നിയമത്തിനും രജിസ്റ്ററിനും പിന്നിൽ ഭരണപരാജയവും രാഷ്ട്രീയ മനോരോഗവും

Web Desk
Posted on December 23, 2019, 10:25 am

രാജാജി മാത്യു തോമസ്

പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരായ പ്രക്ഷോഭസമരങ്ങളെ കേവലം ഒരു മതവിഭാഗത്തിന്റെ മാത്രം പ്രശ്നമായി ചിത്രീകരിച്ച് ഒതുക്കാനാണ് മോഡിയും ഷായും സംഘ്പരിവാറും ശ്രമിക്കുന്നത്. പ്രക്ഷോഭത്തെ ജിഹാദും ഇസ്‌ലാമിക തീവ്രവാദവുമായി ചിത്രീകരിച്ച് നേരിടാമെന്ന അവരുടെ വ്യാമോഹത്തിന് കനത്ത തിരിച്ചടിയായി മാറുകയാണ് പ്രതിഷേധങ്ങളിലെ വിപുലവും വൈവിധ്യമാര്‍ന്നതുമായ പങ്കാളിത്തം. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഏതാണ്ട് ഒന്നാകെ പ്രതിഷേധത്തില്‍ അണിനിരന്നുവെന്നത് ശ്രദ്ധേയമാണ്. ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിന്റെ എല്ലാ പരിമിതികള്‍ക്കും അപ്പുറം യുവതലമുറയില്‍ മതനിരപേക്ഷതയും സമത്വബോധവും മാനവിക മൂല്യങ്ങളും ആഴത്തില്‍ വേരോട്ടമുണ്ടാക്കി എന്നത് അവഗണിക്കാനാവാത്ത നേട്ടമാണ്. ഇന്ത്യന്‍ ചേതനയില്‍ രൂഢമൂലമായ ആ അവബോധത്തെ തുടച്ചുനീക്കാനുള്ള സംഘ്പരിവാര്‍-ഭരണകൂട ശ്രമങ്ങളാണ് രാജ്യത്തെ കാമ്പസുകളെ അസ്വസ്ഥവും ഊര്‍ജസ്വലവുമാക്കിയിത്.

കാമ്പസുകളെ ഹിന്ദുത്വആശയങ്ങളുടെ അടിസ്ഥാനത്തില്‍ കാവിവല്‍ക്കരിക്കാനും വരേണ്യവല്‍ക്കരിക്കാനും മോഡി ഭരണകൂടവും സംഘ്പരിവാറും നടത്തിയ ഓരോ ശ്രമങ്ങളും കനത്ത ചെറുത്തുനില്‍പുകള്‍ക്കാണ് വഴിവച്ചത്. പൂനെ ടെലിവിഷന്‍ ആന്റ് ഫിലിം ഇസ്റ്റിറ്റ്യൂട്ട്, ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, ജാദവ്‌പൂര്‍ യൂണിവേഴ്സിറ്റി, അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി തുടങ്ങി ഐഐടികളും ഐഐഎമ്മുകളുമടക്കം രാജ്യത്തെ വിഖ്യാത ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ മോഡിഭരണത്തിന്റെ കഴിഞ്ഞ ആറു വര്‍ഷങ്ങളില്‍ വളര്‍ന്നുവന്ന ചെറുത്തുനില്‍പ്പുകള്‍ യുവതലമുറയ്ക്ക് നല്‍കിയ രാഷ്ട്രീയ വിദ്യാഭ്യാസം ഇപ്പോഴത്തെ ഉയര്‍ത്തെഴുന്നേല്‍പ്പിനു നല്‍കിയ സംഭാവനകള്‍ അവഗണിക്കാനാവില്ല. അലിഗഡ്, ജാമിയ സര്‍വകലാശാലകളില്‍ നിന്നും ഇപ്പോള്‍ പൊട്ടിപ്പുറപ്പെട്ട രാഷ്ട്രീയ വിസ്ഫോടനത്തെ ജിഹാദായി വ്യാഖ്യാനിക്കാന്‍ മുതിരുന്നത്. ‘ഇസ്‌ലാമോഫോബിയ’ എന്ന രാഷ്ട്രീയ മനോരോഗത്തിന്റെ ഗണത്തില്‍പ്പെടുത്തി മാത്രമെ കാണാനാവു. അത് ലോകത്തെമ്പാടും രാഷ്ട്രീയ യാഥാസ്ഥിതികത്വത്തെ ബാധിച്ചിരിക്കുന്ന മനോരോഗമാണെന്നതും യാദൃച്ഛികമല്ല. അനുദിനം തകര്‍ന്നടിയുന്ന മുതലാളിത്ത സമ്പദ്ഘടനകളുടെ പേരില്‍ ഇസ്‌ലാം മതത്തെയും ജനവിഭാഗങ്ങളെയും ബലിയാടാക്കി മാറ്റാനാണ് പാശ്ചാത്യലോകത്താകെ ശ്രമം. ഇന്ത്യയിലും സ്ഥിതിമറിച്ചല്ല. മോഡിഭരണം ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി മാറുകയാണ്. അധികാരം നിലനിര്‍ത്തണമെങ്കില്‍ മോഡിക്കും സംഘ്പരിവാറിനും ബലിമൃഗങ്ങള്‍ കൂടിയെതീരു. ആ നിരയില്‍ ഇസ്‌ലാം മതവിശ്വാസികളെ ആദ്യത്തെ ഇരകളാക്കി മാറ്റുകയാണ് ഫാസിസ്റ്റ് ഭരണകൂടം. അതാവട്ടെ അവരുടെ പ്രത്യയശാസ്ത്രത്തിനും ചരിത്രത്തിനും പാരമ്പര്യത്തിനും സമ്പൂര്‍ണമായി ഇണങ്ങുകയും ചെയ്യും. ഇസ്‌ലാം മതത്തിന്റെ പേരില്‍ അഭയംതേടുന്നവര്‍ക്ക് അത് നിഷേധിച്ചും പൗരന്മാരുടെ പൗരാവകാശങ്ങള്‍ നിഷേധിച്ച് അവരെ പുകച്ചു പുറത്തുചാടിച്ചും തങ്ങളുടെ വോട്ടുബാങ്ക് ബാലന്‍സ് ഉയര്‍ത്താമെന്ന മൗഢ്യവും ഈ ഫാസിസ്റ്റ് ഹ്രസ്വബുദ്ധികള്‍ വച്ചുപുലര്‍ത്തുന്നു. ആര്‍എസ്എസ്-ബിജെപി-സംഘ്പരിവാര്‍ കുബുദ്ധികളുടെ ഈ അജണ്ട തിരിച്ചറിയാനുള്ള പ്രാപ്തി ഇന്ത്യന്‍ ജനത കൈവരിച്ചിരിക്കുന്നു. ഇന്ത്യയുടെ മുഖ്യപ്രശ്നം ഇസ്‌ലാമാണെന്ന സംഘ്പരിവാര്‍ ആഖ്യാനം പൊളിച്ചെഴുതാതെ ആസാദി അര്‍ത്ഥശൂന്യമാകും. ജാതിവാദത്തിനും മതഭ്രാന്തിനും സങ്കുചിത ദേശീയവാദത്തിനും അറുതിവരുത്താതെ സ്വാതന്ത്ര്യം എന്ന ആശയം കേവലം മരീചികയായി തുടരുമെന്നതില്‍ ആര്‍ക്കും അര്‍ത്ഥശങ്ക വേണ്ട. ജാതിയുടെയും മതത്തിന്റെയും ദേശാഭിമാനത്തിന്റെയും ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും ഉയര്‍ത്തി ആദിവാസി, ദളിത്, പിന്നാക്ക ജനവിഭാഗങ്ങളെയും മുസ്‌ലിമടക്കം മതന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തി സമഗ്ര സവര്‍ണാധിപത്യം ഉറപ്പിക്കുന്ന ഹിന്ദുരാഷ്ട്രവാദമാണ് മോഡിയും ഷായും ആര്‍എസ്എസും സംഘ്പരിവാറും വിഭാവനം ചെയ്യുന്നത്. അത്തരമൊരു അടിമരാഷ്ട്ര സങ്കല്‍പത്തില്‍ നിന്നും രാജ്യത്തെയും ജനങ്ങളെയും വിമോചിപ്പിക്കുക എന്നതു തന്നെയാണ് സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ അനുസ്മരിപ്പിക്കുന്ന സമകാലിക ജനമുന്നേറ്റത്തിന്റെ ദൗത്യം. ആസാദി അതുമാത്രമല്ല. അത് പട്ടിണിയില്‍ നിന്നും തൊഴിലില്ലായ്മയില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നുമുള്ള മോചനം കൂടിയാണ്. ഭരണഘടനയെതന്നെ അട്ടിമറിച്ച് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും ദേശീയ ജീവിതത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ മോഡിപ്രഭൃതികളെ നിര്‍ബന്ധിതമാക്കിയത് കേവലം പ്രത്യയശാസ്ത്ര പ്രതിബദ്ധതയല്ല. ഫാസിസ്റ്റുകള്‍ക്ക് പ്രത്യയശാസ്ത്രം ഒരു പുകമറ മാത്രമായിരുന്നുവെന്ന് ചരിത്രം ആവര്‍ത്തിച്ച് തെളിയിച്ചിട്ടുള്ളതാണ്. അധികാരം, സമഗ്രാധിപത്യം, തന്നെയായിരുന്നു എക്കാലത്തും അവരുടെ ലക്ഷ്യം. ഇവിടെയും ഫാസിസ്റ്റ് ലക്ഷ്യം മറ്റൊന്നല്ല. മൂലധന മേലാളന്മാര്‍ക്കുവേണ്ടി അധികാരം കയ്യാളുന്നവര്‍ അതു നിലനിര്‍ത്താന്‍ വംശീയതയുടെയും വര്‍ഗീയതയുടെയും ഭിന്നിപ്പിക്കാനുള്ള കരുത്തിനെ സമര്‍ഥമായി ഉപയോഗിക്കുകയാണ്. മറ്റെല്ലാ രംഗത്തും പരാജയപ്പെട്ട ഭരണകൂടത്തിന്റെ അവസാന അത്താണിയായി മാറുകയാണ് മതാധിഷ്ഠിത പൗരത്വ നിയമം. ഇസ്‌ലാം മതത്തെ ബലിയാടാക്കി സമ്പദ്ഘടനയുടെ പരാജയം മറച്ചുപിടിക്കാനാണ് മതത്തിന്റെ പേരില്‍ വൈകാരിക അന്തരീക്ഷം സൃഷ്ടക്കുന്നത്. (അവസാനിക്കുന്നില്ല)