ബീജദാതാവ്

Web Desk
Posted on August 25, 2019, 10:28 am

ദിജീഷ് കെ എസ് പുരം

ഒരു പകല്‍നീണ്ട സുരതത്തി
ന്നവസാനമായ്, മോഹാലസ്യം!
ചക്രവാതങ്ങളകന്നൊടുങ്ങുന്നൂ..,
സാഗരജലഗീതതാളം മുറിയുന്നൂ..,
സന്ധ്യതന്‍ ഛായാന്തരങ്ങളിലൂ
ടൊഴുകിവീഴുന്നര്‍ക്കബീജങ്ങള്‍.

ആദ്യമായെന്‍ ഹസ്തമൈഥുന
ത്തില്‍ക്കലര്‍ന്നൂ, പ്രകൃതിതന്‍
ഉല്ലംഘനതാളാവേഗങ്ങള്‍!
മുമ്പൊഴുക്കി, നിശ്ചേഷ്ടമാക്കിയ
ശതകോടി ജീവരേണുക്കള്‍
ചേര്‍ന്ന മഹാപദ്മത്തിനുള്ളില്‍
അപ്‌സരസ്സുകള്‍ ശൃംഗാരമാടുന്നു.
നീലാംബരംനിറഞ്ഞു
മത്സരിച്ചുയരുന്ന പട്ടങ്ങള്‍,
അസ്ത്രവേഗത്തിന്റെ പച്ചിലപ്പാമ്പുകള്‍..!!

ഇന്നു ഞാനാദിത്യന്‍, ബീജദാതാവ്
അകലെ,ആശുപത്രിയില്‍
ആധുനിക ദ്രോണത്തിനുള്ളില്‍,
എന്റെ രേതസ്സിന്‍ നിതാന്ത ചലനമുണര്‍ന്നേയിരിക്കുന്നു.

അമരു,മനപത്യദുഃഖതടങ്ങളില്‍
വന്ധ്യമേഘങ്ങള്‍ വര്‍ഷിച്ചിറങ്ങട്ടേ
പുലരിയിലീറ്റുനോവിന്റെ
രക്തവര്‍ണ്ണമെന്നുമൊഴുകട്ടേ.…

തേടുന്നു ഞാനോരോ
കൊച്ചു പുതുപൂവിലുമെന്നെ!
എത്ര പൂക്കള്‍ വിരിയിച്ചൂ..
എന്നില്‍നിന്നെത്ര പൂക്കള്‍വിടര്‍ത്തീ?
കുഞ്ഞേ, ക്ഷമിക്കുക
എവിടെയെന്നറിയുവാന്‍,
ഒന്നോമനിച്ചീടുവാന്‍
അവകാശമില്ലാത്ത,യധികാരമില്ലാത്ത
വെറും ജൈവപിതാവു ഞാന്‍!

രക്ത,ബീജങ്ങളിലിനിയും
ജാതീയതകലര്‍ത്താത്ത
കാലമേ നന്ദി!
എന്‍ ചേതനയില്‍ സൂക്ഷിക്കും
കാവ്യബീജത്തിന്‍ ശിരസ്സിലായ്
നീ പതിപ്പിക്കുമോ
ഭ്രാന്തിന്‍ ചൂഢാമണി
എന്റെ കുഞ്ഞുങ്ങള്‍തന്നോ
ര്‍മ്മയില്‍നിന്നുമൊരു ഭ്രാന്തനായ്
നിഷ്‌ക്രമിക്കട്ടെ ഞാന്‍!