Web Desk

കൊച്ചി

March 03, 2020, 9:53 pm

ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ്: അന്വേഷണം ലീനയുടെ ഹവാല ഇടപാടുകളിലേക്ക്

Janayugom Online

ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസിൽ അന്വേഷണം പരാതിക്കാരിയായ നടി ലീന മരിയ പോളിലേക്ക്. നടിയുടെ ഹവാല ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം കേസ് അന്വേഷണത്തിന്റെ ഭാഗമായി ബംഗളുരുവിലെത്തിയ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി അവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.

ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസുമായി ബന്ധപ്പെട്ടു ലഭിച്ച നിർണായ വിവരങ്ങൾ ബംഗളുരുവിൽ നിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. തുടർന്നാണ് ഇപ്പോൾ ലീനയെക്കുറിച്ചും ഇവരുടെ ഹവാല ബന്ധങ്ങളെക്കുറിച്ചും അന്വേഷിക്കാ­ൻ സംഘം തീരുമാനിച്ചത്. ക്രൈംബ്രാഞ്ച് ഉ­ന്നത ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘത്തെ ഇതിനായി നിയമിച്ചിട്ടുണ്ട്.

നടി ലീന മരിയ പോളിനെതിരെ ക്വട്ടേഷൻ നൽകിയത് താനാണെന്നും പണം തട്ടുന്നതിന് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും രവി പൂജാരി സമ്മതിച്ചിരുന്നു. നടി ലീന മരിയ പോളും നിരവധി തട്ടിപ്പു കേസുകളിൽ പ്രതിയാണ്. തട്ടിപ്പ് നടത്തുന്ന ഇത്തരം വ്യക്തികളെ കേന്ദ്രീകരിച്ചാണ് രവി പൂജാരിയുടെ ക്വട്ടേഷനും ഭീഷണികളുമെന്നാണ് ബംഗളൂരു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. അങ്ങനെയെങ്കിൽ ലീനയുടെ ഹവാല ഇടപാടുകളെക്കുറിച്ച് വ്യക്തമായ ധാരണ പൂജാരിക്ക് ഉണ്ടായിരുന്നതായി പൊലീസ് കണക്കുകൂട്ടുന്നു. ഇത് പൂജാരി വെളിപ്പെടുത്തിയാൽ ലീനയിലേക്കുള്ള അന്വേഷണം എളുപ്പമാകുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷണ സംഘം.

Eng­lish sum­ma­ry: beau­ty par­ler case fol­low up