എസ് ബി നിഖിൽ

December 08, 2019, 9:46 pm

‘മുന്തിരി മുതൽ സാമ്പാർ വരെയുള്ള രുചി’; മരണം വിതയ്ക്കുന്ന വ്യാജ സിഗരറ്റുകളുടെ കേന്ദ്രമായി ഇവിടം

Janayugom Online

കൊച്ചി: ഇടവേളയ്ക്ക് ശേഷം വീണ്ടും കേരളത്തിലേക്ക് വ്യാജസിഗരറ്റുകൾ പ്രവഹിക്കുന്നു. പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത നിലനിൽക്കെ സർക്കാർ അനുമതി നൽകിയ കമ്പനികളുടെ സിഗരറ്റുകൾ വിപണിയിൽ സുലഭമാണ്. ഇത് മറയാക്കിയാണ് വ്യാജസിഗരറ്റ് ലോബി മാർക്കറ്റിൽ പിടിമുറുക്കിയിരിക്കുന്നത്. സാധാരണ സിഗരറ്റ് വലിക്കുന്നതിനേക്കാൾ പതിന്മടങ്ങ് ലഹരിയാണ് വ്യാജ സിഗരറ്റിലുള്ളതെന്നിരിക്കെ വാങ്ങുവാനും ഉപയോഗിക്കുവാനും മുന്നിലുള്ളത് കോളജ് വിദ്യാർഥികളായ യുവാക്കളാണ്. കൊച്ചി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെ കടകളിലെല്ലാം ഇത്തരം സിഗരറ്റുകൾ സുലഭമായി ലഭിക്കും. നേരത്തെ വ്യാജ സിഗരറ്റുകൾ പെരുകുന്നുവെന്ന വാർത്തയെ തുടർന്ന് പൊലീസും മറ്റ് അധികാരികളും റെയ്ഡുകൾ വ്യാപകമാക്കിയതോടെ താൽക്കാലികമായി പിൻവലിഞ്ഞ് നിന്ന സിഗരറ്റ ലോബിയാണ് വീണ്ടും തലപൊക്കിയിരിക്കുന്നത്.

മുന്തിരി മുതൽ സാമ്പാർ വരെയുള്ള രുചികളിൽ ലഭിക്കുന്ന സിഗററ്റുകളെ ആശ്രയിക്കുന്നത് അധികവും യുവതലമുറയാണ്. വലിച്ചാൽ പുകയില ഗന്ധം പുറത്തറിയാത്തതിനാൽ അധികവും ഫ്ളേവറുകൾ ചേർന്ന സിഗററ്റുകളെയാണ് വിദ്യാർത്ഥികൾ ആശ്രയിക്കുന്നത്. ഇതിന്റെ മറവിലാണ് കച്ചവടം പൊടിപൊടിക്കുന്നത്. പുളിയും മധുരവും സുഗന്ധവുമെല്ലാം അടങ്ങിയ സിഗററ്റുകൾക്ക് വേണ്ടി പരക്കംപായുകയാണ് വിദ്യാർഥികൾ. യുവാക്കളെയും വിദ്യാർത്ഥികളെയും മാരക അർബുദ രോഗത്തിലേക്ക് തളളിവിടുന്ന വ്യാജ സിഗരറ്റ് കച്ചവടത്തിന് തടയിടാൻ പൊലിസിനോ എക്സൈസ് വകുപ്പിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലേക്ക് ഒഴുകിയെത്തുന്ന വ്യാജ സിഗററ്റുകളുടെ ഉറവിടം കണ്ടെത്താൻ പോലും സാധിക്കാറില്ല. ഒറിജിനലിനെ വെല്ലുന്ന ഈ വ്യാജ സിഗററ്റുകൾക്ക് ആഗോള വിപണി കൈയടക്കിയ 555, ഡൺഹിൽ, മോബ്ലാേ എന്നിവയുടെ പേരുകളാണ് നൽകിയിട്ടുളളത്.

എന്നാൽ അതിസൂക്ഷ്മ പരിശോധന നടത്തിയാൽ മാത്രമെ വ്യാജന്മാരെ കണ്ടെത്താൻ സാധിക്കൂ. നിയമാനുസൃത നിർദേശങ്ങളോ പുകയില ഉപയോഗത്തിലെ ഭീകരതയോ ഈ സിഗററ്റുകളുടെ പാക്കറ്റുകൾക്ക് മേൽ പതിപ്പിച്ചിട്ടില്ല. ചില്ലറ വിൽപ്പന വില പോലും രേഖപ്പെടുത്താത്ത ഇവ അമിത ലാഭത്തിലാണ് കച്ചവടക്കാർ വിൽക്കുന്നത്. സാധാരണ സിഗററ്റിന് അൻപത് പൈസ ലാഭം ലഭിക്കുമ്പോൽ വ്യാജന് ലഭിക്കുന്നത് അഞ്ചു മുതൽ എട്ടുവരെ രൂപയാണ്. പ്രധാനമായും ശ്രീലങ്ക വഴി തമിഴ്‌നാട്ടിലെത്തുന്ന വ്യാജ സിഗററ്റുകൾ കേരളത്തിലെ കിഴക്കൻ ജില്ലകൾ വഴിയാണ് സംസ്ഥാനത്തെത്തുന്നത്. ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വ്യാപകമായി ഉപയോഗിക്കുന്ന വ്യാജ സിഗററ്റുകൾ ഇപ്പോൾ ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം എന്നീ ജില്ലകളിലേക്കും വ്യാപിച്ചു തുടങ്ങിയിട്ടുണ്ട്.