നവലിബറൽകാലത്തെ മുതലാളിത്തവും മതരാഷ്ട്രീയവും സൃഷ്ടിച്ച കോർപറേറ്റ് വർഗീയ സംയോജനത്തിൽ ശക്തിപ്പെട്ടുവരുന്ന ആത്മീയ വ്യവസായങ്ങൾക്കെതിരെ ജനങ്ങൾക്കിടയിൽ ശാസ്ത്രീയ അവബോധം സൃഷ്ടിക്കുകയും യുക്തിഭദ്രമായ നിലപാടുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്കാണ് നെയ്യാറ്റിൻകര ഗോപൻ സ്വാമി സമാധി വിവാദം വിരൽ ചൂണ്ടുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരായ പ്രസ്താവനകളും ക്യാമ്പയിനുകളും ചർച്ചാ സംഗമങ്ങളും സംവാദങ്ങളും കൊണ്ട് മുഖരിതമായിരിക്കുന്നു കേരളം. ഒരു പ്രത്യേക വംശത്തിൽപ്പെട്ടവർ, പ്രത്യേക കാഴ്ചപ്പാടുകളുള്ളവർ, പ്രത്യേക വീക്ഷണഗതി പുലർത്തുന്നവർ തങ്ങളുടേതിൽ നിന്ന് വിഭിന്നമായ ആചാരങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും പുലർത്തുന്നവരെ അന്ധവിശ്വാസികളായി ചിത്രീകരിക്കാറുണ്ട്. യുക്തിസഹമല്ലാത്ത വിശ്വാസങ്ങളും അവയുമായി ബന്ധപ്പെട്ട് കിടക്കുന്ന ആചാരാനുഷ്ഠാനങ്ങളും അമാനുഷികമായ കഴിവുകൾ കൊണ്ട് മാത്രം വിശദീകരിക്കാവുന്നതും ആധുനിക ശാസ്ത്രത്തിന് തീർത്തും വിരുദ്ധവുമായ വിശ്വാസങ്ങളെയും ആചാരങ്ങളെയുമാണ് പൊതുവിൽ അന്ധവിശ്വാസമെന്ന് വിശേഷിപ്പിക്കാറുള്ളത്. ഒരുവന്റെ വിശ്വാസം അപരന് അന്ധ വിശ്വാസവും ഒരു കാലഘട്ടത്തിന്റെ ആചാരങ്ങൾ മറ്റൊരു കാലഘട്ടത്തിന്റെ അനാചാരവുമായിരിക്കും.
നിരീശ്വരവാദികൾക്ക് മതവിശ്വാസങ്ങളെല്ലാം അന്ധവിശ്വാസങ്ങളാണ്. മതങ്ങളിലേക്കെത്തിയാൽ ഒരു മതത്തിന്റെ വിശ്വാസ സംഹിതകളും ആചാരാനുഷ്ഠാനങ്ങളും ഇതര മതാനുയായികളുടെ വീക്ഷണത്തിൽ അന്ധവിശ്വാസവും അനാചാരങ്ങളുമാണ്. ഇനി മതങ്ങളുടെ കൂടുതല്‍ ഉള്ളിലേക്കിറങ്ങിയാൽ അതിലും രസാവഹമാണ് കാര്യങ്ങൾ. അവിടെ പരസ്പരം തർക്കിച്ച് തർക്കിച്ച് പോർ വിളിച്ചു കൊണ്ട് ഇതര വിഭാഗങ്ങളെ അന്ധവിശ്വാസികളും ദുരുപദേശക്കാരുമായി ചിത്രീകരിക്കുവാനുള്ള മത്സരങ്ങളാണ് നടക്കുന്നത്. തന്റെ ആശയത്തിന്റേതാകുമ്പോൾ എന്തും മാന്യവും ശ്രേഷ്ഠവും അപരന്റേതാകുമ്പോൾ ഹീനവും അപഹാസ്യവുമായി മാറുന്നത് അന്ധവിശ്വാസത്തിന്റെ മനഃശാസ്ത്ര വശമാണ്. ബഹുസ്വര സമൂഹത്തിൽ ഭിന്നവീക്ഷണങ്ങളും വ്യത്യസ്ത ചിന്താഗതികളും ഉരുത്തിരിയുന്നിടത്ത് വിശ്വാസത്തിനും അന്ധവിശ്വാസത്തിനും പ്രത്യേക നിർവചനം അസാധ്യം. ജ്യോതിഷം, വാസ്തുശാസ്ത്രം, കൈനോട്ടം, മന്ത്രവാദം, ശകുനം, നാളും ജാതകവും, മുഹൂർത്തം, രാഹു — കേതു കാലം, കണ്ണേറ് ഇത്യാദി വിഷയങ്ങളിൽ ഇന്നും അതീവ ജാഗ്രതയും കണിശതയും പുലർത്തിപ്പോരുന്ന ഹൈന്ദവ വിശ്വാസികളുണ്ട്. എന്നാൽ വിശ്വാസികൾ ആയിരിക്കെത്തന്നെ ഇത്തരം പ്രവണതകളെ അനാചാരങ്ങളുടെ പട്ടികയിൽ പെടുത്താനാണ് ചിലർക്ക് താല്പര്യം. കടുത്ത ദൈവവിശ്വാസികൾ ആയിരിക്കുമ്പോഴും ആൾ ദൈവങ്ങളെ ശക്തമായി എതിർക്കാറുണ്ട് ചിലർ. എന്നാൽ ആൾദൈവ ഭക്തന്മാരും കുറവല്ല.
ക്രൈസ്തവ ലോകത്തിൽ ദൈവിക പ്രവൃത്തിയെന്ന പേരിൽ കല്പിത കഥകളെ വെല്ലുന്ന ജീവിതാനുഭവങ്ങളുടെ നേർസാക്ഷ്യമവകാശപ്പെട്ടുകൊണ്ട് രംഗപ്രവേശനം ചെയ്യുന്ന പലരെയും കാണാൻ കഴിയും. അത്ഭുത പ്രവൃത്തികളും വീര പ്രവൃത്തികളും രോഗശാന്തി ശുശ്രൂഷകളും ഇന്നും നിലനിൽക്കുന്നുവെന്നും അതല്ല നീങ്ങിപ്പോയെന്നും വിശ്വസിക്കുന്ന വ്യത്യസ്ത സഭാ വിഭാഗങ്ങളുണ്ട്. രോഗം പ്രാർത്ഥനയിലൂടെ ഭേദപ്പെടുമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടർ. ‘യഹോവയുടെ സാക്ഷികൾ’ എന്ന വിഭാഗത്തിന്റെ വീക്ഷണത്തിൽ ദേശീയ ഗാനം ആലപിക്കൽ അവരുടെ വിശ്വാസത്തിന്നെതിരാണ്. മറ്റുള്ളവർക്ക് വിചിത്രവും കൗതുകവുമായി തോന്നാവുന്ന വിശ്വാസത്തിന്റെ ന്യായമായി അവർ ചൂണ്ടിക്കാട്ടുന്നത്, ഭക്തി ദൈവത്തിന് മാത്രം നൽകേണ്ടതാണെന്നും ദേശീയ ഗാനത്തിലെ വരികൾ ഭക്തിയാണെന്നും അതിനാൽ ദൈവത്തിന് നൽകേണ്ട ഭക്തി മറ്റൊന്നിനും നൽകാൻ കഴിയില്ലെന്നുമാണ്. രക്തം പവിത്രമാണെന്നും അത് സ്വീകരിക്കുന്നത് ദൈവിക കല്പനയുടെ ലംഘനമാണെന്നും വിശ്വസിക്കുന്ന ഇക്കൂട്ടരില്‍ ചിലര്‍ ജീവന്മരണ സാഹചര്യങ്ങളിൽ പോലും രക്തം സ്വീകരിക്കാറില്ല എന്നതാണ് വസ്തുത.
രാഷ്ട്രീയ പ്രവർത്തനങ്ങളെ നിരാകരിക്കുകയും സൈനിക സേവനങ്ങളെ എതിർക്കുകയും ചെയ്യുന്ന ഇവർ ദേശീയ ഗാനത്തെ മാത്രമല്ല ദേശീയ പതാക അടക്കമുള്ള രാഷ്ട്ര പ്രതീകങ്ങളെയൊന്നും അംഗീകരിക്കാറില്ല. വിശ്വാസ കണിശതയും അതിതീവ്രതയും നിമിത്തം ഇവർക്ക് പല രാജ്യങ്ങളിലെയും നിയമങ്ങളോട് സമരസപ്പെട്ടു പോകാൻ കഴിയാത്ത സ്ഥിതി വിശേഷം സംജാതമാവുകയും തൽഫലമായി സമാനതകളില്ലാത്ത മത പീഡനങ്ങൾക്ക് യഹോവ സാക്ഷികൾ വിധേയരാവുകയും ചെയ്തിട്ടുണ്ട്. ഹിറ്റ്ലറുടെ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചു എന്ന ഒറ്റക്കാരണത്താലാണ് നാസി ജർമ്മനിയിൽ ആയിരക്കണക്കിന് യഹോവ സാക്ഷികളെ തടങ്കൽപ്പാളയങ്ങളിലേക്ക് അയയ്ക്കുകയും നൂറുകണക്കിന് അംഗങ്ങളെ കിരാതമായി കൊന്നെടുക്കുകയും ചെയ്തത് എന്നോർക്കണം. ‘സെവന്ത് ഡേ അഡ്വന്റിസ്റ്റുകൾ’ എന്ന വിഭാഗമാകട്ടെ ശനിയാഴ്ചകളിൽ പ്രധാന ജോലികളൊന്നും ചെയ്യരുതെന്ന് നിഷ്കർഷിക്കുന്ന കൂട്ടരാണ്. ‘യഹോവ സാക്ഷി‘കളെയും ‘സെവന്ത് ഡേ അഡ്വന്റിസ്റ്റ് ‘കളെയും പ്രബല ക്രൈസ്തവ സഭകൾ ദുരുപദേശക്കൂട്ടമായാണ് കാണുന്നത്.
ഇസ്ലാമിക ലോത്തിലേക്ക് വന്നാൽ ആചാരങ്ങളെയും അന്ധ വിശ്വാസങ്ങളെയും സംബന്ധിച്ചുള്ള രൂക്ഷമായ അഭിപ്രായ ഭിന്നതകളും അനന്തരമുള്ള ഗൗരവതരമായ ചർച്ചകളും ആശയ സംവാദങ്ങളും സർവസാധാരണമാണെന്ന് കാണാൻ കഴിയും. ആചാരാനുഷ്ഠാനങ്ങളിലെ അഭിപ്രായ വ്യത്യാസങ്ങളുമായി ബന്ധപ്പെട്ട മുഖാമുഖങ്ങളും സംവാദങ്ങളും കൂടുതലായി സംഘടിപ്പിക്കാറുള്ളതും അവരാണ്. ജിന്ന് സേവ, പിശാച് ബാധ, സിഹ്റ്, മന്ത്രിച്ചൂതൽ, ഖുർആൻ ചികിത്സ, അതീന്ദ്രിയ ശക്തിയും അദൃശ്യ ജ്ഞാനവും അവകാശപ്പെടൽ ഇത്യാദി കാര്യങ്ങൾക്കെല്ലാം തന്നെ മതപരമായ മാനം നൽകുന്ന വലിയൊരു വിഭാഗം മുസ്ലിങ്ങൾക്കിടയിലുണ്ട്. ഉദ്ദിഷ്ട കാര്യസാധ്യത്തിന് വേണ്ടി തങ്ങന്മാരെയും ബീവിമാരെയും ആശ്രയിക്കുന്നവരും ദിവസങ്ങൾക്കും നേരങ്ങൾക്കും ദുഃശകുനം (നഹ്സ് ) നോക്കുന്നവരും വിരളമല്ല. എന്നാൽ ഇത്തരം പ്രവണതകളെ അന്ധവിശ്വാസങ്ങളും അനുഷ്ഠാന വൈകൃതങ്ങളുമെന്ന് പ്രഖ്യാപിച്ച് അവയെ ആശയ പ്രചാരണങ്ങളിലൂടെയും ബോധവല്‍ക്കരണങ്ങളിലൂടെയും നേരിട്ട് ശരിയായ വിശ്വാസവും പ്രവാചക മാതൃകയുള്ള അനുഷ്ഠാനങ്ങളും ഇസ്ലാമിക വീക്ഷണത്തിനൊത്ത ആചാരങ്ങളും നിലനിർത്തുന്നത് തങ്ങളാണെന്നും അവകാശപ്പെടാറുണ്ട് ചിലർ. എന്നാൽ ഇക്കൂട്ടരുടെ കാഴ്ചപ്പാടുകളെ തീർത്തും നിരാകരിക്കുന്ന എതിർ വിഭാഗക്കാർ ‘പുത്തൻ വാദി‘കളെന്നാണ് ഇവരെ വിളിക്കാറുള്ളത്. വർഷങ്ങൾ നീണ്ട ബോധവല്‍ക്കരണ പ്രക്ഷോഭ പരമ്പരകൾക്കും നിയമനിർമ്മാണത്തിന് വേണ്ടി ധീരമായി നിലകൊണ്ട ഡോ. നരേന്ദ്ര ധബോൽക്കറുടെ രക്തസാക്ഷിത്വത്തിനും ശേഷമാണ് മഹാരാഷ്ട്രയിൽ 2013 ഡിസംബർ 18ന് അന്ധവിശ്വാസ നിരോധന നിയമം പ്രാബല്യത്തിൽ വരുന്നത്. 2003ൽ ധബോൽക്കർ നിയമത്തിന്റെ കരട് തയ്യാറാക്കിയിരുന്നുവെങ്കിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകൾ ചർച്ച ചെയ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഭേദഗതികളോടെ അന്ധശ്രദ്ധ നിർമൂലൻ സമിതി നേതാവായ ശ്യാംമാധവ് 2005നാണ് സർക്കാറിന് സമർപ്പിച്ചത്. 2006ൽ ബില്ല് നിയമസഭയിൽ ചർച്ചക്ക് വച്ചുവെങ്കിലും ബിജെപിയുടെയും ശിവസേനയുടെയും കടുത്ത എതിർപ്പുകളെത്തുടർന്ന് പാസാക്കാനായില്ല. ബില്ലുമായി ബന്ധപ്പെട്ട അനുകൂല പ്രതികൂല സംവാദങ്ങളും ബഹുജനറാലികളും മഹാരാഷ്ട്രയിൽ വ്യാപകമായി അരങ്ങേറി.
2013 ഓഗസ്റ്റ് 19ന് പൂനയിൽ വച്ച് നരേന്ദ്ര ധബോൽക്കറെ വെടിവച്ചുകൊന്നതോടെ, നിയമം നടപ്പാക്കണമെന്ന ആവശ്യം ശക്തമായി. അപ്രകാരം ഓഗസ്റ്റ് 24ന് ഓർഡിനൻസിലൂടെ പ്രസ്തുത ബില്ല് പ്രാബല്യത്തിൽ കൊണ്ടുവന്നു. നിയമസഭയിൽ നടന്ന ചർച്ചകൾക്ക് ശേഷം ഡിസംബർ 18ന് നിയമമാക്കുകയും ചെയ്തു. നിയമത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള കുറ്റകൃത്യങ്ങൾക്ക് ആറ് മാസം മുതൽ ഏഴ് വർഷം വരെ തടവും 5,000 മുതൽ 50,000 രൂപവരെ പിഴയും ചുമത്താനുള്ള വകുപ്പുകളാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. മഹാരാഷ്ട്രയിൽ ധബോല്‍കറും കമ്മ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പൻസാരെയും കൊല്ലപ്പെട്ടതിന് സമാനമായ സാഹചര്യത്തിൽ എം എം കൽബുർഗിയും ഗൗരി ലങ്കേഷും വധിക്കപ്പെട്ട ശേഷം കർണാടക സർക്കാരും അന്ധവിശ്വാസത്തിൽ അധിഷ്ഠിതമായ ദുരാചാരങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനു വേണ്ടിയുള്ള നിയമം പാസാക്കുകയുണ്ടായി. ബിഹാറിലും ഝാർഖണ്ഡിലും കൂടോത്രം തടയുന്നതിനായുള്ള നിയമം 1999 മുതൽ നിലവിലുണ്ട്. 2005 മുതൽ ഛത്തീസ്ഗഢിലും സമാന നിയമമുണ്ട്. പ്രേതവേട്ടയുടെ പേരിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന കയ്യേറ്റങ്ങൾ തടയുന്നതിനായി 2012ൽ രാജസ്ഥാൻ നിയമം പാസാക്കിയിട്ടുണ്ട്.
അന്ധവിശ്വാസ — അനാചാരങ്ങൾ സംസ്ഥാനത്ത് വർധിച്ചുവരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനും ശാസ്ത്രീയവും മാനുഷികവുമായ സാമൂഹ്യവ്യവസ്ഥ ഉറപ്പാക്കുന്നതിനുമുള്ള ഒരു ബില്ലിനായി കെ ഡി പ്രസേനൻ എംഎൽഎ കേരള നിയമ സഭയിൽ മുമ്പ് നോട്ടീസ് നൽകിയിരുന്നു. അന്ധവിശ്വാസ നിർമ്മാർജന നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കാകട്ടെ വർഷങ്ങളുടെ പഴക്കവുമുണ്ട്. പ്രബുദ്ധ കേരളത്തെ നടുക്കിയ ഇലന്തൂർ നരബലിയും പതിമൂന്നാം നമ്പറിനെ ചൊല്ലിയുണ്ടാകാറുള്ള വിവാദങ്ങളും നവമാധ്യമ കാലഘട്ടത്തിൽ പോലും നമ്മെ ഗ്രസിച്ചിരിക്കുന്ന സാമൂഹ്യ ദുരന്തത്തിന്റെ ബീഭത്സത വിളിച്ചോതുന്നു. മതവിശ്വാസങ്ങൾ അനിവാര്യമെന്ന് കരുതുന്നവർക്ക് അത് വ്യക്തിസ്വാതന്ത്ര്യവും മൗലികാവകാശവുമാണ്. മുമ്പ് സൂചിപ്പിച്ചത് പോലെ വിശ്വാസത്തെയും അന്ധവിശ്വാസത്തെയും സംബന്ധിച്ച് കടുത്ത അഭിപ്രായ ഭിന്നതകൾ സമൂഹത്തിൽ നിലനിൽക്കുന്നതിനാൽ അന്ധവിശ്വാസത്തിനും അനാചാരത്തിനും കൃത്യമായ നിർവചനം നൽകി പൊതുസ്വീകാര്യത നേടിയെടുക്കുക എന്നതാണ് നേരിടുന്ന കടുത്ത വെല്ലുവിളി. വിശ്വാസത്തെയും അന്ധവിശ്വാസത്തെയും സംബന്ധിച്ച ചർച്ചകളിൽ വ്യാപൃതരായിട്ടുള്ളവർ അത് തുടർന്നോട്ടെ. ഭരണകൂടം ചെയ്യേണ്ടത് ജനാധിപത്യവിരുദ്ധവും പൊതുധാർമ്മികതയ്ക്കും പൊതുജനാരോഗ്യത്തിനും ക്രമസമാധാനത്തിനും നിരക്കാത്തതുമായ സംഭവങ്ങളെ തിരിച്ചറിയുക എന്നുള്ളതാണ്. അത്തരം പ്രവണതകൾ ഏത് മതത്തിന്റെ ലേബലിലാണെങ്കിലും അവകാശമായി അംഗീകരിച്ചുകൊടുക്കാതെ അവയെ നിർമ്മാർജനം ചെയ്യുവാനുള്ള ആർജവമാണ് കാണിക്കേണ്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.