ബിനോയ് വിശ്വം

കരിക്കട്ടകളും ചാരകൂമ്പാരങ്ങളും പറയുന്നു, ആ സത്യം ഭാഗം2

March 10, 2020, 4:45 am

വിഷവിത്തുകൾക്കെതിരെ ജാഗ്രതവേണം

Janayugom Online

വർഗ്ഗീയ കലാപങ്ങളുടെ മതവിരുദ്ധത ഒരു യാഥാർത്ഥ്യമാണ്. മതവിശ്വാസികൾ അത് തിരിച്ചറിയാൻ വൈകുന്തോറും മതങ്ങൾക്കുള്ളിൽ ദൈവം ദുർബലമാവുകയും ചെകുത്താൻ ശക്തിനേടുകയും ചെയ്യും. സത്യത്തിൽ മതങ്ങൾ നേരിടുന്ന ഈ പ്രതിസന്ധിയിലേക്ക് കൂടി വർഗ്ഗീയ കലാപങ്ങൾ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. സിഎഎ, എൻപിആർ, എൻആർസി എന്നിവയിലൂടെ ആർഎസ്എസ്-ബിജെപി സർക്കാർ ലക്ഷ്യമാക്കുന്നത് ധ്രുവീകരണമാണ്. പൗരത്വത്തിന്റെ അടിസ്ഥാനം മതമാകുന്ന അവസ്ഥയിലേക്കാണ് ഈ നിയമങ്ങളെല്ലാം വിരൽചൂണ്ടുന്നത്. അത്തരമൊരു സ്ഥിതി വിശേഷം മതേതര ഭാരതത്തിന് അചിന്ത്യമാണ്. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമായത് ദേശീയ സ്വാതന്ത്യസമരത്തിന്റെ സദ്മൂല്യങ്ങളെല്ലാം ഏറ്റുവാങ്ങിക്കൊണ്ടായിരുന്നു. പാകിസ്ഥാനെപ്പോലെ മതാധിഷ്ഠിത രാഷ്ട്രമായിക്കൂട എന്ന തീരുമാനം സ്വതന്ത്ര ഇന്ത്യ കൈക്കൊണ്ട മഹത്തായ തീരുമാനങ്ങളിലൊന്നാണ്. നാനാത്വങ്ങളിലെ ഏകത്വം എന്ന തത്വം ഇന്ത്യൻ വൈവിധ്യങ്ങളുടെ വിളംബരം കൂടി ആകുന്നു. നമ്മുടെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെ മറുപുറത്ത് നില്ക്കുന്നവർക്ക് മാത്രമേ പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കാൻ കഴിയൂ. ഒരു ഭാഗത്ത് മതനിരപേക്ഷതയും മറുഭാഗത്ത് മതരാഷ്ട്രവാദവും എന്ന അടിസ്ഥാനത്തിലാണ് ഇന്ത്യയിൽ രാഷ്ട്രീയ ധ്രുവീകരണം നടക്കുന്നത്.

ഹിന്ദുക്കളെയെല്ലാം തങ്ങൾക്കൊപ്പം ചേർത്തുകൊണ്ടും മുസ്‌ലിങ്ങളെ മറുഭാഗത്ത് ഒറ്റപ്പെടുത്തിക്കൊണ്ടും ധ്രുവീകരണം ഉണ്ടാക്കാമെന്ന ആർഎസ്എസ്-ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പദ്ധതികളാണ് ജനങ്ങളാൽ വെല്ലുവിളിക്കപ്പെട്ടത്. പൗരത്വ ഭേദഗതി നിയമത്തിലൂടെ പ്രതിഷേധത്തിന്റെ കൊടി ഉയർത്തിയ സർവകലാശാല കാമ്പസുകളും ഷഹീൻബാഗ് അടക്കമുള്ള സമരകേന്ദ്രങ്ങളും ഇന്ത്യ സാക്ഷ്യം വഹിക്കുന്ന പുതിയ ഉണർവിന്റെ പ്രതീകങ്ങളായി മാറി. ഇടുങ്ങിയ മതചിന്തകളുടെ അതിർവരമ്പുകൾ മറികടന്നുകൊണ്ട് ജനങ്ങൾ മതനിരപേക്ഷതയുടെ കാവൽക്കാർ ആവുക ആയിരുന്നു. സങ്കുചിതത്വത്തിന് വഴങ്ങാത്ത ഹിന്ദു മതവിശ്വാസവും അക്രമാസക്തമായ സങ്കുചിതത്വം മുഖമുദ്രയായ ‘ഹിന്ദുത്വ’ വാദവും തമ്മിലുള്ള വൈരുദ്ധ്യം ജീവിത പ്രശ്നങ്ങളെ മുൻനിർത്തിയുള്ള ജനകീയ പ്രക്ഷോഭങ്ങളിലൂടെ കൂടുതൽ പ്രകടമായി. അത് ആർഎസ്എസ് നയിക്കുന്ന ഭരണ നേതൃത്വത്തിലുണ്ടാക്കിയ വെപ്രാളം വലുതാണ്. അതിന്റെ കൂടി സൃഷ്ടിയാണ് ഡൽഹിയിൽ അവർ അഴിച്ചുവിട്ട കലാപങ്ങൾ. രണ്ട് മാസത്തിലേറെക്കാലം അതിനായി അവർ തക്കം പാർത്തിരുന്നു. ജെഎൻയുവിലും ജാമിയായിലും ഷഹീൻബാഗിലുമെല്ലാം മുഖംമൂടി അണിഞ്ഞും അണിയാതെയും ജയ് ശ്രീറാം വിളികളുമായി അവർ എത്തി. അവരിലെ അത്യുത്സാഹികൾ ഗോഡ്സേയെ വാഴ്ത്തുവാൻ മഹാത്മാ ഗാന്ധിയെ ഇകഴ്ത്തിക്കൊണ്ടിരുന്നു.

സ്വാതന്ത്ര്യ സമരം ബ്രിട്ടീഷ്‌കാരുമായുള്ള ഒത്തുകളിയായിരുന്നു എന്നവർ കണ്ടു പിടിച്ചു. ‘ഗോലി മാറോ സാലോം കൊ’ എന്ന ഗർജ്ജനവുമായി കേന്ദ്ര മന്ത്രിമാരും എംപിമാരും രംഗത്തിറങ്ങി. അമേരിക്കൻ പ്രസിഡന്റിന്റെ സന്ദർശന തീയതിയുമായി ബന്ധപ്പെടുത്തിക്കൊണ്ടാണോ എന്ന് സംശയിക്കുമാറ് അന്ത്യശാസനങ്ങൾ ഉണ്ടായി എന്നത് ഈ വർഗ്ഗീയ അക്രമണത്തിന്റെ പ്രത്യേകതയാണ്. കോർപ്പറേറ്റ് വിധേയത്വത്തോടൊപ്പം ട്രംപുമായി സംഘപരിവാർ പങ്കിടുന്ന നിലപാടാണ് ഇസ്‌ലാമോഫോബിയ (അന്ധവും ക്രൂരവും ആയ മുസ്‌ലിം വിദ്വേഷം). അതുകൊണ്ടു തന്നെ മുസ്‌ലിങ്ങളുടെ മേലുള്ള കടന്നാക്രമണം ട്രംപിന്റെ പ്രീതി നേടാൻ ഉതകും എന്നു ചിന്തിക്കുന്ന പരിവാർ ശക്തികളും ഈ കലാപത്തിന്റെ മുഹൂർത്തം കുറിച്ചവരിൽ ഉണ്ടാകാം. സോണിയ വിഹാറിൽ മൂന്നാം നമ്പർ ഗലിയിൽ വച്ച് ഞങ്ങളോട് സൗമ്യനായി ന്യായവാദം ചെയ്ത ഒരു ബിജെപി പ്രവർത്തകൻ തന്റെ മനസിലുള്ള ട്രംപുഭക്തി മറയില്ലാതെ പറയുകയും ചെയ്തു. ട്രംപ് ലോകത്തിന്റെ മുഴുവൻ നേതാവാണെന്നും അദ്ദേഹം വരുമ്പോൾ തലസ്ഥാനത്ത് സമരംചെയ്യുന്നത് രാജ്യദ്രോഹപരമാണെന്നാണ് അയാൾ വാദിച്ചത്. ലവലേശം പ്രകോപനമില്ലാതെയാണ് ആ ചെറുപ്പക്കാരൻ സംസാരിച്ചത്. തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ ജയ് ശ്രീറാം വിളികളുമായി വിദ്വേഷവിഷം കുത്തിയവരുടെ ആശയ ബന്ധുവാണ് അയാളെന്ന് അപ്പോൾ തോന്നുക പോലും ഇല്ലായിരുന്നു. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പരിശീലനം അങ്ങനെയാണ്. വർഗ്ഗീയ കലാപം കത്തിപടരുമ്പോൾ ന്യൂനപക്ഷം വർഗ്ഗീയ വാദവും വെറുതേയിരിക്കില്ല. തങ്ങളാൽ ആവുന്നതു പോലെ എല്ലാം സാധ്യമായ സ്ഥലങ്ങളിളെല്ലാം അവർ ഇടപെടാൻ ശ്രമിക്കും. അക്കാര്യത്തിൽ ഒരു വർഗ്ഗീയവാദം മറ്റൊരു വർഗ്ഗീയവാദത്തേക്കാൾ മെച്ചമാണെന്ന് പറയുക വയ്യ.

ഭൂരിപക്ഷ വർഗ്ഗീയവാദത്തിന് ന്യൂനപക്ഷ വർഗ്ഗീയവാദമാണ് പ്രതിവിധി എന്ന ആശയഗതിക്കാരും വെറുതേ ഇരിക്കുന്നില്ല. ആർഎസ്എസിന്റെ മുസ്‌ലിം പതിപ്പുകൾ ന്യൂനപക്ഷ രാഷ്ട്രീയത്തിൽ വിഷം കലർത്താൻ നിരന്തരം ശ്രമിക്കുന്നവരാണ്. അവരുടെ ചെയ്തികൾ ഫലത്തിൽ സഹായിക്കുന്നത് ഭൂരിപക്ഷ വർഗ്ഗീയതയെ തന്നെയാണ്. മുസ്‌ലിം സമുദായത്തിനുണ്ടായ നഷ്ടം നികത്താനെന്നവണ്ണം തക്കംകിട്ടിയ ഇടങ്ങളിൽ അവർ ഹിന്ദുക്കളുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആക്രമണം അഴിച്ചുവിടുകയുണ്ടായി. ഞങ്ങൾ ചെന്ന ചില സ്ഥലങ്ങളിൽ അതിന്റെ നഷ്ടാവശിഷ്ടങ്ങൾ കാണാൻ കഴിഞ്ഞു. ഭരണകൂടത്തിന് വേണ്ടത് അത് തന്നെയായിരുന്നു. നിഷ്കളങ്കരായ മുസ്‌ലിങ്ങളെ കടന്നാക്രമിക്കാൻ സ്വന്തം ചൊൽപ്പടിയിലുള്ള വർഗ്ഗീയ ക്രിമിനൽ സംഘത്തെ അവർ കയറൂരി വിട്ടു. അതിനു തിരിച്ചടിയായി ചിലയിടത്തെങ്കിലും ഹിന്ദുക്കൾക്ക് നേരെ ആക്രമണമുണ്ടായപ്പോൾ ലക്ഷ്യം നേടിയവരെപ്പോലെ അവർ സന്തോഷിച്ചു. പൊലീസിനെ നിഷ്‌ക്രിയമാക്കി വർഗ്ഗീയ ഭ്രാന്തിനെ കത്തിപ്പടരാൻ അവസരമൊരുക്കിയത് ഭരണകൂടമാണെന്നത് ആരെയും ഞെട്ടിക്കുന്ന സത്യമാണ്. എവിടെയും ജനങ്ങൾ അമർഷത്തോടെയും ദുഃഖത്തോടെയും ആണ് ഇക്കാര്യം പറഞ്ഞത്. ആക്രമണകാരികളിൽ നിന്ന് രക്ഷിക്കണേ എന്ന് യാചിച്ചവരോട് ‘നിങ്ങൾക്ക് ആസാദി വേണ്ടേ’ എന്നാണ് ധാർഷ്ട്യത്തോടെ പൊലീസ് പ്രതികരിച്ചത്. വർഗ്ഗീയ കലാപങ്ങളുടെ സംഘാടനത്തിലും നടത്തിപ്പിലും ഭരണകൂടം അതിന് തുണനിന്ന രീതിയിലുമെല്ലാം 2020 ലെ ഡൽഹി കലാപത്തിന് 2002 ലെ ഗുജറാത്ത് കലാപവുമായി സാദൃശ്യം ഏറെ ഉണ്ട്. അന്നത്തെ ഗുജറാത്തിലെ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്.

ചിന്തിക്കുന്നവർക്ക് അതിൽ നിന്ന് വായിച്ചെടുക്കാൻ ഒരുപാട് പാഠങ്ങളുണ്ട്. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തിന്റെ ഘടന പരിശോധിച്ചാൽ അതിന്റെ ഗതി എന്തായിരിക്കുമെന്ന് ഇപ്പോഴേ വ്യക്തമാകും. കുറ്റവാളികളെ വെള്ളപൂശുവാനും എല്ലാം നഷ്ടപ്പെട്ടവരുടെ മുറിവുകളിൽ മുളക് തേയ്ക്കാനും ആയിരിക്കും ആ അന്വേഷകന്മാർ ശ്രമിക്കുക. കലാപഭൂമികളിലെല്ലാം ഇപ്പോഴും ആശങ്കകൾ പുകയുന്നുണ്ട്. ഭയമാണ് എല്ലായിടത്തും. എല്ലാം നഷ്ടപ്പെട്ടവരുടെ തോരാത്ത കണ്ണുനീരാണ് എല്ലാ കലാപങ്ങളുടേയും ബാക്കിപത്രം. കലാപങ്ങൾക്ക് കോപ്പ്കൂട്ടിയവർക്കും അതിന്റെ വിത്ത് പാകിയവർക്കും ഒന്നും നഷ്ടപ്പെടാനില്ല. അവർക്ക് കൊയ്യാനുള്ളത് രാഷ്ട്രീയലാഭം മാത്രം. മരിച്ചുവീണവരുടെ കുടുംബങ്ങൾക്ക് പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരം തികച്ചും അപര്യാപ്തമാണ്. എത്ര വലിയ സംഖ്യ കൊടുത്താലാണ് ആ അമ്മമാരുടേയും ഭാര്യമാരുടേയും നഷ്ടത്തിന് പരിഹാരമാവുക? കലാപബാധിതരുടെ പുനരധിവാസം അതീവ പ്രാധാന്യമർഹിക്കുന്നു. വീടുകളും കടകളും സ്കൂളുകളും ഫാക്ടറികളും എല്ലാം കത്തി ചാമ്പലായിടത്ത് ഒരു വീണ്ടെടുപ്പിന് എന്താണ് വേണ്ടത് എന്നതിനെക്കുറിച്ച് അധികാരകേന്ദ്രങ്ങളാരും ഇതുവരെ ചിന്തിച്ചതായി തോന്നുന്നില്ല. ഇതെല്ലാമായി ബന്ധപ്പെട്ട ആശങ്കകൾ പേറുന്നവരെയാണ് ഞങ്ങൾ എല്ലായിടത്തും കണ്ടത്. വർഗ്ഗീയ കലാപം ജനങ്ങളെ എങ്ങനെ നിരാശ്രയരും നിസ്സഹായരും ആക്കുമെന്ന് ആ മുഖങ്ങൾ അറിയിക്കുന്നു. എല്ലാ ജനങ്ങളും തോല്ക്കുന്ന ഈ പാഴ്‌യുദ്ധത്തിൽ ജയിച്ചവർ രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുന്ന ഫാസിസ്റ്റ് ശക്തികൾ മാത്രമാണ്. അവർ വാരി വിതറിയ വിഷവിത്തുകൾക്കെതിരേ രാവും പകലും കണ്ണിലെണ്ണയൊഴിച്ച് ജാഗ്രത പാലിക്കണമെന്നാണ് കണ്ണീരും ചോരയും കലർന്ന ഡൽഹി കലാപത്തിന്റെ പാഠങ്ങൾ നമ്മളോട് പറയുന്നത്. (അവസാനിച്ചു)