ബഷീറിന്റെ മരണം: പൊലീസ് വാദം പൊളിയുന്ന കൂടുതല്‍ ദൃശ്യങ്ങള്‍

Web Desk
Posted on August 21, 2019, 10:50 pm

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് വാദം പൊളിയുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. കേസിലെ പ്രധാന സാക്ഷിയായി ഒരു സ്‌കൂട്ടര്‍ യാത്രികനുണ്ടായിരുന്നുവെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇയാളെ തിരിച്ചറിയുന്നതിനോ ഇയാളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നതിനോ ശ്രമിച്ചില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെയും പുറത്ത് വന്നത്.

തിരുവനന്തപുരത്ത് മ്യൂസിയത്തിന് അടുത്തുള്ള പബ്ലിക് ഓഫീസില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോഴാണ് കേസില്‍ തിരിച്ചറിയപ്പെടാതെ പോയ ഒരു ദൃക്‌സാക്ഷിയുണ്ടായിരുന്നതായി അറിയുന്നത്. ബഷീറിനു പുറകിലായിട്ടായിരുന്നു ഈ സ്‌കൂട്ടര്‍ യാത്രികന്‍ സഞ്ചരിച്ചിരുന്നത്. സംഭവം നടന്നതിനു പിന്നാലെ ഇയാള്‍ സ്‌കൂട്ടര്‍ തിരിച്ച് വന്നവഴി മടങ്ങുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇതിനു പുറമെ പൊലീസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ച സമയം എഫ്‌ഐആറില്‍ തെറ്റായാണ് രേഖപ്പെടുത്തിയതെന്ന് സിസി ടിവി ദൃശ്യങ്ങള്‍ സ്ഥിരീകരിക്കുന്നുമുണ്ട്. സിസിടിവി സമയം അനുസരിച്ച് പുലര്‍ച്ചെ 1:01:42നാണ് അപകടമുണ്ടാകുന്നത്. പൊലീസ് സ്ഥലത്ത് എത്തിയത് 1.02: 41ന്. കൃത്യമായി പറഞ്ഞാല്‍ സംഭവം നടന്ന് 59 സെക്കന്റുകള്‍ക്കുള്ളില്‍ പൊലീസ് സ്ഥലത്തെത്തി. എന്നാല്‍ എഫ്‌ഐആറില്‍ പൊലീസ് സ്‌റ്റേഷനില്‍ വിവരം ലഭിച്ച സമയമായിട്ട് രേഖപ്പെടുത്തിയത് രാവിലെ 07:17 ആണ്. ഇക്കാര്യം സംഭവ ദിവസം തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നെങ്കിലും ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്ത് വന്നത്. പരാതിക്കാരനില്‍ നിന്ന് വിവരം ലഭിക്കാന്‍ വൈകിയത് കൊണ്ടാണ് എഫ്‌ഐആറും ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനയും വൈകിയതെന്ന പൊലീസ് വാദത്തെ പൊളിക്കുന്നതാണ് ദൃശ്യങ്ങളില്‍ നിന്നുള്ള വിവരം.

YOU MAY LIKE THIS VIDEO ALSO