Saturday
19 Oct 2019

ഭരണകൂടത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് മുഖ്യപ്രശ്‌നം

By: Web Desk | Sunday 23 June 2019 10:32 PM IST


യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പോംപിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ട ‘2018 ലെ അന്താരാഷ്ട്ര സ്വാതന്ത്ര്യത്തെ സംബന്ധിച്ച റിപ്പോര്‍ട്ട്’, ബിജെപിയുടെയും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെയും രൂക്ഷപ്രതികരണം ക്ഷണിച്ചുവരുത്തുകയുണ്ടായി. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് നരേന്ദ്രമോഡി സര്‍ക്കാരിനോടുള്ള മുന്‍വിധിയായി അതിനെ വ്യാഖ്യാനിക്കാനാണ് ഇരുകേന്ദ്രങ്ങളും ശ്രമിച്ചത്. യുഎസ് കോണ്‍ഗ്രസിന് മുമ്പാകെ ലോകരാഷ്ട്രങ്ങളെ സംബന്ധിച്ച് ഇത്തരം റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത് ഇത് ആദ്യമല്ല. ‘ലോക പൊലീസ്’ ചമയുന്ന യുഎസിന്റെ വിദേശനയത്തില്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ സ്വാധീനം ചെലുത്തുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. വസ്തുത അതല്ലെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. അത് അന്താരാഷ്ട്ര-ഉഭയകക്ഷി ബന്ധങ്ങളെ നിര്‍ണയിക്കുന്ന സമ്മര്‍ദ ഉപകരണം എന്നതിലപ്പുറം യാതൊന്നുമല്ല. അതുകൊണ്ടുതന്നെ മേല്‍ പരാമര്‍ശിച്ച റിപ്പോര്‍ട്ടിനും അതിനെതിരായി ബിജെപിയും വിദേശകാര്യ മന്ത്രാലയവും ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്കും ആരും അമിത പ്രാധാന്യം കല്‍പ്പിക്കേണ്ടതില്ല. എന്നാല്‍ പ്രസ്തുത റിപ്പോര്‍ട്ടിലെ ഇന്ത്യയെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ അവാസ്തവമാണെന്ന തരത്തിലുള്ള ബിജെപിയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും വിമര്‍ശനങ്ങള്‍ വസ്തുതകള്‍ക്കു മുന്നില്‍ നിലനില്‍ക്കുന്നതല്ല. ഇന്ത്യയില്‍ വളര്‍ന്നുവരുന്ന മതപരമായ അസഹിഷ്ണുത, ദളിതര്‍ക്കും ആദിവാസികള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും എതിരായി വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍, പശുവിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറുന്ന ആള്‍ക്കൂട്ട അതിക്രമങ്ങളും കൊലപാതകങ്ങളും ആഗോള മാധ്യമങ്ങളിലും അന്താരാഷ്ട്ര വേദികളിലും ചര്‍ച്ച ചെയ്യപ്പെടുന്നതും വിമര്‍ശന വിധേയമാകുന്നതും ഇത് ആദ്യവുമല്ല.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗണ്‍സില്‍ നിയോഗിച്ച പ്രത്യേക റാപ്പോര്‍ട്ടിയര്‍ 2018 സെപ്റ്റംബറില്‍ സമാനമായ റിപ്പോര്‍ട്ട് കൗണ്‍സിലിന് സമര്‍പ്പിക്കുകയുണ്ടായി. ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ നിരീക്ഷക സംഘടന ‘ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്’ 2019ലെ അതിന്റെ ലോക റിപ്പോര്‍ട്ടിലും സമാനമായ നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു. രാജ്യത്തിന്റെ ദൈനംദിന രാഷ്ട്രീയ ജീവിതത്തില്‍ ചര്‍ച്ചാ വിധേയമാകുന്നതും മാധ്യമവാര്‍ത്തകളില്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുമായ വിഷയങ്ങള്‍ മാത്രമാണ് ഇത്തരം റിപ്പോര്‍ട്ടുകളില്‍ സ്ഥാനംപിടിക്കുന്നത്. അത് മറച്ചുവച്ചുകൊണ്ട് ബിജെപിയും വിദേശകാര്യ മന്ത്രാലയ വക്താക്കളും നടത്തുന്ന പ്രസ്താവനകളും ന്യായീകരണങ്ങളും കണ്ണടച്ച് ഇരുട്ടാക്കുന്നതിനു തുല്യമാണ്. മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെയും ഗോസംരക്ഷണത്തിന്റെ പേരിലും കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം, ഒന്നാം മോഡി ഭരണത്തില്‍, നടന്ന അതിക്രമങ്ങള്‍ ആര്‍ക്കാണ് ലോകത്തിന്റെ മുന്നില്‍ മറച്ചുവയ്ക്കാനാവുക? അത്തരം അതിക്രമങ്ങളെയും ആള്‍ക്കൂട്ട കൊലപാതകങ്ങളെയും അപലപിക്കുന്നതിനു പകരം ബിജെപി ജനപ്രതിനിധികളും സംഘപരിവാര്‍ നേതൃത്വവും അക്രമികളെ പ്രോത്സാഹിപ്പിക്കുകയും എരിതീയില്‍ എണ്ണ പകരാനുമാണ് എല്ലായിപ്പോഴും ശ്രമിച്ചുപോന്നിട്ടുള്ളത്. ആ നിലപാടുകളെ നിരാകരിക്കുന്നതിനു പകരം അര്‍ഥഗര്‍ഭമായി മൗനംപാലിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചെയ്തിട്ടുള്ളത്. യുഎസ് കോണ്‍ഗ്രസിന്റെ മുന്നില്‍ ഇപ്പോള്‍ വന്നിട്ടുള്ള റിപ്പോര്‍ട്ട് ഈ സമീപനത്തില്‍ എന്തെങ്കിലും മാറ്റത്തിനു കാരണമാകുമെന്ന് കരുതുകയും വയ്യ.

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടര്‍ന്ന് നരേന്ദ്രമോഡി നടത്തിയ പ്രഖ്യാപനങ്ങളില്‍ താന്‍ 130 കോടി ജനങ്ങളെയാണ് പ്രതിനിധീകരിക്കുന്നതെന്നു പറയുകയുണ്ടായി. പ്രതിപക്ഷം ദുര്‍ബലമെങ്കിലും അവരില്‍ നിന്നും വിമര്‍ശനവും ക്രിയാത്മക പിന്തുണയും അഭ്യര്‍ഥിക്കാനും മോഡി മറന്നില്ല. പുറമെ തികഞ്ഞ രാഷ്ട്ര തന്ത്രജ്ഞത പ്രസരിപ്പിക്കുന്ന വാക്കുകളാണ് അവയെല്ലാം. അവ അര്‍ഥപൂര്‍ണമാകണമെങ്കില്‍ പ്രായോഗികതലത്തില്‍ അത് നടപ്പിലാക്കാന്‍ കഴിയണം. മതന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെ സംഘപരിവാര്‍ നടത്തുന്ന വിദേ്വഷ പ്രചാരണങ്ങള്‍ക്കും അതിക്രമങ്ങള്‍ക്കും അറുതിവരുത്തിക്കൊണ്ടേ പ്രധാനമന്ത്രിക്ക് മുഴുവന്‍ ജനവിഭാഗങ്ങളുടെയും വിശ്വാസം ആര്‍ജിക്കാനാവൂ. നിയമം കയ്യിലെടുക്കാന്‍ സംഘപരിവാര്‍ വിധ്വംസക ശക്തികളെ അനുവദിച്ചുകൊണ്ട് പ്രധാനമന്ത്രിക്ക് അതിന് കഴിയില്ല. ഒന്നാം മോഡി സര്‍ക്കാര്‍ കാലയളവില്‍ മതന്യൂനപക്ഷങ്ങള്‍ക്കും ദളിത് ആദിവാസി ജനവിഭാഗങ്ങള്‍ക്കും എതിരെ നടന്ന അതിക്രമങ്ങളിലും ആള്‍ക്കൂട്ട കൊലപാതകങ്ങളിലും കുറ്റവാളികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാതെ രാജ്യത്തിന്റെയാകെ വിശ്വാസം ആര്‍ജിക്കാന്‍ മോഡി ഭരണകൂടത്തിന് കഴിയില്ല. യുഎസ് അവരുടെ ആവശ്യത്തിന് അവരുടെ കോണ്‍ഗ്രസില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടല്ല, നരേന്ദ്രമോഡി ഭരണകൂടത്തില്‍ ഇന്ത്യന്‍ ജനതക്കുള്ള വിശ്വാസം തന്നെയാണ് മുഖ്യപ്രശ്‌നം. രാജ്യത്തെ 55 ശതമാനം വോട്ടര്‍മാര്‍ എതിര്‍ക്കുന്ന ഒരു ഭരണകൂടത്തിനാണ് താന്‍ നേതൃത്വം നല്‍കുന്നതെന്ന വസ്തുത മോഡി വിസ്മരിച്ചുകൂട.

Related News