Janayugom Online
kejriwal

ഫെഡറലിസത്തിന് മരണമണി മുഴങ്ങുമ്പോള്‍

Web Desk
Posted on June 19, 2018, 10:37 pm
karyavicharam

നാലു വര്‍ഷം പിന്നിട്ട നരേന്ദ്രമോഡി ഭരണം ഇന്ത്യന്‍ ഫെഡറലിസത്തിന് കടുത്ത ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്. പദ്ധതി പലതും പ്രഖ്യാപിക്കുന്നതിനപ്പുറം നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൃത്യമായ നിലപാടോ നയമോ കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നില്ല. ആഗോള വിപണിയില്‍ വരുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി കര്‍ഷക വ്യാപാര രംഗം പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ല. വിളകളുടെ താങ്ങുവില, ഇന്‍ഷുറന്‍സ് പദ്ധതി എന്നിവയിലൊക്കെ എം എസ് സ്വാമിനാഥന്‍ കമ്മിറ്റി സമര്‍പ്പിച്ച ശുപാര്‍ശകള്‍ മുന്നിലുള്ളപ്പോഴും ഇക്കാര്യത്തില്‍ ഒന്നും ചെയ്യുന്നില്ല. നോട്ടുനിരോധനവും ബാങ്കിങ് മേഖലയിലെ തലതിരിഞ്ഞ പരിഷ്‌കാരങ്ങളും മൂലം സാധാരണക്കാരും കര്‍ഷകരും സാമ്പത്തിക ക്രയവിക്രയങ്ങളുടെ കേന്ദ്രസ്ഥാനത്തുള്ള ബാങ്കിങ് ജീവനക്കാരും ഒരുപോലെ അസ്വസ്ഥരാണ്. ഇതൊന്നും അഭിമുഖീകരിക്കാനുള്ള ശ്രമം കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് കാണുന്നില്ല.
ഫെഡറല്‍ഘടനയെ ഇല്ലാതാക്കുന്ന പ്രവര്‍ത്തനരീതിയാണ് കേന്ദ്രഗവണ്‍മെന്റിന്റേതെന്ന് തെളിയിക്കുന്നതാണ് ഡല്‍ഹിയില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഗവര്‍ണര്‍ ഓഫീസില്‍ നടത്തിയ കുത്തിയിരിപ്പു സമരം. സമരത്തിന് താല്‍ക്കാലിക പരിഹാരമുണ്ടായെങ്കിലും അതുയര്‍ത്തിയ വിഷയങ്ങള്‍ ഗൗരവതരമാണ്. ഫെഡറലിസമെന്ന സങ്കല്‍പത്തെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയായിരുന്നു യഥാര്‍ഥത്തില്‍ ആ പ്രക്ഷോഭം. രാജ്യതലസ്ഥാനത്ത് പ്രാഥമികാവശ്യങ്ങള്‍ സ്ഥാപിച്ചു കിട്ടാന്‍ സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിക്ക് പ്രയാസപ്പെടേണ്ടി വരുന്നുവെങ്കില്‍ വിദൂര സംസ്ഥാനങ്ങളുടെ സ്ഥിതിയെന്താവും എന്ന മമത ബാനര്‍ജിയുടെ ചോദ്യം ചെന്നുകൊള്ളുന്നത് കേന്ദ്രത്തിന്റെ ഫെഡറല്‍ സ്വഭാവ സംരക്ഷണമെന്ന വായ്ത്താരിക്കുമേലാണ്.
ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുണ്ടെങ്കിലും യഥാര്‍ഥ അധികാരകേന്ദ്രം ലെഫ്റ്റനന്റ് ഗവര്‍ണറാണ്. ഡല്‍ഹി ഭരണം സംബന്ധിച്ച 1991‑ലെ 69-ാം ഭരണഘടനാ ഭേദഗതി പ്രകാരം മുഖ്യമന്ത്രിക്ക് പൊലീസ്, ഭൂമി, ക്രമസമാധാനം എന്നീ മൂന്ന് വിഷയങ്ങളില്‍ എക്‌സിക്യൂട്ടീവ് അധികാരമില്ല. പക്ഷേ, മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലും തമ്മിലുള്ള തര്‍ക്കം ഈ നിലയില്‍ വഷളായതിന്റെ പിന്നില്‍ കേന്ദ്രസര്‍ക്കാരാണെന്ന് പറയാതെ വയ്യ.
2015 മെയ് 21ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം മുഖ്യമന്ത്രിയുടെ അവശേഷിക്കുന്ന അധികാരം പോലും കവരുന്നതായിരുന്നു. പൊലീസ്, ഭൂമി, ക്രമസമാധാനം എന്നതിന് പുറമേ ബ്യൂറോക്രസിക്ക് മേലുള്ള മുഖ്യമന്ത്രിയുടെ അധികാരം നഷ്ടപ്പെടുത്തുന്നതായിരുന്നു ആ വിജ്ഞാപനം. അതിന്റെ ചുവട് പിടിച്ചാണ് പിന്നീട് ഐഎഎസ് ഉദ്യോഗസ്ഥരുടെ നിസഹകരണവും ചീഫ് സെക്രട്ടറിയെ മര്‍ദിച്ചുവെന്ന പരാതിയും സമരങ്ങളും ഉയര്‍ന്നുവന്നത്. ഉദേ്യാഗസ്ഥര്‍ സഹകരിക്കാതെ എങ്ങനെ ഭരിക്കുമെന്ന കെജ്‌രിവാളിന്റെ ചോദ്യം പ്രസക്തമാവുന്നതും അതുകൊണ്ടുതന്നെ.
ഭരണത്തില്‍ മുഖ്യമന്ത്രിയുടെ ഉപദേശം നിര്‍ബന്ധമായും തേടണമെന്ന 1998ല്‍ വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വിജ്ഞാപനം ഫലത്തില്‍ അട്ടിമറിക്കുന്നതായി 2015ലെ മോഡി സര്‍ക്കാരിന്റെ വിജ്ഞാപനം. 1998ല്‍ ഡല്‍ഹി സംസ്ഥാനം ബിജെപി ഭരണത്തിലുമായിരുന്നു.
2015ലെ വിജ്ഞാപന പ്രകാരം ബ്യൂറോക്രസി ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ ഉപദേശം സ്വീകരിക്കണോ എന്നത് ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് തീരുമാനിക്കാം. ഈ വിവേചനാധികാരം കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ലെഫ്റ്റനന്റ് ഗവര്‍ണര്‍ നന്നായി ഉപയോഗിച്ചുവെന്ന് പറയാം. കെജ്‌രിവാള്‍ സര്‍ക്കാരിന് പല പദ്ധതികളും നടപ്പാക്കാനാവത്ത സ്ഥിതി വന്നു. കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിെച്ചങ്കിലും ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധികാരം ഊട്ടിയുറപ്പിക്കുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചത്. 2015 ലെ വിജ്ഞാപനം അംഗീകരിച്ച കോടതി ലെഫ്റ്റനന്റ് ഗവര്‍ണര്‍ മന്ത്രിസഭകളുടെ ഉപദേശത്തിന് കീഴിലല്ല എന്ന് കൂടി വ്യക്തമാക്കി. കേസ് ഇപ്പോള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്.
മന്ത്രിമാരുമായി ഏതെങ്കിലും തരത്തിലുള്ള അഭിപ്രായഭിന്നതകള്‍ ഉണ്ടായാല്‍ ആ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം കിട്ടി. മന്ത്രിമാര്‍ അയക്കുന്ന ഫയലുകളില്‍ വ്യക്തത ആവശ്യപ്പെട്ട് മടക്കി അയക്കാനും തുടങ്ങി. ഇതോടെ മുപ്പതിലധികം പദ്ധതികളെങ്കിലും വൈകുകയോ തടസപ്പെടുകയോ ചെയ്തതായി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിയമസഭയെ രേഖാമൂലം അറിയിച്ചിരുന്നു.
ആം ആദ്മി സര്‍ക്കാര്‍ നല്‍കുന്ന ഉത്തരവുകള്‍ സംസ്ഥാനത്തെ ഐഎഎസ് ഉദേ്യാഗസ്ഥര്‍ നടപ്പാക്കുന്നില്ലെന്നും ലെഫ്റ്റനന്റ് ഗവര്‍ണറിലൂടെയും ഐഎഎസ് ഉദേ്യാഗസ്ഥര്‍ മുഖേനയും ഡല്‍ഹിയില്‍ മോഡി സര്‍ക്കാര്‍ രാഷ്ട്രപതി ഭരണം അടിച്ചേല്‍പ്പിക്കുകയുമാണെന്നാണ് കെജ്‌രിവാള്‍ ആരോപിക്കുന്നത്. ഡല്‍ഹിക്ക് പൂര്‍ണ സംസ്ഥാനപദവി നല്‍കിയെങ്കില്‍ മാത്രമേ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുകയുള്ളുവെന്നാണ് കെജ്‌രിവാളിന്റെ പക്ഷം. ഡല്‍ഹി സര്‍ക്കാര്‍ മാത്രമല്ല, പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെയെല്ലാം സര്‍ക്കാരുകള്‍ മൊത്തം നേരിടുന്ന പ്രശ്‌നമാണ് കെജ്‌രിവാള്‍ ഉന്നയിച്ചത്.
സംസ്ഥാനങ്ങളുടെ താല്‍പര്യങ്ങള്‍ അവഗണിച്ചു ബിജെപിയുടെ രാഷ്ട്രീയ അജന്‍ഡകള്‍ അടിച്ചേല്‍പിക്കുകയാണ് മറ്റ് കക്ഷികള്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ മോഡി സര്‍ക്കാര്‍. നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണറോ രാഷ്ട്രപതിയോ ഒപ്പിടാതിരിക്കുക തുടങ്ങിയ ഫെഡറലിസത്തെ അട്ടിമറിക്കുന്ന രാഷ്ട്രീയ നെറികേടുകള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് മോഡി സര്‍ക്കാര്‍.
സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം 80:20 എന്ന അനുപാതത്തിലായിരുന്നത് അടുത്തകാലത്ത് 60:40 ആയി വെട്ടിക്കുറച്ചു. വിഭവങ്ങളുടെ വീതംവയ്ക്കലിനു മാനദണ്ഡങ്ങളും വിഹിതവും നിശ്ചയിക്കാന്‍ സ്ഥാപിതമായ കേന്ദ്രധനക്കമ്മിഷന്റെ തീരുമാനങ്ങളും കേന്ദ്രം പലപ്പോഴും ലംഘിക്കുന്നു. 1956ല്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവത്കരിച്ചുകൊണ്ട് പ്രാബല്യത്തില്‍ വരുത്തിയ ജനാധിപത്യപരമായ വികേന്ദ്രീകരണത്തിന്റെ സാധ്യത ഇല്ലാതാക്കുകയാണ് ഇതെല്ലാം. ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളില്‍ പ്രഥമവും പ്രധാനവുമാണ് ഫെഡറല്‍ സംവിധാനം. രാജ്യത്ത് ബഹുസ്വരത നിലനില്‍ക്കുന്നത് ഫെഡറലിസത്തിന്റെ കരുത്തിലാണ്. എന്നാല്‍, സാംസ്‌കാരിക വൈവിധ്യങ്ങളെയും ബഹുസ്വരതയെയും അംഗീകരിക്കാത്തവരാണ് മോഡി സര്‍ക്കാരിനെ നിയന്ത്രിക്കുന്ന ആര്‍എസ്എസ്. ഭരണഘടനയിലെ ഫെഡറല്‍ വ്യവസ്ഥകള്‍ ഇല്ലാതാക്കി കേന്ദ്രീകൃതഭരണം നടപ്പാക്കാനുള്ള നീക്കങ്ങളാണ് അണിയറയ്ക്ക് പിന്നില്‍ അവര്‍ നടത്തിവരുന്നത്. കെജ്‌രിവാളിന്റെ സമരത്തിന് വര്‍ധിച്ച രാഷ്ട്രീയ പിന്തുണ ലഭിച്ചതിന്റെയും വിഘടിച്ചുനില്‍ക്കുന്ന കക്ഷികള്‍ പോലും പിന്തുണയുമായി എത്തിയതിന്റെയും പശ്ചാത്തലമിതാണ്.
നമ്മുടെ നാടിന്റെ സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കപ്പെടേണ്ട കാലമാണിത്. ഫെഡറലിസത്തിന് മരണമണി മുഴങ്ങുമ്പോള്‍ അതു കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാവില്ല. ഫെഡറലിസം ശക്തിയേറിയ ഒരു പ്രക്രിയയാണ്. കേന്ദ്രത്തിന്റെയും ഘടകങ്ങളുടെയും പരിധികള്‍ നിര്‍ണയിക്കുന്നതിന് നാം എത്ര സൂക്ഷ്മതയോടുകൂടി ശ്രമിച്ചാലും അധികാരത്തിന്റെ സന്തുലിതാവസ്ഥ മാറിക്കൊണ്ടിരിക്കും. മാറ്റത്തിനെതിരായി എത്ര കര്‍ക്കശത്വം അവലംബിച്ചാലും സാഹചര്യങ്ങളോടുള്ള അനുരജ്ഞനം തടഞ്ഞുനിര്‍ത്തുക സാധ്യമല്ല. ഭരണഘടനാ സംവിധാനത്തെ കാലത്തിനൊത്ത് പൊരുത്തപ്പെടുത്തി കൊണ്ടുപോകുന്നതിന് സമയോചിതമായ ഭേദഗതികളോ, ഭരണപരവും ഭരണഘടനേതരവുമായ സ്ഥാപനങ്ങളുടെ വളര്‍ച്ചയോ ഉണ്ടായേ തീരൂ.