അതിശൈത്യത്തിൽ  ജീവിതതാളം തെറ്റിയ നിലയിൽ യൂറോപ്പ്

Web Desk
Posted on March 02, 2018, 3:53 pm

അതിശൈത്യത്തിൽ  ജീവിതതാളം തെറ്റിയ നിലയിൽ യൂറോപ്പ്.  തണുപ്പുമൂലം യൂറോപ്പില്‍ മരിച്ചവരുടെ എണ്ണം അമ്പതായി. പോളണ്ടില്‍ മാത്രം 21 പേരാണ് മരിച്ചത്. ചെക് റിപ്പബ്ലിക്, ലിത്വാനിയ, ഫ്രാന്‍സ്, സ്ലോവാക്യ, സ്പെയിന്‍, ഇറ്റലി, സെര്‍ബിയ, റൊമാനിയ, സ്ലോവീനിയ, ബ്രിട്ടന്‍, നെതര്‍ലാന്‍ഡ്സ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍.

കിഴക്കന്‍ വന്യവാതം(ബീസ്റ്റ് ഫ്രം ദി ഈസ്റ്റ്)എമ്മ കൊടുങ്കാറ്റുമായി ചേര്‍ന്നതാണ് ഇപ്പോള്‍ ഇപ്പോഴത്തെ കൊടും ശൈത്യത്തിന് കാരണമെന്ന് അധികൃതര്‍ പറയുന്നു.വര്‍ഷങ്ങള്‍ക്കിടയില്‍ റിപ്പോര്‍ട്ടുചെയ്ത ഏറ്റവും മോശമായ കാലാവസ്ഥയാണിത്. ആയിരക്കണക്കിന് സ്‌കൂളുകള്‍ അടച്ചുപൂട്ടി, റോഡുകളും തെരുവുകളും വിജനമായിരിക്കയാണ്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതോടെ വാഹനങ്ങളും നിരത്തൊഴിഞ്ഞു.ആശുപത്രികളുടെ പ്രവര്‍ത്തനവും മന്ദീഭവിച്ചു. പൊതുനിരത്തിലും ടൗണിലും സ്‌കീയിംങ് നടത്തി ആഘോഷിക്കുന്ന കുട്ടിക്കൂട്ടങ്ങളും രംഗത്തുണ്ട്.

പല നഗരങ്ങളിലും തീവണ്ടിഗതാഗതം റദ്ദാക്കുകയും വിമാനത്താവളങ്ങൾ അടക്കുകയും ചെയ്തു. സ്കോട്ട്ലന്‍ഡില്‍ നിരവധി വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ചിലയിടങ്ങളില്‍ മൈനസ് 10.3 ഡിഗ്രിയില്‍ താഴെയാണ് താപനില. യാത്ര അപകടകരമായതിനാല്‍ വീടുകളില്‍ത്തന്നെ ഇരിക്കാന്‍ ബ്രിട്ടനിലെയും അയര്‍ലന്‍ഡിലെയും കാലാവസ്ഥാകേന്ദ്രങ്ങള്‍ ജനങ്ങളോട് നിര്‍ദേശിച്ചു.