ഇന്ത്യ‑ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് മത്സരം ആരംഭിക്കും. നേരത്തെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ 2–1ന് ഇന്ത്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരുന്നു.
രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഇന്നത്തെ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ രോഹിത് തിരിച്ചെത്തും. സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന്റെ അഭാവത്തിൽ സ്റ്റീവ് സ്മിത്താണ് ആദ്യ ഏകദിനത്തിൽ ഓസീസിനെ നയിക്കുന്നത്. ഇതോടെ, പകരക്കാരായ നായകന്മാർ തമ്മിലുള്ള പോരാട്ടമാകും ആദ്യ ഏകദിനം.
ഈ വർഷം ഒക്ടോബർ – നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മുൻനിർത്തിയാകും ഇരു ടീമുകളും ഏകദിന പരമ്പരയ്ക്ക് ഇറങ്ങുക. ഇന്ത്യയെ സംബന്ധിച്ച്, ഓസീസിനെതിരായ മൂന്നു മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയ്ക്കു ശേഷം ജൂലൈ വരെ ഏകദിന പരമ്പരകളില്ല. അതുകൊണ്ടുതന്നെ ലോകകപ്പ് ടീമിനെ വാർത്തെടുക്കാനുള്ള ശ്രമത്തിൽ നിർണായക പരമ്പരയാകും ഇത്. ശ്രീലങ്കയ്‌ക്കും ന്യൂസിലാൻഡിനുമെതിരെ നാട്ടിൽ ഏകദിന പരമ്പരകൾ സ്വന്തമാക്കിയാണ് ഇന്ത്യ ലോകകപ്പ് വർഷത്തിനു തുടക്കം കുറിച്ചത്. പരിക്കിനെ തുടർന്ന് കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ തുടങ്ങിയ സ്ഥിരം മുഖങ്ങളുടെ അസാന്നിധ്യത്തിലായിരുന്നു ഇരു പരമ്പരകളും നടന്നത്. ഇരുവരും ടീമിൽ തിരിച്ചെത്തിയെങ്കിലും ശ്രേയസ് അയ്യർ, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് തുടങ്ങിയവർ ഇക്കുറി പരിക്കുമൂലം ടീമിനു പുറത്താണ്.
ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഏകദിന പരമ്പര പൂര്‍ണമായി നഷ്ടമാകും. അയ്യരുടെ പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ രണ്ട് സെഞ്ചുറി നേടിയ വിരാട് കോലിക്ക് ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ പക്ഷെ തിളങ്ങാനായിരുന്നില്ല. ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റിലും നിറം മങ്ങിയ വിരാട് കോലി അഹമ്മദാബാദില്‍ നടന്ന നാലാം ടെസ്റ്റില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയത് ഇന്ത്യക്ക് ആശ്വാസമാണ്. ടെസ്റ്റ് പരമ്പരയില്‍ നിറം മങ്ങിയ കെ എല്‍ രാഹുലിന് നാളെ മധ്യനിരയില്‍ അവസരം ലഭിക്കും. അവസാന രണ്ട് ടെസ്റ്റില്‍ രാഹുലിനെ 11 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഏകദിനത്തിലും സ്ഥാനം നിലനിര്‍ത്താന്‍ രാഹുലിന് മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ഒന്നാം ഏകദിനത്തിൽ രോഹിത്തിന്റെ അസാന്നിധ്യത്തിൽ ഗില്ലിനൊപ്പം കിഷൻ ഓപ്പണറായേക്കാമെങ്കിലും, രണ്ടും മൂന്നും ഏകദിനങ്ങൾക്കായി രോഹിത് തിരിച്ചെത്തുന്നതോടെ കിഷൻ ബെഞ്ചിലേക്കു മാറാനാണ് സാധ്യത. ഈ വർഷം കളിച്ച ആറ് ഏകദിന ഇന്നിങ്സുകളിൽ ഓപ്പണറെന്ന നിലയിൽ 70, 21, 116, 208, 40*, 112 എന്നിങ്ങനെയാണ് ഗില്ലിന്റെ പ്രകടനം. താരത്തെ തഴയില്ലെന്നു ചുരുക്കം. സൂര്യകുമാർ യാദവിനു പകരം ടീം മാനേജ്മെന്റ് മധ്യനിരയിലേക്ക് പരിഗണിക്കുകയെന്നതാണ് ഇഷാൻ കിഷനു മുന്നിലുള്ള മറ്റൊരു സാധ്യത.
മാത്രമല്ല, നീണ്ട നാളുകള്‍ക്ക് ശേഷം ഏകദിന ടീമിലേക്ക് രവീന്ദ്ര ജഡേജയെത്തുമ്പോള്‍ ഓള്‍റൗണ്ടര്‍മാരുടെ വിഭാഗത്തില്‍ ഇന്ത്യ ശക്തിപ്രാപിക്കും. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ക്കായിരിക്കും ടീമിന്റെ പേസ് ബൗളിങ്ങിന്റെ ചുമതല.
ഏകദിന ടീമിലേക്ക് ഗ്ലെന്‍ മാക്സ്‌വെല്ലും കൂടി തിരിച്ചെത്തിയതോടെ വെടിക്കെട്ട് ബാറ്റിങ് നിരയാണ് ഓസ്ട്രേലിയയ്ക്കുള്ളത്. ഒപ്പം കാമറൂണ്‍ ഗ്രീനും ഓള്‍റൗണ്ടറായ മാര്‍ക്കസ് സ്റ്റോയിനിസുമുണ്ട്. ടെസ്റ്റില്‍ പരമ്പര നഷ്ടപ്പെടുത്തിയതിനാല്‍ ഏകദിന പരമ്പര പിടിച്ച് തിരിച്ചുവരവിനായിരിക്കും ഓസീസ് ശ്രമിക്കുക. സ്മിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ അവസാന രണ്ട് ടെസ്റ്റിലും ഓസീസ് തോറ്റിട്ടില്ല. മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ വിജയവും നാലാം ടെസ്റ്റില്‍ സമനിലയിലുമെത്തിക്കാന്‍ സ്മിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ സാധിച്ചു. ശക്തമായ ബാറ്റിങ്, ബൗളിങ് നിരയുള്ള ഓസീസ് ഇന്ത്യക്ക് വെല്ലുവിളിയാകുമോയെന്ന് കാത്തിരുന്ന് കാണണം.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.