Site icon Janayugom Online

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം: മോഡിയുടെ പങ്ക് വെളിപ്പെടുമെന്ന ഭയത്തില്‍ ബിജെപിയും സംഘ്പരിവാറും തെരുവില്‍

bbc docu

മാധ്യമങ്ങളുടെ വായ് മൂടിക്കെട്ടുന്ന കേന്ദ്രഭരണകൂടത്തിന്റെയും ബിജെപിയുടെയും നിലപാടുകള്‍ക്കെതിരെ കേരളത്തില്‍ യുവജനങ്ങളും വിദ്യാര്‍ത്ഥികളും തെരുവില്‍. ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോഡിയുടെ പങ്ക് വെളിവാക്കുന്ന ‘ഇന്ത്യ: ദ മോഡി ക്വസ്റ്റ്യന്‍’ എന്ന ബിബിസിയുടെ ഡോക്യുമെന്ററി സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കുമെന്ന് യുവജന‑വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രഖ്യാപിച്ചു. ഇതോടെ ബിജെപിയും സംഘ്പരിവാര്‍ സംഘടനകളും പ്രതിഷേധവും അക്രമവുമായി രംഗത്തെത്തി. 

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന് എഐവൈഎഫ് ആവശ്യപ്പെട്ടു. 2002ലെ ഗുജറാത്ത് കലാപത്തിലുള്‍പ്പെടെ നരേന്ദ്രമോഡിയുടെ പങ്കിനെ കുറിച്ച് വളരെ വ്യക്തമായി തുറന്നുകാട്ടുന്ന ഡോക്യുമെന്ററിയാണ് ബിബിസി പുറത്തുവിട്ടത്. ഇത് നിരോധിച്ച കേന്ദ്രസർക്കാർ നടപടി ഫാസിസമാണ്. വിമർശനങ്ങളെ ഉൾക്കൊള്ളുന്നതിന് പകരം കടുത്ത അസഹിഷ്ണുതയിലൂടെ അഭിപ്രായസ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തുന്നതിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് എഐവൈഎഫ് പ്രഖ്യാപിച്ചു.

കേരളത്തിൽ വ്യാപകമായി ഡോക്യുമെന്ററി പ്രദർശനം നടത്തുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും അറിയിച്ചു. വിവിധയിടങ്ങളില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് എഐഎസ്എഫും ഡിവൈഎഫ്ഐയും എസ്എഫ്ഐയും യൂത്ത് കോണ്‍ഗ്രസും പ്രഖ്യാപിച്ചു.

കണ്ണൂര്‍ സര്‍വകലാശാലയിലും സംസ്കൃത സര്‍വകലാശാലയിലും തിരുവനന്തപുരം ലോ കോളജിലും തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, വയനാട് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. പലയിടത്തും ബിജെപിയും അനുകൂല സംഘടനകളും പ്രതിഷേധത്തിന്റെ പേരില്‍ അക്രമം അഴിച്ചുവിട്ട് പ്രദര്‍ശനം തടയാനുള്ള ശ്രമം നടത്തി. തിരുവനന്തപുരത്ത് പൂജപ്പുരയിലും മാനവീയം വീഥിയിലും ഡോക്യുമെന്ററി പ്രദര്‍ശനം തടയാന്‍ ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. 

ഡിവൈഎഫ്ഐയുടെ നേതൃത്വത്തിലാണ് കോഴിക്കോട്ട് പ്രദര്‍ശനം നടന്നത്. സംസ്ഥാനത്ത് രണ്ടായിരം കേന്ദ്രങ്ങളില്‍ ഇത് പ്രദര്‍ശിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി വസീഫ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലും കുറ്റിച്ചിറയില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചു. കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ട്പറമ്പ് ക്യാമ്പസിലായിരുന്നു പ്രദർശനം.

കാലടി സംസ്കൃത സർവകലാശാലയിൽ പ്രദർശനം തടയാനെത്തിയ ബിജെപി പ്രവർത്തകർ സർവകലാശാലക്ക് മുന്നിലെ എഐഎസ്എഫ് കൊടികള്‍ നശിപ്പിച്ചു. സർവ്വകലാ ശാലയുടെ കാമ്പസിന് അകത്താണ് ഡോക്യുമെന്ററി പ്രദർശിപ്പിച്ചത്. ഇതറിഞ്ഞ പത്തോളം വരുന്ന ബി ജെ പി പ്രവർത്തകർ പ്രകടനമായി സർവ്വകലാശാലയിലേക്ക് എത്തുകയായിരുന്നു. സർവ്വകലാശാലക്ക് മുന്നിലെത്തിയ ബിജെപി പ്രവർത്തകരെ ബാരിക്കേഡ് ഉയർത്തി പൊലീസ് തടഞ്ഞു. ഇതേ തുടർന്നാണ് ബിജെപി പ്രവർത്തകർ എഐ എസ് എഫിന്റെ അടക്കം പ്രദേശത്തുണ്ടായിരുന്ന കൊടികൾ നശിപ്പിച്ചത്. 

രാജ്യത്തെ അപമാനിക്കുന്നതാണ് ഡോക്യുമെന്ററിയെന്നും പ്രദര്‍ശനം തടയണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം മുഖ്യമന്ത്രി ഇടപെട്ട് തടയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരനും ആവശ്യപ്പെട്ടു. 

Eng­lish Sum­ma­ry: BBC doc­u­men­tary screen­ing: BJP, Sangh Pari­var on streets fear­ing Mod­i’s role exposed

You may also like this video

Exit mobile version