്‍, ഇടിയന്‍ പണിക്കര്‍ തുടങ്ങി പല കഥകളില്‍ നിന്ന് വേണ്ടത്ര സന്ദര്‍ഭങ്ങള്‍ ഔചിത്യപൂര്‍വ്വം തൊട്ടുകാണിക്കാന്‍ ഗ്രന്ഥകാരനു കഴിഞ്ഞിരിക്കുന്നു. പൊലീസുകാരിലെ ക്രൂരതയും മൃഗീയതയും എടുത്തു കാട്ടിയപ്പോഴും അവരില്‍ അല്‍പമായെങ്കിലും അവശേഷിക്കുന്ന മനുഷ്യത്വത്തിന്റെ പൊട്ടും പൊടിയും ചില കഥകളിലെങ്കിലും പ്രമേയമായി ബഷീര്‍ സ്വീകരിച്ചിരിട്ടുമുണ്ട്.
1957-ലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിന്റെ കാലത്ത് ഒരു ലാത്തിച്ചാര്‍ജ് ഉണ്ടായപ്പോള്‍ അതിനെ ‘ലഘുവായ ലാത്തിച്ചാര്‍ജ്ജ്’എന്നു മയപ്പെടുത്താന്‍ ‘സര്‍ക്കാര്‍ സാഹിത്യം’ ശ്രമിച്ചിരുന്നു. അന്നതിനെ പരസ്യമായി എതിര്‍ത്ത സുഗതന്‍ സാര്‍
(ആര്‍ സുഗതന്‍) പറഞ്ഞിരുന്ന ഉപമയുണ്ട് – ‘അടിപ്പടിക്കു നല്ല പൊക്കമുള്ള വാതിലിലൂടെ കാലു പൊക്കി വച്ച് അകത്തു കയറുമ്പോള്‍ കണങ്കാല്‍ അതില്‍ തട്ടിയുണ്ടാകുന്ന അസ്സഹനീയമായ വേദന ഒരിക്കലെങ്കിലും അനുഭവിച്ചവര്‍ക്ക് ലാത്തിച്ചാര്‍ജിനെ ലഘുവാക്കാന്‍ കഴിയില്ല.’ ലാത്തിച്ചാര്‍ജ്ജുകള്‍ പൊതുസ്ഥലത്താണു നടക്കുന്നത്. പക്ഷെ ലോക്കപ്പു മര്‍ദ്ദനം കസ്റ്റഡിയിലും. അതിന്റെ ക്രൂരതകളെപ്പറ്റി എഴുതുമ്പോഴും വായനക്കാരന്റെ അറിവിനെയും അവബോധത്തെയും നിര്‍മ്മമമായി അവിടേയ്ക്കു കൂട്ടിക്കൊണ്ടു പോകുന്നതാണ് ബഷീറിന്റെ രചനാ കൗശലം. സത്യം പറയിക്കാന്‍ വേണ്ടി പുരുഷന്റെ ലിംഗത്തില്‍ തുണി ചുറ്റി എണ്ണ ഒഴിച്ചു തീകത്തിക്കുകയും സ്ത്രീയുടെ ഗുഹ്യഭാഗത്ത് മുളകരച്ചു തേച്ച് മൂന്നാംമുറ നടത്തുന്ന ഇടിയന്‍ പണിക്കര്‍ സ്ഥലം മറിപ്പോകുമ്പോള്‍ തടവുകാരും മറ്റു പൊലീസുകാരും സന്തോഷിക്കുന്നു. അപ്പോഴും പൊലീസുകാരെല്ലാം ഇടിയന്‍ പണിക്കരെപ്പോലെയാണോ എന്നു ചോദിക്കാന്‍ ബഷീറിനല്ലാതെ മറ്റൊരു കഥാകാരനും കഴിയില്ല. കൊടും കുറ്റവാളിയ്‌ക്കൊപ്പം തന്റെ കൈയ്ക്കു കൂടി വിലങ്ങിട്ട് കോടതിയിലേക്ക് പോകേണ്ടി വന്നെങ്കിലും, അത്തരം കോടതി ഡ്യൂട്ടിക്കു പോകേണ്ടി വരുന്ന പൊലീസുകാരുടെ തുച്ഛമായ ശമ്പളത്തില്‍ നിന്ന് ഒരു ഭാഗം പ്രതികള്‍ക്കു വേണ്ടി ചെലവഴിക്കേണ്ടി വരുന്നു എന്ന സത്യം തിരിച്ചറിയാനും അതു തുറന്നു പറായനും കഴിയുന്നതാണ് ബഷീറിന്റെ പ്രത്യേകത.
ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള യുവാക്കള്‍ പൊലീസ് സേനയുടെ താഴെത്തട്ടില്‍ ഗണ്യമായ തോതില്‍ എത്തിത്തുടങ്ങിയിരിക്കുന്നു. ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് തുടങ്ങി പൊലീസിന്റെ സ്വരൂപത്തിലുംസമീപനത്തിലും ഗുണപരമായ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ആ സ്ഥിതിക്ക് ‘ദാണ്ടെ …………… പൊലീസുകാര്‍ വരുന്നു’ എന്നു പറഞ്ഞ് അമ്മമാര്‍ കുഞ്ഞുങ്ങളെ പേടിപ്പിച്ചിരുന്ന ദുരവസ്ഥമാറണം. ഭാഷ കേവലം ഒരു ആശയ വിനിമയോപാധി മാത്രമല്ലെന്നും അതൊരു സംസ്‌കാരം കൂടിയാണെന്നുംതിരിച്ചറിയണം. ‘കൂടെക്കിടക്കുന്നവനേ രാപ്പനി അറിയാന്‍ കഴിയൂ’ എന്നാണു ചൊല്ല്. ഒരു പൊലീസ് ഓഫീസര്‍ കൂടിയായ ഗ്രന്ഥകാരന്‍ സന്ദര്‍ഭാനുസരണം ചൂണ്ടികാണിക്കുമ്പോള്‍ ഇതെല്ലാം നമ്മുടെ പൊലീസ് സേനയ്ക്ക് ഒരു വഴികാട്ടിയും ചൂണ്ടു പലകയുമായിരിക്കും തീര്‍ച്ച. ലോക്കല്‍ നേതാവിനെ കൂട്ടിനുകൂട്ടാതെ ഒരു സാധാരണക്കാരന് പൊലീസ് സ്റ്റേഷനില്‍ കയറിച്ചെല്ലാന്‍ കഴിയണം. ആ പ്രത്യാശ സഫലീകരിക്കാനും ഈ ഗ്രന്ഥത്തിനു കഴിയും.