യുപിയില്‍ വധുവിന്‍റെ വളർത്തുനായയെ വരന്‍റെ വീട്ടുകാർ തല്ലിയതിനെ തുടർന്ന് വിവാഹം മുടങ്ങി. ഫത്തേപ്പൂർ ജില്ലയിലെ ഖാഗ കോട്‌വാലി പ്രദേശത്തെ ഒരു ഗെസ്റ്റ്ഹൗസിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. വധുവും വരുനും തമ്മിൽ ദീർഘകാലമായി പ്രണയത്തിലായിരുന്നു. കാൺപൂരിലെ ആര്യസമാജ ചടങ്ങിൽ വിവാഹം കഴിക്കാനായി മുമ്പ് ഒളിച്ചോടിയവരുമാണ്. വിവാഹത്തിന് വധുവിന്റെ കുടുംബം സമ്മതിച്ചതോടെ ഔപചാരികമായി നടത്താൻ തീരുമാനിച്ചു.
പുലർച്ചെ വിവാഹചടങ്ങുകൾ നടന്നുക്കൊണ്ടിരിക്കുന്നതിനിടെ, വേദിക്ക് സമീപം വധുവിന്‍റെ വളർത്തുനായ ബഹളം വെച്ചു. ഇത് കണ്ട് പ്രകോപിതനായ വരന്‍റെ ബന്ധുവായ യുവാവ് നായയെ ക്രൂരമായി അടിച്ചു. വധുവിന്‍റെ ബന്ധുക്കൾ ഇത് എതിര്‍ക്കുകയും വൈകാതെ വളർത്തുനായയെ ചൊല്ലിയുളള തർക്കം രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ശാരീരികവും അക്രമാസക്തവുമായ സംഘർഷത്തിലേക്ക് നയിക്കുകയുമായിരുന്നു. വടിയും കസേരകളും ഉപയോഗിച്ചായിരുന്നു ആക്രമണം.
വധുവിന്‍റെ ബന്ധുക്കളിൽ ചിലർക്ക് തലക്ക് പരിക്കേറ്റു. വിവരം അറിഞ്ഞെത്തിയ പൊലീസ് വിവാഹചടങ്ങുകൾ നിർത്തിവെച്ചു. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സയും നൽകി തിരികെ വീട്ടിലേക്കയച്ചു. വ്യാഴാഴ്ച രണ്ട് കുടുംബങ്ങളും പൊലീസ് സ്റ്റേഷനിൽ എത്തിച്ചേരുകയും ചർച്ചകൾക്കെടുവിൽ വിവാഹവുമായി മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വധു വ്യക്തമാക്കി. വിവാഹ ചടങ്ങുകളിൽ നൽകിയ സമ്മാനങ്ങളും പണ കൈമാറ്റങ്ങളും തിരികെ നൽകി. അതേസമയം ആരും പരാതി നൽകാത്തതിനാൽ നിയമനടപടി സ്വീകരിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

