November 28, 2023 Tuesday

Related news

November 26, 2023
November 26, 2023
November 26, 2023
November 25, 2023
November 24, 2023
November 24, 2023
November 24, 2023
November 22, 2023
November 22, 2023
November 22, 2023

കോണ്‍ഗ്രസില്‍ അടിയോടടി; നേതൃമാറ്റത്തിനായി ജി23 നീക്കം ശക്തമാക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി/തിരുവനന്തപുരം
March 16, 2022 10:50 pm

അഞ്ച് സംസ്ഥാനങ്ങളിലെ തെര‍ഞ്ഞെടുപ്പ് തോല്‍വി സൃഷ്ടിച്ച പ്രതിസന്ധിയും കേരളത്തിലെ രാജ്യസഭാ സീറ്റും കോണ്‍ഗ്രസില്‍ തമ്മിലടി രൂക്ഷമാക്കി. മുതിര്‍ന്ന നേതാക്കളുടെ കൂട്ടായ്മയെന്നറിയപ്പെടുന്ന ജി23 ഇന്നലെ വീണ്ടും യോഗം ചേര്‍ന്ന് നേതൃമാറ്റത്തിനായി നീക്കം ശക്തമാക്കുവാന്‍ തീരുമാനിച്ചു. രാജ്യസഭാ സീറ്റിനായി മുതിര്‍ന്ന നേതാക്കളും ഗാന്ധികുടുംബത്തിന് വേണ്ടപ്പെട്ടവരും രംഗത്തെത്തിയതാണ് കേരളത്തില്‍ തമ്മിലടി രൂക്ഷമാക്കിയിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ദയനീയ തോല്‍വിക്കുശേഷം മുതിര്‍ന്ന നേതാക്കളടങ്ങുന്ന ജി23 നേതാക്കള്‍ യോഗം ചേര്‍ന്ന് നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 13 ന് ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അധ്യക്ഷയായി സോണിയ തന്നെ തുടരുവാന്‍ തീരുമാനിച്ചും രാഹുല്‍, പ്രിയങ്ക എന്നിവരില്‍ വിശ്വാസമര്‍പ്പിച്ചും പിരിയുകയായിരുന്നു. ഒരു തിരുത്തലിനും സന്നദ്ധമല്ലെന്ന് വ്യക്തമാക്കുന്ന തീരുമാനങ്ങള്‍ പ്രവര്‍ത്തക സമിതി കൈക്കൊണ്ടതില്‍ പ്രകോപിതരായ ജി23 നേതാക്കള്‍ വീണ്ടും നേതൃത്വത്തിനെതിരെ രംഗത്തെത്തി. കപില്‍ സിബല്‍ ഒന്നുകൂടി കടന്ന് ഗാന്ധിമാര്‍ നേതൃത്വത്തില്‍ നിന്ന് മാറി മറ്റുള്ളവര്‍ വരട്ടെയെന്ന് പരസ്യമായി ആവശ്യപ്പെടുകയും ചെയ്തു.

ഇന്നലെ ജി23 നേതാക്കള്‍ അത്താഴ സല്ക്കാരമെന്ന പേരില്‍ വീണ്ടും യോഗം ചേര്‍ന്നു. കപില്‍ സിബലിന്റെ വസതിയില്‍ ചേരുന്നതിന് തീരുമാനിച്ച യോഗം ഗുലാം നബിയുടെ വീട്ടിലേയ്ക്ക് മാറ്റുകയായിരുന്നു. സിബലിന്റെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയോട് വിയോജിപ്പുള്ള ചിലരുടെ കൂടി അഭിപ്രായം പരിഗണിച്ചാണ് സ്ഥലം മാറ്റിയത്. ആസാദിന് പുറമേ കപില്‍ സിബല്‍, ശശി തരൂര്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭുപീന്ദര്‍ ഹൂഡ, സന്ദീപ് ദിക്ഷിത്, മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിന്റെ ഭാര്യയും മുന്‍ കേന്ദ്രമന്ത്രിയുമായ പര്‍നീത് കൗര്‍, രാജ് ബബ്ബര്‍, പി ജെ കുര്യന്‍, മണി ശങ്കര്‍ അയ്യര്‍ തുടങ്ങിയ നേതാക്കള്‍ യോഗത്തിനെത്തി. അതിനിടെ യോഗനിര്‍ദ്ദേശങ്ങള്‍ അറിയിക്കുവാന്‍ ഗുലാം നബി ആസാദ് ഇന്ന് സോണിയയെ കാണുന്നുണ്ട്.

രാജ്യസഭാ സീറ്റിനായി പിടിവലി

കേരളത്തില്‍ വിജയിക്കാനിടയുള്ള ഏക രാജ്യസഭാ സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി തര്‍ക്കം രൂക്ഷം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഉടന്‍ തന്നെ പല നേതാക്കളും സ്ഥാനാര്‍ത്ഥിത്വത്തിനായി രംഗത്തിറങ്ങിയിരുന്നു. മുതിര്‍ന്ന നേതാവ് കെ വി തോമസ് തനിക്ക് സീറ്റ് ലഭിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. മുല്ലപ്പള്ളി രാമചന്ദ്രന്‍, ചെറിയാന്‍ ഫിലിപ്പ് എന്നിവരും സ്ഥാനാര്‍ത്ഥികളാകാന്‍ രംഗത്തുണ്ട്. അതിനിടെ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദും രംഗത്തെത്തി. ദേശീയ നേതൃത്വത്തിലേയ്ക്ക് നേരിട്ടെത്തിയ ജനറല്‍ സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണന്റെ പേരും ഉയര്‍ന്നുവന്നു. ഗാന്ധി കുടുംബവുമായി നേരിട്ട് ബന്ധമുള്ള ശ്രീനിവാസന്‍ കൃഷ്ണന്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയുടെ വ്യാപാര പങ്കാളി കൂടിയാണ്.

കേരളത്തില്‍ പുതിയ ഗ്രൂപ്പുണ്ടാക്കിയിരിക്കുന്ന കെ സി വേണുഗോപാലിന്റെ ഒത്താശയോടെ ഇവരിലൊരാള്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് മണത്ത പിസിസി പ്രസിഡന്റ് കെ സുധാകരന്‍ നേരിട്ട് ഡല്‍ഹിയിലെത്തി എം ലിജുവിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചു. കേരളത്തില്‍ നിന്ന് എല്‍ഡിഎഫിലെ രണ്ടു സ്ഥാനാര്‍ത്ഥികളും യുവാക്കളാണെന്നും അതുകൊണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ലിജുവിനെ നിര്‍ദ്ദേശിക്കണമെന്നുമാണ് സുധാകരന്‍ നേതൃത്വത്തിനു മുന്നില്‍ ഉന്നയിച്ച ആവശ്യം. ഈ വാര്‍ത്തകൂടി പുറത്തുവന്നതോടെ സ്ഥാനമോഹിയായ ഷമ മുഹമ്മദ് പരസ്യമായി കേരളഘടകത്തെ തള്ളിപ്പറഞ്ഞ് രംഗത്തെത്തി. കേരളത്തിലെ സീറ്റ് വനിതകള്‍ക്കായി മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട അവര്‍ സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണന നല്കാത്തതാണ് പാര്‍ട്ടിയുടെ തോല്‍വിക്ക് കാരണമെന്നും കുറ്റപ്പെടുത്തി.

eng­lish summary;Beat in Con­gress; G23 moves to strength­en lead­er­ship change

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.