ക്യാരി ബാഗിന് മൂന്ന് രൂപ ഈടാക്കിയ ‘ബാറ്റ’യ്ക്ക് 9000 രൂപ പിഴ; ഇത് വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ശക്തമായ താക്കീത്

Web Desk
Posted on April 15, 2019, 3:52 pm

ഉപഭോക്താവില്‍ നിന്ന് ക്യാരി ബാഗിന് മൂന്ന് രൂപ ഈടാക്കിയ ബാറ്റ ഷോറൂമിന് കണ്‍സ്യൂമര്‍ ഫോറം നഷ്ട പരിഹാരം വിധിച്ചു. 9000 രൂപയാണ് കണ്‍സ്യൂമര്‍ ഫോറാം നഷ്ട പരിഹാരം വിധിച്ചത്. ചണ്ഡിഗഢില്‍ നിന്നുള്ള ദിനേഷ് പ്രസാദ് രതൂരി എന്ന ഉപഭോക്താവിന്റെ പരാതിയിലാണ് നടപടി.

കമ്പനിയുടെ പരസ്യം ക്യാരി ബാഗില്‍ ഉണ്ടെങ്കില്‍ അതിന് വിലയീടാക്കാന്‍  പാടില്ലെന്ന് നിയമമുണ്ട്.

കമ്പനിയുടെ പരസ്യമുള്ള ക്യാരീ ബാഗിന് പണമീടാക്കുന്നത് സേവനത്തിലെ പോരായ്മയാണെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. ഉപഭോക്താവ് സാധനം വാങ്ങിയാല്‍ അത് കൊണ്ടുപോകാനുള്ള ബാഗ് സൗജന്യമായി നല്‍കേണ്ടത് സ്ഥാപനത്തിന്റെ ചുമതലയാണെന്നും കോടതി പറഞ്ഞു.

ഫെബ്രുവരി 5നാണ് ഇദ്ദേഹം ബാറ്റ ഷോറൂമില്‍ നിന്ന് ഒരു ജോഡി ഷൂ വാങ്ങിയത്. ഇതോടൊപ്പമുള്ള പേപ്പര്‍ ക്യാരി ബാഗിന് കമ്പനി മൂന്ന് രൂപ ഈടാക്കിയിരുന്നു. ആകെ മൊത്തം 402 രൂപയായി. ഇതില്‍ ക്യാരി ബാഗിന്‍റെ പണവും ഉള്‍പ്പെട്ടിരുന്നു.

ഉപഭോക്താവിന് ക്യാരി ബാഗിന് ഈടാക്കിയ 3 രൂപ തിരിച്ചു കൊടുക്കുകയും 1000 രൂപ വ്യവഹാരച്ചെലവിലേക്ക് നല്‍കുകയും വേണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതുകൂടാതെ ഉപഭോക്താവ് അനുഭവിച്ച മാനസികവിഷമതയ്ക്ക് പരിഹാരമായി 3000 രൂപ നല്‍കണം. 5000 രൂപ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷനില്‍ 5000 രൂപയും കെട്ടിവെക്കണം.