Janayugom Online
latha kumaran in sabarimala

ലത സന്നിധാനത്തു നിന്ന് കേണു: ‘‘കൊല്ലരുതയ്യാ’’

Web Desk
Posted on October 20, 2018, 7:00 pm

ലതാ കുമരനെ തടയുന്നു 

പമ്പ: തിരുച്ചിറപ്പള്ളി സ്വദേശി ലതാ കുമരനെ സംഘപരിവാർ ആക്രമിക്കുമ്പോൾ അവർ അയ്യപ്പനോട് കേണു:  ‘‘കൊല്ലരുതയ്യാ’’

ഇതു രണ്ടാം തവണയാണ് ഭർത്താവ് കുമരൻ, മകൻ ശിവ ഹരി എന്നിവർക്കൊപ്പം ലത മലകയറി വന്നത്. വഴിയിൽപ്രതിഷേധം ഉണ്ടായില്ല. വലിയ നടപ്പന്തലിന്റെ മുന്നിൽ നിന്നും സംഘപരിപരിവാർ പ്രവർത്തകർ ഇവരെ തടഞ്ഞതോടെയാണ്‌ സംഘർഷങ്ങൾക്ക്‌ തുടക്കം. തിരിച്ചറിയൽ കാർഡ് ചോദിച്ചവരോട്‌ പമ്പയിൽ കാണിച്ചതാണെന്ന് പറഞ്ഞെങ്കിലും അക്രമികൾ ശരണം വിളിച്ച് ബാക്കിയുള്ള പ്രവർത്തകരെ കൂട്ടി.  സന്നിധാനത്തും പതിനെട്ടാം പടിയുടെ സമീപവും നിലയുറപ്പിച്ചിരുന്ന സംഘപരിവാറുകാർ വലിയ നടപ്പന്തലിലേക്ക്. രംഗത്തേക്ക് മാധ്യമ പ്രവർത്തകരും പൊലീസും.

സംഘപരിവാർ ലതാകുമരനെ വളഞ്ഞു. സന്നിധാനത്ത് കൂക്കിവിളിയും അസഭ്യവർഷവും ആക്രോശവും. ബിജെപി നേതാവ്  വി വി രാജേഷ് സംഘ നേതൃത്വം ഏറ്റെടുത്തു. 52 വയസുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നു ഇവരെ മുന്നോട്ട്.

കണ്ണുകൾ നിറഞ്ഞൊഴുകി അയ്യന്റരികിലേക്കു നീങ്ങുമ്പോഴും സന്നിധാനത്തെ വിവിധ സ്ഥലങ്ങളിൽ തമ്പടിച്ചിരുന്ന സംഘപരിവാർ പ്രവർത്തകർ ബാരിക്കേഡിലേക്ക് ഇരച്ച് കയറി കൂക്കിവിളിച്ചും അസഭ്യം പറഞ്ഞും രോഷം തീർത്തു. സംഘത്തിലൊരാൾ കാവി  പൊന്നാടയണിയിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ്‌  തടഞ്ഞു.

ലതാ കുമരൻ പതിനെട്ടാം പടിയിൽ. അയ്യനെ നോക്കി അവർ കരഞ്ഞു:  ‘‘കൊല്ലരുതയ്യാ’’. പടി ചവിട്ടി നടയിൽ കുടുംബത്തോടൊപ്പം സോപാനത്തിൽ തൊഴുതു. ജീവൻ തിരിച്ചു കിട്ടിയതിൽ, തൊഴാൻ ഭാഗ്യം കിട്ടിയതിൽ, സഹായിച്ചതിൽ അവർ  പൊലീസുകാരോട് നന്ദി പറഞ്ഞു.