വെറും ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, ബസ് ക്ലീനറായിരുന്ന നടരാജന്‍ എങ്ങനെ കെപിഎന്‍ ട്രാവല്‍സ് ഉടമയായി? അതിന് പിന്നില്‍ അധികമാര്‍ക്കും അറിയാത്ത ഒരു കഥയുണ്ട്

വിജയശ്രീ
Posted on October 15, 2019, 5:18 pm

ജീവിതത്തില്‍ ഒരു പരാജയം സംഭവിച്ചു പോയാല്‍ അതോടെ നിരാശപ്പെട്ട് പിന്‍വാങ്ങുന്നവരാണ് നമ്മളില്‍ പലരും. ചിലപ്പോള്‍ നമ്മള്‍ വിചാരിച്ചിരിക്കാതെ തന്നെ ചില അപ്രതീക്ഷിത കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ സംഭവിക്കാം. അത്തരത്തില്‍ വിചാരിച്ചിരിക്കാതെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച് തന്റെ സ്വപനത്തിലേയ്ക്ക് എത്തിച്ചേര്‍ന്ന വ്യക്തിയാണ് നടരാജന്‍.

ഹൈവേകളിലൊക്കെ നമ്മള്‍ കണ്ടിട്ടുണ്ടാകും കെപിഎന്‍ എന്ന് പേരുള്ള ബസ്സുകളെ. സൗത്ത് ഇന്ത്യയിലെ പേരുകേട്ട ബസ് ഓപ്പറേറ്ററാണ് കെപിഎന്‍ ട്രാവല്‍സ്. 1972ലാണ് തമിഴ്‌നാട് സ്വദേശിയായ കെപി നടരാജന്‍ കെപിഎന്‍ ട്രാവല്‍സിന് രൂപം നല്‍കുന്നത്. സ്‌കാനിയ, വോള്‍വോ, തുടങ്ങി 250 ലേറെ പ്രീമിയം ലക്ഷ്വറി ബസുകള്‍ സ്വന്തമായുള്ള ഇന്ത്യയിലെ മികച്ച ട്രാവല്‍സുകളില്‍ ഒന്നായി കെപിഎന്‍ ട്രാവല്‍സ് മാറിയിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ അധികം ആര്‍ക്കും അറിയാത്ത ഒരു കഥ ഉണ്ട്. ഒരു ബസ്‌പ്രേമിയുടെ കഥ.

നടരാജന്റെ കുട്ടിക്കാലത്ത് നാലാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ബസിനോടുള്ള ഇഷ്ടം മനസ്സില്‍ കയറിക്കൂടുന്നത്. അന്ന് അത് ഓടിച്ചിരുന്നത്, നല്ല ടിപ്‌ടോപ് ആയി ഡ്രെസ് ചെയ്തു വരുന്ന അറുമുഖന്‍ എന്ന ഡ്രൈവറായിരുന്നു. എന്നെങ്കിലും ബസ് ഓടിക്കണം എന്ന് കുഞ്ഞു നാളിലേ നടരാജന്റെ മനസ്സില്‍ ആഗ്രഹമുണ്ടായി തുടങ്ങി. പിന്നെ പിന്നെ നടരാജന്‍ ബസ്സില്‍ കയറാന്‍ വേണ്ടി സ്‌കൂളില്‍ പോകുന്ന പോലെയായി. ബസ്സായിരുന്നു ലോകം.

ഒടുവില്‍ ബസ്സിനോടുള്ള ഇഷ്ടം കൂടിക്കൂടി നടരാജന്റെ പഠനം അവതാളത്തിലായി. ഏഴാം കഌസില്‍ വെച്ച് പഠനം നിര്‍ത്തിയ നടരാജന്‍ ഓരോരോ റൂട്ട് ബസ്സുകളില്‍ ക്‌ളീനറായി ജോലിക്കു പോകുവാന്‍ തുടങ്ങി. റൂട്ട് ബസിനു കുഴപ്പങ്ങള്‍ എന്തെങ്കിലും വന്നാല്‍ പകരം ഓടുന്നതിനായി സ്‌പെയര്‍ ആയി വണ്ടികള്‍ ഉണ്ടാകും. നടരാജന്‍ ക്‌ളീനറായി പോയിരുന്ന ബസ് സ്‌പെയര്‍ ബസ് ആയിരുന്നതിനാല്‍ ഓട്ടമൊന്നും ഇല്ലാതെ സേലം ബസ് സ്റ്റാന്‍ഡില്‍ കിടക്കുകയായിരുന്നു. ഓട്ടമില്ലാതെ കിടന്നു ബോറടിച്ച നടരാജന്‍ ഒരു ദിവസം വൈകുന്നേരം ചായകുടിക്കാനായി ബസ്സില്‍ നിന്നും പുറത്തേക്കിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പിന്നാലെ പത്തോളം ആളുകള്‍ വന്നു ബസ് കോയമ്പത്തൂര്‍ പോകുമോയെന്ന് ചോദിച്ചു. എത്രയാളുകള്‍ ഉണ്ടെന്നു ചോദിച്ചപ്പോള്‍ 20 പേര്‍ മൊത്തം ഉണ്ടെന്നു അവര്‍ പറഞ്ഞു.

Image result for kpn old bus

അങ്ങനെ നടരാജന്‍ ആ ആളുകളെയും കയറ്റി ബസ് കോയമ്പത്തൂര്‍ റെയില്‍വേ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. ഐലന്‍ഡ് എക്‌സ്പ്രസ് എന്ന ബാംഗ്‌ളൂരിലേക്കുള്ള ട്രെയിന്‍ അപ്പോള്‍ കോയമ്പത്തൂര്‍ സ്റ്റേഷനില്‍ വന്നു. അന്ന് ഈ സമയത്ത് ആകെ ഈ ഒരു ട്രെയിനെ ബാംഗ്ലൂര്‍ക്ക് ഉള്ളു. ആ ട്രിപ്പ് കഴിഞ്ഞു തിരികെ വരാന്‍ ആണ് മുതലാളി പറഞ്ഞിരുന്നത്. എന്നാല്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് തിരികെ വണ്ടിയെടുക്കുമ്പോഴേക്കും നാല് പേര്‍ വന്നു. ‘ട്രെയിനിന് ടിക്കറ്റ് ഫുള്‍ ആണ്. ബാംഗ്ലൂര്‍ പോകുമോ’ എന്ന് ചോദിച്ചു. അങ്ങനെ ട്രെയിനില്‍ ടിക്കറ്റ് കിട്ടാതിരുന്ന ആളുകളെ നടരാജന്‍ ബസ്സിലേക്ക് വിളിച്ചു കയറ്റി. അഞ്ചു മിനിറ്റ് കൊണ്ട് ബസ് ഫുള്‍ ആയി.

അവിടെ നിന്നു ബസ് നേരെ സേലം വഴി ബാംഗ്ലൂര്‍ പോയി. ബാംഗ്ലൂര്‍ പോകാന്‍ പെര്‍മിറ്റ് എടുക്കണം എന്നൊന്നും അന്ന് നടരാജന് അറിയില്ലായിരുന്നു. യാത്രക്കാര്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ ഡീസലുമടിച്ചു അങ്ങ് പോയി. ഇതായിരുന്നു സേലം വഴിയുള്ള ആദ്യത്തെ നൈറ്റ് സര്‍വീസ്. അതിനു മുന്‍പ് ഒരു നൈറ്റ് സര്‍വീസ് സേലം വഴി ഉണ്ടായിട്ടുണ്ടായിരുന്നില്ല. എല്ലാം തുടങ്ങിവെച്ചത് നടരാജനാണ്. സംഭവം ക്ലിക്കായതോടെ തൃച്ചങ്കോട് ട്രാന്‍സ്‌പോര്‍ട്ട് എന്ന ബസുകാരെയും കൂടെ വിളിച്ച് ഇരുവശത്തേക്കും നൈറ്റ് സര്‍വ്വീസ് ആരംഭിച്ചു. 1976 ല്‍ ശിവകുമാര്‍ ട്രാവല്‍സ് എന്ന പേരില്‍ ഒരു ട്രാവല്‍സ് തുടങ്ങി. സഹോദരന്റെ ഭാര്യാ പിതാവുമായി പാര്‍ട്‌നര്‍ഷിപ്പില്‍ വാങ്ങിയതായിരുന്നു ആ ബസ്. കോയമ്പത്തൂര്‍-ബാംഗ്ലൂര്‍ റൂട്ടില്‍ നൈറ്റ് സര്‍വ്വീസ് നടത്തിയിരുന്ന ഈ ബസ്സില്‍ നടരാജന്‍ ക്‌ളീനറായി പോയിരുന്നു. ഇതിനിടയില്‍ അദ്ദേഹം സ്വപനമായിരുന്ന ബസ് ഡ്രൈവിംഗും പഠിച്ചെടുത്തു.

പലയിടങ്ങളില്‍ നിന്നും പണം സ്വരൂപിച്ച് സ്വന്തമായി ഒരു ബസ് വാങ്ങി. ആന്ധ്രാപ്രദേശിലെ ചിറ്റൂരില്‍ നിന്നും ഷാസി വാങ്ങി കുംഭകോണത്തു കൊണ്ടു വന്നു ബോഡി കെട്ടി ബസ് ഇറക്കി. എപിസി 7581 എന്ന ആന്ധ്രാപ്രദേശ് രജിസ്‌ട്രേഷനിലായിരുന്നു കെപിഎന്‍ ട്രാവല്‍സിന്റെ ആദ്യത്തെ ബസ്. 1967 ലാണ് ഇത്. ആദ്യമായി വാങ്ങിയ ബസ്സിന് മുത്തശ്ശന്റെയും, അച്ഛന്റെയും, നടരാജന്റെയും പേരുകളുടെ ആദ്യാക്ഷരങ്ങള്‍ ചേര്‍ത്ത് കെപിഎന്‍ ട്രാവല്‍സ് എന്ന് ബസ്സിന് പേരിട്ടു. കുപ്പണ്ണ പൊന്മലൈ നടരാജന്‍ എന്നാണു കെപിഎന്‍ എന്നതിന്റെ മുഴുവന്‍ പേര്. തിരുനെല്‍വേലി-ബാംഗ്ലൂര്‍ റൂട്ടില്‍ ആയിരുന്നു ആദ്യത്തെ സര്‍വ്വീസ്.

Related image

കുട്ടിക്കാലത്തെ ബസ്സിലെ ഡ്രൈവര്‍ അറുമുഖനെ നടരാജന്‍ തന്റെ ബസ്സില്‍ ഡ്രൈവറാക്കി. ഈ സര്‍വ്വീസ് ലാഭകരമായി മുന്നോട്ടു പോകവേ ട്രിച്ചി- ചെന്നൈ റൂട്ടിലും കെപിഎന്‍ ബസ് സര്‍വ്വീസുകള്‍ ആരംഭിച്ചു.നല്ല രീതിയില്‍ ബസ് സര്‍വ്വീസുകള്‍ നടത്തിക്കൊണ്ടിരുന്നതിനാല്‍ ആളുകള്‍ തങ്ങളുടെ യാത്രയ്ക്കായി കെപിഎന്‍ ട്രാവല്‍സിന്റെ ആശ്രയിക്കുവാന്‍ തുടങ്ങി. കെപിഎന്‍ ട്രാവല്‍സിന്റെ പ്രശസ്തി വര്‍ദ്ധിച്ചു. കൂടുതല്‍ ബസ്സുകള്‍ വാങ്ങി കൂടുതല്‍ സ്ഥലങ്ങളിലേയ്ക്ക് സര്‍വ്വീസുകള്‍ ആരംഭിച്ചു. ബസ് സര്‍വ്വീസ് രംഗത്തെ മാറ്റങ്ങളും ടെക്‌നോളജികളും കെപിഎന്‍ പിന്തുടര്‍ന്നു. 1994 ല്‍ ആദ്യമായി എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനമുള്ള ബസ് ‘എയര്‍ബസ്’ എന്ന പേരില്‍ നിരത്തിലിറക്കിയതും കെപിഎന്‍ ആയിരുന്നു.

അങ്ങനെ നല്ല രീതിയില്‍ മുന്നോട്ടു പൊയ്‌ക്കൊണ്ടിരിക്കവെയാണ് ആ വലിയ അപകടം സംഭവിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവില്‍ കാവേരി തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ അക്രമത്തില്‍ കെപിഎന്‍ ട്രാവല്‍സിന്റെ അന്‍പതോളം ബസ്സുകളാണ് കത്തി നശിച്ചത്. അന്നും തന്റെ ബസ്സുകള്‍ നശിച്ചതോര്‍ത്ത് തളരാതെ തന്റെ ജീവനക്കാര്‍ സുരക്ഷിതരാണല്ലോ എന്നോര്‍ത്ത് ആശ്വാസം കൊണ്ടയാളാണ് കെപി നടരാജന്‍. ഇത്രയും വലിയൊരു സ്ഥാപനത്തിന്റെ ഉടമസ്ഥനായി നില്‍ക്കുമ്പോള്‍ നടരാജന്‍ എന്ന വ്യക്തി സമൂഹത്തിന് തരുന്ന ഒരു പാഠമുണ്ട്. പരാജയങ്ങളിലും നഷ്ടങ്ങളിലും തളര്‍ന്നു പോകാതെ മുന്നോട്ട് പോകുമ്പോള്‍ വിജയം നമുക്കായി കാത്തിരിക്കുന്നുണ്ടെന്ന വലിയൊരു സന്ദേശം.