പവര്‍കട്ടിന് കാരണം വവ്വാലുകളാണെന്ന് മധ്യപ്രദേശിലെ വൈദ്യുതി കമ്പനി

Web Desk
Posted on June 22, 2019, 9:58 pm

ഭോപ്പാല്‍: മധ്യപ്രദേശില്‍ തുടര്‍ച്ചയായുളള പവര്‍കട്ടിന് കാരണം വവ്വാലുകളാണെന്ന് സംസ്ഥാന വൈദ്യുതി കമ്പനി. എന്നാല്‍ വവ്വാലുകളല്ല, ട്രാന്‍സ്‌ഫോര്‍മറുകളുടെ ഓവര്‍ ലോഡാണ് ഇതിന് കാരണമെന്ന് പറഞ്ഞ് സംസ്ഥാന ഊര്‍ജ്ജ മന്ത്രി കമ്പനിയുടെ വാദം തളളി.
മധ്യപ്രദേശില്‍ തുടര്‍ച്ചയായുളള പവര്‍കട്ടില്‍ ജനം വലയുകയാണ്. കടുത്ത ചൂടും ദുരിതം ഇരട്ടിയാക്കിയെന്ന് ജനം പറയുന്നു. അതിനിടെയാണ് വിചിത്ര വാദവുമായി വൈദ്യൂതി കമ്പനി രംഗത്ത് വന്നത്.

വവ്വാലുകളാണ് നിരന്തരമുളള പവര്‍കട്ടിന് കാരണമെന്നാണ് സംസ്ഥാന വൈദ്യുതി കമ്പനി വാദിക്കുന്നത്. തലസ്ഥാനമായ ഭോപ്പാല്‍ ഉള്‍പ്പെടെയുളള പ്രദേശങ്ങളില്‍ വവ്വാലുകള്‍ വിതരണ ശൃംഖലയില്‍ കേടുപാടുകള്‍ വരുത്തുന്നതായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. വൈദ്യുതി കമ്പികളില്‍ വവ്വാലുകള്‍ തൂങ്ങികിടക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകുന്നു. ഇതാണ് അത്യധികമായി പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നും കമ്പനി അധികൃതര്‍ വാദിക്കുന്നു.
എന്നാല്‍ കമ്പനിയുടെയും സര്‍ക്കാരിന്റെയും നിലപാടിനെ തളളുന്നതാണ് സംസ്ഥാന ഊര്‍ജ മന്ത്രിയുടെ പ്രസ്താവന. ട്രാന്‍സ്‌ഫോര്‍മറുകളുടെ ഓവര്‍ലോഡാണ് പ്രശ്‌നത്തിന് കാരണമെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. വൈദ്യുതി വിതരണ ലൈനുകള്‍ ഉടന്‍ പുനഃസ്ഥാപിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

You May Like This Video