ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം 31 ന് മുന്‍പ്

Web Desk
Posted on July 17, 2019, 9:22 pm

ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ രണ്ടിന്റെ വിക്ഷേപണം മാറ്റിവച്ചതിനു പിന്നില്‍ ഹീലിയം ടാങ്കിലെ ചോര്‍ച്ച. വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നിലെ ഹീലിയം ടാങ്കിലാണ് ചോര്‍ച്ച കണ്ടെത്തിയത്. ഇക്കാര്യം ഫെയിലിയര്‍ അസിസ്റ്റന്റ് കമ്മിറ്റി വിശദമായി വിലയിരുത്തിവരികയാണ്.

അനുയോജ്യ സമയമായതിനാല്‍ ഈ മാസം 31ന് മുമ്പായി ചന്ദ്രയാന്‍രണ്ട് വിക്ഷേപിക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ. അടുത്ത വിക്ഷേപണ തീയതി ഉടന്‍ പ്രഖ്യാപിച്ചേക്കും. 22ന് വിക്ഷേപിക്കാന്‍ സാധ്യതയുള്ളതായി അനൗദ്യോഗിക വിവരമുണ്ട്. ഹീലിയം ടാങ്കിലെ ചോര്‍ച്ച ക്രയോജനിക് എന്‍ജിനിലേക്ക് ഇന്ധനം കൃത്യമായി എത്താതിരിക്കാന്‍ കാരണമാകും.
ചോര്‍ച്ച അടയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നു. സാധാരണനിലയില്‍ വിക്ഷേപണ വാഹനം മുഴുവനായും അഴിച്ചു വേണം ചോര്‍ച്ച പരിഹരിക്കാന്‍. എന്നാല്‍ നിലവില്‍ കണ്ടെത്തിയ തകരാര്‍ പരിഹരിക്കാന്‍ വിക്ഷേപണ വാഹനം അഴിച്ചുപണിയേണ്ടി വരില്ലെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. ദ്രവ എന്‍ജിന്‍ ടാങ്കിന്റെയും ക്രയോജനിക് എന്‍ജിന്റെയും ഇടയിലെ വിടവിലൂടെ തകരാര്‍ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്. ഇതിന് അധിക സമയം വേണ്ടിവരില്ല.

ഐഎസ്ആര്‍ഒയുടെ കണക്കുകൂട്ടല്‍ പ്രകാരം ഈ മാസം 31 വരെ മികച്ച വിക്ഷേപണ ജാലകമാണ് (ലോഞ്ച് വിന്‍ഡോ). ചന്ദ്രനിലെ പര്യവേക്ഷണത്തിന് പരമാവധി പകലുകള്‍ ലഭിക്കുക എന്നതും വിക്ഷേപണ പാതയിലെ തടസ്സങ്ങളും പരിഗണിച്ചാണ് വിക്ഷേപണജാലകം നിര്‍ണയിക്കുന്നത്. ഈ മാസം 31 കഴിഞ്ഞാല്‍ 15 ദിവസം കൂടുമ്പോള്‍ വിക്ഷേപണ ജാലകം ലഭിക്കുമെങ്കിലും ഏറ്റവും മികച്ച സമയം പിന്നീട് സെപ്റ്റംബറില്‍ മാത്രമേയുള്ളൂവെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ വ്യക്തമാക്കി. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശ നിലയത്തില്‍നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 2.51നായിരുന്നു ചന്ദ്രയാന്‍രണ്ട് വിക്ഷേപിക്കാനിരുന്നത്. 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയിരിക്കെയാണ് വിക്ഷേപണം മാറ്റിയത്.