Web Desk

തിരുവനന്തപുരം:

January 27, 2021, 6:47 pm

ഹെപ്പറ്റെറ്റിസ് വിമുക്ത ഭാവിക്കായി കര്‍മ്മ പദ്ധതിക്ക് തുടക്കമായി

25 ആശുപത്രികളില്‍ സൗജന്യ പരിശോധനയും ചികിത്സയും ആരംഭിച്ചു
Janayugom Online

ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു. 2030 ഓടെ വൈറല്‍ ഹെപ്പറ്റൈറ്റിസ് സി നിവാരണത്തിനും വൈറല്‍ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ എന്നിവ മൂലമുളള മരണനിരക്കും രോഗാവസ്ഥയും രോഗാതുരതയും കുറയ്ക്കുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നത്. 14 ജില്ലകളിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ, ജനറല്‍ ആശുപത്രികളും ഉള്‍പ്പെടെ 25 ആശുപത്രികളിലും പ്രാദേശിക ഉദ്ഘാടനം ഇതോടൊപ്പം നടന്നു. ലോഗോ, ബോധവത്ക്കരണ ഗ്രാഫിക്‌സ് അനിമേഷന്‍ വീഡിയോ എന്നിവയുടെ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു.

വൈറല്‍ ഹെപ്പറ്റൈറ്റിസ് ഏറെ അപകടകരമാണെന്നും അതിനാല്‍ തന്നെ എല്ലാവരും ചികിത്സ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ്-19 കാലത്തും സംസ്ഥാനത്തെ വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 25 ആശുപത്രികളില്‍ ഹെപ്പറ്റൈറ്റിസ് ബി, സി ചികിത്സ സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് മാതൃകാ ചികിത്സാ കേന്ദ്രമാക്കിയിട്ടുണ്ട്. ഹെപ്പറ്റൈറ്റിസ് വൈറല്‍ ലോഡ് ടെസ്റ്റ് തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബില്‍ സൗജന്യമായി ചെയ്യുന്നുണ്ട്. ജില്ലകളില്‍ നിന്നും സാമ്പിളുകള്‍ പരിശോധനയ്ക്കായി തിരുവനന്തപുരം പബ്ലിക് ഹെല്‍ത്ത് ലാബിലേക്ക് അയയ്ക്കാവുന്നതാണ്. എല്ലാവരും ഈ ചികിത്സാ സേവനം ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എൻ ഖോബ്രഗഡെ അധ്യക്ഷത വഹിച്ചു. എൻഎച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു.

ENGLISH SUMMARY: begin­ning of an action plan for a hepati­tis free future

YOU MAY ALSO LIKE THIS VIDEO