Web Desk

December 19, 2019, 6:52 pm

പൗരത്വബില്ലിന് പിന്നിൽ ബിജെപിയുടെയും അമിത്ഷായുടെയും വ്യക്തമായ രാഷ്ട്രിയ ലക്ഷ്യങ്ങൾ: കാനം രാജേന്ദ്രൻ

Janayugom Online

കൊച്ചി: പൗരത്വബില്ലിന് പിന്നിൽ ബിജെപിയുടെയും അമിത്ഷായുടെയും വ്യക്തമായ രാഷ്ട്രിയ ലക്ഷ്യങ്ങളെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഈ രാഷ്ട്രിയം തിരിച്ചറിഞ്ഞതുകൊണ്ടാണ് ഇന്ത്യയിലെ ഇടതുപക്ഷം പൗരത്വഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിരോധം തീർക്കുന്നതെന്നും അദേഹം ചൂണ്ടിക്കാട്ടി. മതാടിസ്ഥാനത്തിൽ പൗരത്വം നിർണ്ണയിച്ച് ജനങ്ങളെ വിഭജിക്കാനുള്ള പൗരത്വഭേദഗതി നിയമത്തിനെതിരെ എൽഡിഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാരിവട്ടം ബിഎസ്എൻഎൽ ഓഫീസിലേക്ക് സംഘടിപ്പ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു കാനം രാജേന്ദ്രൻ.

ഹിന്ദു സമൂഹത്തിനെതിരയോ മുസ്ലിം സമുദായത്തിന് അനുകൂലമായോ നടക്കുന്ന സമരമല്ല. ഇന്ത്യയെ ഇന്ത്യയായി നിലനിർത്തുവാൻ ആഗ്രഹിക്കുന്ന, വിഭജിക്കുവാൻ തയാറെടുക്കുന്നവർക്കെതിരെയുള്ള സമരമാണ്. പാർലമെന്റിലെ ഭൂരിപക്ഷമുപയോഗിച്ച് ഏത് കാടത്ത നിയമവും പാസാക്കുവാൻ സാധിക്കും. എന്നാൽ അത് ഏത് രീതിയിൽ ജനങ്ങളെ ബാധിക്കുമെന്ന് കാണേണ്ടതുണ്ട്. ബില്ലിനെതിരെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രാജ്യത്താകമാനം ഉയർന്ന് കേൾക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ അതിന് തെളിവാണ്. ആ പ്രതിഷേധങ്ങളെയും ചെറുത്ത് നിൽപ്പുകളെയും ഏറ്റെടുത്ത് മുന്നോട്ട്കൊണ്ടുപോകുവാൻ പുരോഗമന പ്രസ്ഥാനങ്ങൾക്ക് കഴിയണം. ആർ എസ് എസിന്റെ രാഷ്ട്രിയത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിൽ മറ്റ് സംഘടനങ്ങൾ അവരുടെ തീവ്രവാദത്തിന്റെ രാഷ്ട്രിയം വളർത്തിയെടുക്കുവാനുള്ള പരിശ്രമങ്ങൾ നടത്തുന്നത് കാണാതെ പോകരുതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

പൗരത്വബില്ലിനെതിരെ സംസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പിന്നിൽ മറ്റ് രാഷ്ട്രിയങ്ങളില്ല. സംസ്ഥാന സർക്കാരും എൽഡിഎഫും നടത്തുന്ന പ്രതിഷേധ സമരങ്ങളുമായി സഹകരിക്കില്ലെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ള രാമചന്ദ്രന്റെ പ്രസ്താവ അപക്വമാണ്. ഇന്ത്യയിലെ പൗരത്വം നിർവചിക്കുന്നതിൽ മതവിശ്വാസങ്ങൾക്ക് സ്ഥാനമില്ലെന്ന് അടിവരയിട്ട് പറയുന്നതിൽ കോൺഗ്രസ് കമ്മ്യൂണിസ്റ്റ് വ്യത്യാസം കാണേണ്ട കാര്യമില്ല. ഇന്ത്യയുടെ ഭാവി സുരക്ഷതിമായിരിക്കണമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രിയ ഭേദമന്യേയുള്ള ആളുകൾ സമരത്തിന് പിന്തുണയുമായെത്തണമെന്ന് തന്നെയാണ് എൽഡിഎഫ് നിലപാടെന്നും അദേഹം ഓർമിപ്പിച്ചു. കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ബില്ലിനെതിരെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും നടത്തിയ സമരത്തിൽ പ്രതിപക്ഷ നേതാവും മറ്റ് കക്ഷി നേതാക്കളും പങ്കെടുത്തത് പോസ്റ്റിവ് സമീപനത്തിന്റെ ലക്ഷണമാണ്. ബിജെപി ആർഎസ്എസ് ഗൂഡലക്ഷ്യങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങളുടെ ഐക്യം തകർക്കുവാൻ ചില യുഡിഎഫ് നേതാക്കൾ ശ്രമിക്കുന്നുണ്ട് അത് ഏറെ ദൗർഭാഗ്യകരമാണ്. പൗരത്വബില്ലിനെതിരെ റിപ്പബ്ലിക് ദിനമായ 26ന് സംസ്ഥാനത്ത് മനുഷ്യചങ്ങല തീർക്കുവാനുള്ള ഒരുക്കത്തിലാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സംസ്ഥാന കമ്മറ്റിയാണ് തീരുമാനമെടുത്തതെങ്കിലും കക്ഷി രാഷ്ട്രിയത്തിന് അതീതമായി ജനങ്ങൾ മനുഷ്യ ചങ്ങലയുടെ ഭാഗമാകണമെന്നാണ് ആഗ്രഹം.

വിശാലമായ രാഷ്ട്രിയ ഐക്യത്തെ തകർക്കാൻ സങ്കുലിതമായ രാഷ്ട്രിയ നിലപാടുമായി പ്രതിപക്ഷം മുന്നോട്ട് പോകരുതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. അനധികൃത കടന്നുകയറ്റിത്തിനെതിരെ അസമിൽ നേരത്തെ പൗരത്വരജിസ്ട്രർ ഏർപ്പെടുത്തിയിരുന്നു. 3 കോടി 31 ലക്ഷം ജനങ്ങൾ മാത്രമുള്ള അസമിൽ ഇതുവരെയും പൗരത്വ രജിസ്ട്രർ പൂർത്തിയാക്കുവാൻ സാധിച്ചില്ലെന്നും അതുകൊണ്ട് തന്നെ 130 കോടി ജനങ്ങൾ താമസിക്കുന്ന ഇന്ത്യയിൽ പൗരത്വ രജിസ്ട്രർ അപ്രായോഗികമാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ബിഎസ്എൻഎൽ ഓഫീസിന് സമീപം നടന്ന ധർണയിൽ സിപിഎം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി പി രാജു, ബെന്നി മൂഞ്ഞേലി, സി എൻ ദിനേശ് മണി, സാബു ജോർജ്, ജോസ് വള്ളമറ്റം, എൽ ഡി എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി തുടങ്ങിയവർ സംസാരിച്ചു.

you may also like this video