പ്രത്യേക ലേഖകൻ

ന്യൂഡൽഹി

June 09, 2020, 10:01 pm

കുടിയേറ്റത്തൊഴിലാളികൾക്ക് പിറകെ; പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനുകളെയും മോഡി സർക്കാർ പന്താടുന്നു

Janayugom Online

രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ഡൗണിൽ കുടിയേറ്റ തൊഴിലാളികളെ പെരുവഴിയിലാക്കിയ മോഡി സർക്കാർ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജീവനും പന്താടുന്നു. പൊതുമേഖലയിലും സ്വകാര്യ മേഖലയിലും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് തൊഴിലാളികളെ ഏറെവെട്ടിലാക്കുന്നത്. സമ്പർക്ക അകലം പാലിക്കുക, മാസ്കുകൾ ധരിക്കുന്നത് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കുക, തൊഴിലാളികളുടെ എണ്ണം പകുതിയായി കുറയ്ക്കുക, പ്രായം കൂടിയ തൊഴിലാളികൾക്ക് അവധി അനുവദിക്കുക, മറ്റ് രോഗബാധയുള്ളവരെ വീടുകളിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് സർക്കാർ ഒത്താശയോടെ സ്ഥാപന മേധാവികൾ കാറ്റിൽ പറത്തുന്നത്. ഇത് ചോദ്യം ചെയ്യുന്ന ജീവനക്കാരെ പിരിച്ചുവിടുമെന്നും അല്ലെങ്കിൽ നിർബന്ധിത അവധി നൽകുമെന്ന ഭീഷണികളുമാണ് ഉണ്ടാകുന്നത്.

ഒരു സ്ഥാപനത്തിൽ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചാൽ രണ്ട് ദിവസം അടച്ചിട്ട് അണുവിമുക്തമാക്കുന്ന നടപടികൾ സ്വീകരിക്കണമെന്നാണ് നിർദ്ദേശം. എന്നാൽ ഉരുക്ക് മന്ത്രാലയത്തിന്റെ കീഴിലുള്ള സേലം പ്ലാന്റിലെ 12 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചെങ്കിലും ഇത്തരത്തിലുള്ള നടപടികൾ ഉണ്ടായിട്ടില്ല. സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയുടെ (സെയിൽ) ഡയറക്ടർ ബോർഡിലെ മുതിർന്ന അംഗത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിക്കുന്നതിന് മുമ്പ് സെയിലിന്റെ കീഴിലുള്ള വിവിധ പ്ലാന്റുകളും സന്ദർശിച്ച് ജീവനക്കാരുമായി ചർച്ചകൾ നടത്തിയിരുന്നു. തുടർന്നാണ് കൂടുതൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് രോഗം സ്ഥിരീകരിച്ചത്. സ്ഥിതിഗതികൾ ഗുരുതരമായിട്ടും ജീവനക്കാർക്ക് രോഗ പരിശോധന നടത്താനുള്ള ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നില്ല. ഇത് കൂടാതെ ഇപ്പോൾ സെയിലിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിൽ ഗുരുതരമായ വീഴ്ച്ചയാണ് അധികൃതർ വരുത്തുന്നത്. ജീവനക്കാരുടെ ഷിഫ്റ്റുകളിൽ വ്യക്തതയില്ല. സമ്പർക്ക അകലം പാലിക്കുന്നതിനുള്ള സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവ ഒന്നുമില്ലെന്നാണ് സേലം പ്ലാന്റിലെ തൊഴിലാളികൾ ആരോപിക്കുന്നത്.

കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എഫ്എസിടി ഉൾപ്പെടെയുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്ഥിതിയും മറിച്ചല്ല. തൊഴിലാളികൾക്ക് എൻ 95 വിഭാഗത്തിലുള്ള മൂന്ന് ലെയർ മാസ്കുകൾ നൽകണമെന്നാണ് പൊതുമേഖലാ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന്റെ മാനദണ്ഡം. കൂടാതെ പ്രതിരോധ മാർഗങ്ങൾ അവലംബിക്കാൻ കഴിയുന്ന വിധത്തിൽ ജീവനക്കാരുടെ എണ്ണവും ഷിഫ്റ്റും ക്രമീകരിക്കണമെന്ന ആവശ്യവും അധികൃതർ പരിഗണിക്കുന്നില്ല. റയിൽവേ, ഒഎൻജിസി, ഐഒസി തുടങ്ങിയ സ്ഥാപനങ്ങളുടെ അവസ്ഥയും ഇതുതന്നെയാണ്.

അതിനിടെ പ്രതിരോധ നടപടികൾ സ്വീകരിക്കാതെയുള്ള പ്രവർത്തനങ്ങളാണ് സ്വകാര്യ കമ്പനികളിലും തുടരുന്നത്. ചെന്നൈയിലെ ഹ്യൂണ്ടായി മോട്ടോഴ്സ് ഇന്ത്യാ ലിമിറ്റഡ്, മൊബൈൽ നിർമ്മാണ കമ്പനിയായ നോക്കിയ സൊല്യൂഷൻസ് എന്നിവിടങ്ങളിലെ നിരവധി ജീവനക്കാർക്കാണ് ഇതിനകം കൊറോണ സ്ഥിരീകരിച്ചത്. ഹ്യൂണ്ടായ് മോട്ടോഴ്സിലെ 76 തൊഴിലാളികൾക്കും നോക്കിയ സൊല്യൂഷൻസിലെ 69 ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഹ്യൂണ്ടായ് മോട്ടോഴ്സിൽ രോഗം സ്ഥിരികരിച്ചെങ്കിലും പ്ലാന്റ് പൂർണമായി അടച്ചിട്ട് അണുനശീകരണം നടത്താൻ അധികൃതർ തയ്യാറാകുന്നില്ല. ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രതിരോധ മാനദണ്ഡങ്ങൾ ലംഘിക്കുന്ന നിലപാടുകളാണ് കമ്പനി അധികൃതർ സ്വീകരിക്കുന്നത്.

മഹാരാഷ്ട്രയിലെ മുംബൈ, താനെ, ഗുജറാത്തിലെ ബറോഡ, അഹമ്മദാബാദ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളുടെ അവസ്ഥയും മറ്റൊന്നല്ല. ബറോഡയിലെ മരുന്ന് നിർമ്മാണ കമ്പനികളിൽ ജോലി ചെയ്യുന്ന 91 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാൽ കമ്പനികളുടെ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊറോണ പ്രതിരോധത്തിനുള്ള മാസ്ക് നിർമ്മാണ കമ്പനികളിലെ ജീവനക്കാർക്കിടയിലും കൊറോണ വ്യാപനം തുടരുന്നതായി റിപ്പോർട്ടുകളുണ്ട്. തമിഴ്‌നാട്ടിലെ തിരുപ്പൂർ, സേലം, ഈ റോഡ് എന്നിവിടങ്ങളിലെ കമ്പനികളിൽ ജോലി ചെയ്യുന്നവർക്കാണ് രോഗം സ്ഥിരീകരിക്കുന്നത്.

എന്നാൽ ഇപ്പോഴുള്ള വ്യാപാരം നഷ്ടപ്പെടുമെന്ന ഭീതിയിൽ രോഗികളുടെ വിവരങ്ങൾ പുറത്തുവിടുന്നില്ല. ഇത് കൂടാതെ തൊഴിലാളികളിൽ രോഗ പരിശോധന നടത്താനുള്ള നടപടികളും അധികൃതർ സ്വീകരിക്കുന്നില്ല. തൊഴിൽ നിയമങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് ഇതൊക്കെ ചോദ്യം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് തൊഴിലാളികളെന്ന് എഐടിയുസി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ ആശങ്കപ്പെടുന്നു.

Eng­lish summary;The Modi gov­ern­ment also deals with the lives of PSUs

you may also like this video;