Janayugom Online
Qian Hongyan

ജലവിസ്മയം

Web Desk
Posted on January 27, 2019, 8:02 am

ഇളവൂര്‍ ശ്രീകുമാര്‍

പകുതി മുറിച്ചുമാറ്റിയ ബാസ്‌കറ്റ് ബാളിനുള്ളിലേക്ക് തന്റെ അരക്കെട്ടിറക്കിവയ്ക്കുമ്പോള്‍ അവള്‍ക്ക് ഒറ്റ ആഗ്രഹമേയുണ്ടായിരുന്നു. തന്റെ വീടിനു ചുറ്റുമെങ്കിലും മറ്റുള്ളവരുടെ സഹായമില്ലാതെ ഒന്നു സഞ്ചരിക്കണം. നിലത്തുകുത്തി സഞ്ചരിക്കാന്‍ പാകത്തില്‍ രണ്ട് കൈപ്പിടികളുമായി ബാസ്‌കറ്റ്ബാളില്‍ ഞെങ്ങി ഞെരുങ്ങിയിരിക്കുന്ന അരക്കെട്ട് നിലത്തിഴച്ചുകൊണ്ട് അവള്‍ സഞ്ചരിച്ചു. വീടിനു ചുറ്റും. മെല്ലെ മെല്ലെ പുറത്തേക്ക്. തെരുവുകളില്‍, റോഡരികില്‍. അവള്‍ക്കീ ലോകം കാണണമായിരുന്നു. എഴുന്നേറ്റ് നിന്ന് ലോകത്തെ നോക്കിക്കാണാന്‍ കഴിയില്ലെങ്കിലും നിലത്തുനിന്ന് ആവുന്നത്ര തലയുയലര്‍ത്തി അവള്‍ ലോകത്തെ നോക്കി. ലോകത്തിന്റെ സൗന്ദര്യം ആസ്വദിച്ചു. പുതിയ കാഴ്ചകള്‍ക്കുവേണ്ടി കൊതിച്ചു. വീടിന്റെ മതില്‍ക്കെട്ടുകള്‍ക്ക് പുറത്തേക്ക് കുതിക്കുവാന്‍ അവളുടെ മനസ്സ് വെമ്പി. തനിക്കുവേണ്ടി ഒരു ദിവസം വരുമെന്ന് അവള്‍ സ്വപ്നം കണ്ടു. അതു സാധ്യമാവുകതന്നെ ചെയ്തു. ഒരു ജലദേവതയെപ്പോലെ അവള്‍ ഉയിര്‍ത്തെഴുന്നേറ്റു. ജലതരംഗങ്ങള്‍ ഇരുവശത്തേക്കും മാറി അവള്‍ക്കു വഴിയൊരുക്കിയപ്പോള്‍ അവള്‍ നീന്തിക്കയറിയത് ഒളിമ്പിക്‌സിന്റെ സുവര്‍ണ സ്വപ്നങ്ങളിലേക്ക്!
ഇത് ച്യാന്‍ ഹോംഗ്യാന്‍. ”ബാസ്‌ക്കറ്റ്‌ബോള്‍ ഗേള്‍” എന്ന് ലോകം ആദരവോടെ വിളിക്കുന്ന പെണ്‍കുട്ടി. നാലാമത്തെ വയസില്‍ റോഡ് മുറിച്ചുകടക്കുമ്പോഴുണ്ടായ വാഹനാപകടത്തില്‍പെട്ട് അരയ്ക്ക് താഴെ പൂര്‍ണമായും നഷ്ടപ്പെട്ടവള്‍! ഡോക്ടര്‍മാരുടെ തീവ്രപരിശ്രമംമൂലം ജീവന്‍ തിരിച്ചുകിട്ടിയവള്‍. സാമ്പത്തികമായ പിന്നോക്കാവസ്ഥയും അറിവില്ലായ്മയുംമൂലം ഭിന്നശേഷിക്കാര്‍ക്കുള്ള സഹായങ്ങളെക്കുറിച്ചോ സാധ്യതയെക്കുറിച്ചോ അറിയാതെ കല്ലും മുള്ളും നിറഞ്ഞ വീട്ടുമുറ്റത്ത് ഇഴഞ്ഞിഴഞ്ഞ് ബാല്യം കഴിച്ചവള്‍. പക്ഷേ കഠിനാധ്വാനവും ഇച്ഛാശക്തിയും കൈമുതലാക്കി അവരസത്തിനൊത്തുയര്‍ന്നപ്പോള്‍ അവള്‍ ലോകത്തിന് പ്രിയപ്പെട്ടവളായി.

Qian Hongyan

ചൈനയിലെ യുനാന്‍ പ്രവിശ്യയുടെ തെക്കുഭാഗത്തുള്ള നാട്ടിന്‍പുറത്തായിരുന്നു ച്യാന്‍ ജനിച്ചത്. തന്റെ ചുറ്റുവട്ടംപോലും നന്നായൊന്നു നടന്നുകാണാന്‍ കഴിയുംമുമ്പേ ദുര്‍വ്വിധി അവളെ നിര്‍ദ്ദയം തകര്‍ത്തുകളഞ്ഞു. 2000 ലായിരുന്നു അത്. അന്നവള്‍ക്ക് നാലുവയസ്സ് പ്രായം. മൂന്നു വര്‍ഷത്തോളം നീണ്ട ചികിത്സയ്‌ക്കൊടുവില്‍ വീട്ടിലേക്കെത്തുമ്പോള്‍ ഇവള്‍ എങ്ങനെ അതിജീവിക്കും എന്ന ആശങ്കയില്‍ മാതാപിതാക്കളും ബന്ധുക്കളും മനമുരുകി. അത്ര ദയനീയമായിരുന്നു അവളുടെ രൂപം. ക്രിത്രിമകാലുകളോ വീല്‍ചെയറോ വാങ്ങാനുള്ള ശേഷി ച്യാനിന്റെ കുടുംബത്തിനുണ്ടായിരുന്നില്ല. അവളുടെ ദുരവസ്ഥ അധികാരികളുടെ മുന്നില്‍ എത്തിക്കാനും നാട്ടിന്‍പുറത്ത് ആരുമുണ്ടായില്ല. എല്ലാവരും നിവര്‍ന്നുനിന്ന് യാത്ര ചെയ്യുമ്പോള്‍ നിലത്തിഴഞ്ഞ് മുന്നോട്ടു നീങ്ങിയ അവള്‍ മറ്റുള്ളവരെപ്പോലെ ഉയര്‍ന്നുനിന്ന് ലോകത്തെ നോക്കിക്കാണാന്‍ എപ്പോഴും ആഗ്രഹിച്ചു. നിരാശയായിരുന്നു ഫലം. നിലത്തിഴയുമ്പോല്‍ അരക്കെട്ട് നിലത്തിഴഞ്ഞ് പരുക്കേല്‍ക്കുമായിരുന്നു. അതിന് അവളുടെ മുത്തച്ഛന്‍ ഒരു പരിഹാരം കണ്ടെത്തി. അദ്ദേഹം ഒരു പഴയ ബാസ്‌കറ്റ്ബാള്‍ രണ്ടായി മുറിച്ച് ഒരു ഭാഗം അവളുടെ അരക്കെട്ടിലേക്ക് തിരുകിക്കയറ്റി! അതുമായി അവള്‍ നിലത്തിഴഞ്ഞ് സഞ്ചരിക്കാന്‍ തുടങ്ങി. കാണുന്നവര്‍ക്കൊക്കെ അത് പരിഹാസത്തിനുള്ള വക നല്‍കിയെങ്കിലും ച്യാനിന് മുറിവേല്‍ക്കാതെ യാത്ര ചെയ്യാന്‍ വലിയൊരനുഗ്രഹമായിരുന്നു അത്.


കാത്തിരിക്കുക, എപ്പോഴും ഒരത്ഭുതം നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാം എന്നു പറയാറുണ്ട്. ആ അത്ഭുതം ച്യാനിന്റെ ജീവിതത്തിലും സംഭവിച്ചു. ഒരു ഫോട്ടോഗ്രാഫാണ് അവളുടെ ജീവിതത്തിന്റെ ജാതകം മാറ്റിക്കുറിച്ചത്. അരക്കെട്ടില്‍ തിരുകിക്കയറ്റിയ ബാസ്‌ക്കറ്റ് ബോളും കൈപ്പിടിയുള്ള രണ്ടു കുഞ്ഞുപലകക്കഷണങ്ങളുമായി മുന്നോട്ട് നീങ്ങുന്ന അവളുടെ ചിത്രം ഒരു ചൈനീസ് പത്രത്തിന് ലഭിക്കുന്നു. അവര്‍ പ്രാധാന്യത്തോടെ ആ ചിത്രം പ്രസിദ്ധീകരിച്ചു. അത് ചൈനയിലാകെ ശ്രദ്ധിക്കപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ച്യാന്‍ ഹോംഗ്യാന്‍ ചൈനയിലെ താരമായി! ”ബാസ്‌ക്കറ്റ്ബാള്‍ ഗേള്‍” എന്ന വിളിപ്പേരും അവള്‍ക്കൊപ്പം ശ്രദ്ധേയമായി. പിന്നീടെല്ലാം വേഗത്തിലായിരുന്നു. പൊതുജന സുരക്ഷാ മന്ത്രാലയത്തിന്റെ സഹായത്തടെ ബീജിംഗില്‍ പ്രവര്‍ത്തിക്കുന്ന ചൈന റീഹാബിലിറ്റേഷന്‍ സെന്റര്‍ അവള്‍ക്ക് രണ്ട് കൃത്രിമക്കാലുകള്‍ നല്‍കി. അങ്ങനെ രണ്ടു കാലില്‍ നിവര്‍ന്നു നിന്ന് ലോകത്തെയൊന്ന് കാണുക എന്ന അവളുടെ അഭിലാഷം സാക്ഷാത്കൃതമായി.


കുട്ടിക്കാലം മുതല്‍ക്കേ അവള്‍ക്ക് പ്രിയപ്പെട്ട വിനോദമായിരുന്നു നീന്തല്‍. നീന്തലിനെക്കുറിച്ചുള്ള വാര്‍ത്തകളും വല്ലപ്പോഴും കാണാനിടയായിട്ടുള്ളതും അവളുടെ ആഗ്രഹത്തെ വളര്‍ത്തിക്കൊണ്ടിരുന്നു. അപ്പോഴൊക്കെ അവള്‍ തന്റെ ഇല്ലാത്ത കാലുകളോര്‍ത്ത് നെടുവീര്‍പ്പിടും. പക്ഷേ അവളുടെ ആഗ്രഹം അനുനിമിഷം തീവ്രമായിക്കൊണ്ടിരുന്നു. ഒടുവില്‍ ഭിന്നശേഷിക്കാര്‍ക്കുവേണ്ടി സ്ഥാപിച്ചിട്ടുള്ള ഒരു സ്വിമ്മിംഗ് ക്ലബ്ബില്‍ അവള്‍ ചേര്‍ന്നു. യുനാന്‍ പ്രൊവിന്‍ഷ്യല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള ആ നീന്തല്‍ പരിശീലനകേന്ദ്രം ച്യാനിന്റെ ആഗ്രഹങ്ങള്‍ക്ക് ചിറകു മുളപ്പിച്ചു. പക്ഷേ അത് ഒട്ടും സുഗമമായിരുന്നില്ല. അരയ്ക്കു താഴെ പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നതിനാല്‍ നീന്തലിനനുകൂലമായ ശരീരചലനം ദുഷ്‌ക്കരമായിരുന്നു. ജലത്തില്‍ പൊങ്ങിക്കിടക്കാന്‍ കഴിയുന്നില്ല. ശ്വാസം മുട്ടലുണ്ടാകുന്നു. പക്ഷേ അവള്‍ പിന്മാറാന്‍ തയ്യാറായിരുന്നില്ല. ദിവസം നാലു മണിക്കൂര്‍വരെ പരിശീലനം. ക്രമേണ നീന്തലല്ലാതെ മറ്റൊന്നും അവളുടെ മനസ്സിലില്ലാതായി. കഠിനമായ പരിശീലന മുറകള്‍ക്ക് അവളെ തളര്‍ത്തായായില്ല. പതിനായിരം മീറ്റര്‍ വരെ ഒരു ദിവസം നീന്തുന്ന തരത്തിലേക്ക് അത് വളര്‍ന്നു. തുടര്‍ന്ന് മത്സരങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി. 2009 ല്‍ ചൈനീസ് പാരാലിമ്പിംക്‌സില്‍ നീന്തല്‍ മത്സരത്തില്‍ ചാമ്പ്യനായതോടെ അവളുടെ ആത്മവിശ്വാസം പതിന്മടങ്ങ് വര്‍ദ്ധിച്ചു. 2015 ല്‍ യുവാന്‍ പ്രൊവിന്‍ഷ്യല്‍ പാരാലിമ്പിക്‌സ് ഗെയിംസില്‍ 100 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ സ്വര്‍ണമഡല്‍ നേടിയതോടെ ച്യാന്‍ ലോകപ്രശസ്തിയിലേക്കുയര്‍ന്നു. 2016 ലെ റിയോ പാരാലിമ്പിക്‌സിലും ജോതാവായതോടെ ച്യാന്‍ ലോകത്തിന്റെ തന്നെ പ്രിയതാരമായി മാറുകയായിരുന്നു.
ഇന്ന് ലോക മാധ്യമങ്ങളില്‍ സുവര്‍ണതാരമാണ് ച്യാന്‍. അവളുടെ വാക്കുകള്‍ക്ക് കോടിക്കണക്കിനാളുകള്‍ കാതോര്‍ക്കുന്നു. ചൈനയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റികളിലൊരാളാണിന്ന് ചാന്‍ ഹോംഗ്യാന്‍. ഓളപ്പരപ്പുകളില്‍ അവള്‍ പുതിയ പുതിയ ഇതിഹാസങ്ങള്‍ രചിച്ചുകൊണ്ടിരിക്കുന്നു. ജലത്തിലേക്ക് ഡൈവ് ചെയ്ത് സ്വര്‍ണമെഡലുമായി ഒരു ജലദേവതയെപ്പോലെ ഉയര്‍ന്നുവരുന്നു. മനസ്സുവച്ചാല്‍ ഏതു ദുരിതക്കയങ്ങളും നീന്തിക്കയറാനുള്ള അതിജീവനശേഷി നമ്മിലുണ്ടെന്ന് ബോധ്യപ്പെടുത്തിയ ഇവള്‍ക്കുമുന്നില്‍ നമുക്കെങ്ങനെ നമിക്കാതിരിക്കാനാകും?

Qian Hongyan

Qian Hongyan