Wednesday
20 Feb 2019

ക്രോസ്സ് ഒാവര്‍ ഒഴിവാക്കാന്‍ ബെല്‍ജിയവും; നേരിട്ട് ക്വാട്ടര്‍ ലക്ഷ്യമിട്ട് ഇന്ത്യ കാനഡക്കെതിരെ

By: Web Desk | Saturday 8 December 2018 7:30 AM IST

സുരേഷ് എടപ്പാള്‍

പൂള്‍ സി യിലെ നിര്‍ണ്ണായകമത്സരത്തില്‍ ഇന്ത്യ ഇന്ന് കാനഡയെ നേരിടും. ക്വാര്‍ട്ടറില്‍ നേരിട്ട് ഇടം പിടിക്കുന്ന ആദ്യ നാല് ടീമുകളില്‍ ഒന്നാകമണമെങ്കില്‍ ഇന്ത്യക്ക് ഇന്ന് ജയിച്ചേ മതിയാകൂ. ഇപ്പോള്‍ ഗ്രൂപ്പ് സിയില്‍ ഇന്ത്യക്കും ബെല്‍ജിയത്തിനും നാല് പോയിന്റുകള്‍ വീതമാണുള്ളത്. ഗോള്‍ ആവേറേജില്‍ മേല്‍ക്കൈ ഉള്ളതിനാല്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണ്. ഇന്ന് നടക്കുന്ന
ആദ്യമത്സരത്തില്‍ ബെല്‍ജിയത്തിന്റെ എതിരാളികള്‍ താരതമ്യേന ദുര്‍ബലരായ
ദക്ഷിണാഫ്രിക്കയാണ്. കൂടുതല്‍ ഗോളടിച്ച് കണക്കില്‍ മുന്നിലേത്താനാകും ചുകപ്പന്‍ പട്ടാളത്തിന്റെ ശ്രമം. ഇന്ത്യക്കാകട്ടെ എതിരാളികള്‍ കരുത്തരും അട്ടിമറിക്കാരുമായ കാനഡയാണെന്നതിനാല്‍ ആതിഥേയര്‍ കരുതി ഇരുന്നേ മതിയാകൂ. ഇന്നത്തെ മത്സരത്തില്‍ തോല്‍വിയോ, സമനിലയോ പിണഞ്ഞാല്‍ ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താന്‍ ക്രോസ്സ് ഓവര്‍ കളിക്കേണ്ടതായി വരും.

ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ മറുപടിയില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്തെങ്കിലും രണ്ടാമത്തെ മത്സരത്തില്‍ ശക്തരായ ബെല്‍ജിയത്തിനെതിരെ കലിംഗയിലെ ഗാലറിയുടെ നിറഞ്ഞ പിന്തുണ ഉണ്ടായിട്ടും ഇന്ത്യക്ക് ജയിക്കാനായില്ല. കളിതീരാന്‍ അഞ്ചു മിനുട്ടു മുമ്പുവരെ 2-1 മുന്നില്‍ നിന്നെങ്കിലും മത്സരഫലം സമനിലയിലാക്കുന്നതില്‍ ബെല്‍ജിയം വിജയിച്ചു.
ഇന്നത്തെ മത്സരത്തില്‍ കാനഡക്കെതിരെ കൂടുതല്‍ ഗോളുകള്‍ക്ക് വിജയിക്കാന്‍
സാധിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കുഴങ്ങാനാണ് സാധ്യത. ലോക റാങ്കിങ്ങില്‍ ഇന്ത്യ അഞ്ചാംസ്ഥാനത്തും കാനഡ 11-ാം സ്ഥാനത്തുമാണ്. ഏറ്റവും ഒടുവില്‍ ഇന്ത്യയും കാനഡയും മുഖാമുഖം വന്നപ്പോള്‍ വിജയം കാനഡക്കായിരുന്നു. ലണ്ടനില്‍ നടന്ന ഹോക്കി വേള്‍ഡ് ലീഗില്‍ സെമി പോരാട്ടത്തില്‍ 2-3 നായിരുന്നു കാനഡയുടെ ജയം. 2016 ലെ റിയോ ഒളിമ്പിക്‌സിലും ഇന്ത്യയെ വടക്കേ അമേരിക്കന്‍ ടീം ശരിക്കും പിടിച്ചു കെട്ടി. സ്‌കോര്‍:2-2. 2013 നു ശേഷമുള്ള മത്സരകണക്ക് പരിശോധിച്ചാള്‍ ഇന്ത്യക്കാണ് കൂടുതല്‍ വിജയമെങ്കിലും പഴയ കാനഡയല്ല
ഇപ്പോഴത്തേതെന്നത് അടിവരയിടുന്നതാണ് അവരുടെ അടുത്ത കാലപ്രകടനങ്ങള്‍.

ആദ്യമത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തോട് 2-1 നാണ് പരാജയപ്പെട്ടത്. ശക്തമായ പ്രതിരോധമാണ് കനേഡിയന്‍ ടീമിന്റെ കരുത്ത്. ആപ്രതിരോധത്തിന്റെ കോട്ട തകര്‍ക്കാന്‍ ഇന്ത്യന്‍ മുന്നേറ്റക്കാര്‍ക്ക് കഴിഞ്ഞാല്‍ മത്സരഫലം ഇന്ത്യക്കനുകൂലമാകും. അതുകൊണ്ട് തന്നെ മുന്നേറ്റ താരങ്ങളായ സീമ്രാന്‍ജിത് സിങ്ങ്, മന്‍ദീപ് സിങ്ങ്, ആകാശ്ദീപ് സിങ്ങ്, ലളിത് ഉപാധ്യായ എന്നിവരിലാണ് ഇന്ത്യയുടെ മുഴുവന്‍ പ്രതീക്ഷയും. ക്യാപ്റ്റന്‍ മന്‍പ്രീത് സിങ്ങ് നേതൃത്വം കൊടുക്കുന്ന ഇന്ത്യന്‍ മിഡ്ഫീള്‍ഡ് ഭംഗിയായ പ്രകടനമാണ് കഴിഞ്ഞ മത്സരങ്ങളില്‍ പുറത്തെടുത്തത്. പ്രതിരോധത്തിലെ ദൗത്യം കൂടി മധ്യനിരക്കാര്‍ ശ്രദ്ധിച്ചാല്‍ മാത്രമേ കാവല്‍
നിരക്കാരുടെ സമ്മര്‍ദ്ദം ഒഴിവാക്കാന്‍ കഴിയൂ. കളിയുടെ അവസാന നിമിഷങ്ങളില്‍ ഗോള്‍ വഴങ്ങുന്ന ടീം ഇന്ത്യയുടെ പതിവ് പരിപാടി അവസാനിക്കണമെങ്കില്‍ പ്രതിരോധനിര കൂടുതല്‍ ഭദ്രമാക്കേണ്ടതുണ്ട്.

ബെല്‍ജിയത്തിനെതിരെയും വിലപ്പെട്ട മൂന്ന് പോയിന്റ് നഷ്ടമാക്കിയത് അവസാന മിനുട്ടിലെ ഗോളാണ്. അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കാനഡക്ക് കഴിഞ്ഞിട്ടില്ലെന്നത് ഇന്ത്യക്ക് ആശ്വാസം നല്‍കുന്നു. ലണ്ടനിലും റിയോയിലും ഉണ്ടായതൊക്കെ മുന്‍ നിര്‍ത്തി ഇന്നത്തെ മത്സരത്തെ കാണേണ്ടതില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഹരേന്ദ്രസിംങ്ങ് പറഞ്ഞു. കഴിഞ്ഞ കാലത്തെ പരാജയങ്ങള്‍ അനുഭവങ്ങളാണ്. അതൊന്നും ആവര്‍ത്തിക്കാന്‍ പോകുന്നില്ല. വളരെ ക്ഷമയോടെ ഹോക്കി കളിക്കുന്ന ടീമാണ്
കാനഡ. പ്രത്യോക്രമണങ്ങള്‍ നടത്താന്‍ മിടുക്കരാണ്. ഗോളവസരം തുറന്നുകിട്ടുംവരെ അവര്‍ കാത്തിരിക്കും. പക്ഷേ അതൊന്നും ഇന്ന് കലിംഗയില്‍ നടക്കാന്‍ പോകുന്നില്ല. ആക്രമാണാത്മകമായ ഹോക്കിയാണ് നാം പരീക്ഷിക്കുന്നത്. നമ്മുടെ കുട്ടികള്‍ അതിനായി പരിശീലിച്ചു കഴിഞ്ഞു. ഇന്ത്യ ഏറ്റവും മികച്ച കളി പുറത്തെടുക്കും, ജയിക്കും. ഹരേന്ദ്ര ശുഭാപ്തി
വിശ്വാസം പ്രകടമാക്കി.

Related News