ജാഗരൂകരാവുക

Web Desk
Posted on November 10, 2019, 11:07 pm

 റീജിയണൽ കോപ്രിഹെൻസിവ് ഇക്കണോമിക് പങ്കാളിത്ത കരാറിൽ നിന്നും പിൻമാറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നടപടികളെ സംഘപരിവാർ ഉപജാപക വൃന്ദങ്ങൾ വാനോളം വാഴ്ത്തി പാടുന്നു. പ്രധാനമന്ത്രിയുടെ ധീരോദാത്തമായ വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടിന്റെ ഭാഗമായി രാജ്യത്തെ കർഷകരും കർഷക തൊഴിലാളികളും രക്ഷപെട്ടു എന്ന വാദഗതികളാണ് ഇവർ പ്രചരിപ്പിക്കുന്നത്. ദേശീയ ബോധവും ദീർഘദൃഷ്ടിയുമുള്ള നിലപാടാണ് സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചത്. എന്നാൽ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപജാചക വൃന്ദവും കരാറും അതിൽ നിന്നും പിൻമാറിയതുമായി ബന്ധപ്പെട്ട വിഷയത്തിൽ ചില ചോദ്യങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥരാണ്. രാജ്യത്തെ കർഷകരെ സംബന്ധിച്ചിടത്തോളം മോഡി സ്വീകരിച്ച നിലപാട് ആശ്വാസം പകുരുന്ന നിലപാടാണ്.

ബാങ്കോക്കിൽ നടന്ന ആർസിഇപി ഉച്ചകോടിയിൽ നിന്നുള്ള പിൻമാറ്റത്തിലൂടെ മാത്രം പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നില്ല. കരാർ ഒപ്പിട്ടാൽ ഉണ്ടാകുന്ന സാമ്പത്തിക വിപത്ത് സംബന്ധിച്ച് രാജ്യത്തെ കർഷകരും കർഷക തൊഴിലാളികളും ബോധവാൻമാരാണ്. ഇവരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് കരാർ ഒപ്പിടുന്നതിൽ നിന്നും മോ‍ഡി സർക്കാർ പിൻമാറിയത്. രാജ്യത്തെ ജനങ്ങളെ ഈ നിലപാടിൽ ആകൃഷ്ടരാക്കുന്നതിന് പല തന്ത്രങ്ങളും സംഘപരിവാർ അനുകൂലികൾ സ്വീകരിക്കുന്നു. എന്നാൽ കരാറിന്റെ പിന്നിലുള്ള അപകടങ്ങൾ സംബന്ധിച്ച് ഇനിയും സർക്കാരിന് വ്യക്തതയില്ല. കരാറിന്റെ പ്രതിലോമ വശങ്ങൾ സംബന്ധിച്ച വിമർശനങ്ങൾ ഉന്നയിക്കുന്നവരെ മുൻകാലങ്ങളിലെപ്പോലെ ഇപ്പോഴും അവമതിക്കുന്നു. നവ ഉദാരവൽക്കരണത്തിന്റെ ഉൽപ്പന്നമായ സ്വതന്ത്ര കമ്പോളം എന്ന ആശയത്തിൽ നിന്നാണ് ആർസിഇപി കരാർ ഉടലെടുക്കുന്നത്. പങ്കാളിത്ത രാജ്യങ്ങൾക്ക് അനിയന്ത്രിതമായ കമ്പോളവും വ്യാപാരവുമാണ് കരാ‍ർ ഉറപ്പുനൽകുന്നത്.

2012ലാണ് ആർസിഇപി കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ ആരംഭിക്കുന്നത്. ആസിയൻ രാജ്യങ്ങൾ കൂടതെ ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്ട്രേലി, ന്യൂസിലൻഡ് എന്നി ആറ് രാജ്യങ്ങൾകൂടി ഉൾപ്പെടുത്തിയാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇതിന്റെ അടിസ്ഥാനത്തിൽ ആർസിഇപി ലോകത്തിലെതന്നെ മൂന്നാമത്തെ വലിയ വ്യാപാര കൂട്ടായ്മയായി മാറുന്നു. ഇപ്പോഴത്തെ സാമ്പത്തിക സാഹചര്യത്തിൽ ഒരോ രാജ്യവും തങ്ങൾക്ക് അനുസൃതമായ വിധത്തിൽ കമ്പോളങ്ങൾ ക്രമീകരിക്കാനാനുള്ള ശ്രമങ്ങളാണ് സ്വീകരിക്കുന്നത്. ലോകജനസംഖ്യയുടെ അടിസ്ഥാനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ കമ്പോള ആധിപത്യം സ്ഥാപിക്കുകയെന്നത് എല്ലാ സാമ്പത്തി­ക ശക്തികളും താൽപ്പര്യപ്പെടുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ കരാറുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തുന്നവർ ഇക്കാര്യത്തിൽ ജാഗരൂകരാകണം. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഭരണ രാഷ്ട്രീയ നേതൃത്വങ്ങൾ ഇക്കാര്യത്തിൽ ദയനീയമായി പ­രാ­ജയപ്പെട്ടു. നവംബർ നാലിന് ഒപ്പിടാൻ തയ്യാറാക്കി­യ കരാർ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപകടകരമാണ്.

ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ ഏഷ്യാ- പെസഫിക് രാജ്യങ്ങൾക്ക് ഇന്ത്യയിൽ അനിയന്ത്രിതമയി ഇറക്കുമതികൾ നടത്താനാകും. ഇത് മറ്റുരാജ്യങ്ങളുമായി ഇപ്പോൾ തുടരുന്ന വ്യാപാര ബന്ധങ്ങൾക്ക് തിരിച്ചടിയാകും. രാജ്യത്തെ ചെറുകിട- ഇടത്തരം വ്യാപാര സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ ചൈന, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾ ഇല്ലാതാക്കി. ക്ഷീരം, കാർഷിക എന്നീ മേഖലകളെ ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങൾ ഇല്ലാതാക്കി. ഈ സാഹചര്യത്തിലാണ് പുതിയ കരാറിനെതിരെ കർഷകരും കർഷക തൊഴിലാളികളും പ്രതിഷേധിച്ചത്. ആർസിഇപി കരാറിന്റെ പേരിൽ കോൺഗ്രസിനെ വിമർശിക്കുന്ന ബിജെപി നേതാക്കളെ നോക്കി രാജ്യത്തെ ജനങ്ങൾ പരിഹാസം തൂകും. 2012ൽ കോൺഗ്രസാണ് ആർസിഇപി കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങിയത്. എന്നാൽ ഇതിന് ആക്കം കുടൂന്നത് 2014ൽ മോഡി സർക്കാർ അധികാരത്തിലെത്തിയശേഷമാണ്. 2014 മുതൽ 2019വരെ വളരെ തിടുക്കത്തിലാണ് ചർച്ചകൾ നടന്നത്. ഇന്ത്യയിൽ കരാറിനെതിരെ നടന്ന പ്രക്ഷോഭങ്ങളെ അവമതിക്കാൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ തയ്യാറായി. ഇതെല്ലം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അറിവോടെയാണ് നടന്നത്. അതേ നരേന്ദ്ര മോഡിയാണ് ഇപ്പോൾ ഗാന്ധിജിയുടെ തത്വങ്ങൾ പറയുന്നത്. ഇത് അവിശ്വസനീയമാണ്.

ഡൽഹി, ജാർക്കണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽകണ്ടുള്ള തന്ത്രങ്ങളാണ് കൗശല ബുദ്ധിയുള്ള മോഡി ഇക്കാര്യത്തിൽ സ്വീകരിച്ചത്. ചെെനയുമായി വ്യാപാര യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന അമേരിക്കയാണ് മോഡിയുടെ ഇപ്പോഴുള്ള തീരുമാനത്തിന് സമ്മർദ്ദം ചെലുത്തിയത്. ഇപ്പോൾ ബാങ്കോക്കിൽ ഒപ്പിടാത്ത കരാർ 2020ൽ വിയ്റ്റനാമിൽ ഒപ്പിടുമെന്ന പ്രതീക്ഷയിലാണ് മോഡി സരർക്കാരിലെ ഉന്നതർ. ഈ സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഇപ്പോഴും കരാറുമായി ബന്ധപ്പെട്ട അപകടങ്ങൾ ഡെമോക്ലിസിന്റെ വാൾ പോലെ തലയ്ക്ക് മൂകളിൽ തൂങ്ങി നിൽക്കുന്നു. രാജ്യത്തെ കർഷകർ, കർഷക തൊഴിലാളികൾ എന്നിവരുടെ ജീവനും ജീവനോപാധിക്കും ഗുരുതരമായ ഭീഷണിയായി. അതുകൊണ്ടുതന്നെ രാജ്യത്തെ ജനങ്ങൾ ജാഗരൂകരാകണം. പോരാട്ടത്തിനുള്ള വീര്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്.