Friday
22 Feb 2019

യോഗ-പ്രയോജനങ്ങള്‍

By: Web Desk | Monday 25 June 2018 10:44 PM IST

Ajayakumar

എം അജയകുമാര്‍

‘യോഗ’ ജീവിതരീതിയുടെ ഭാഗമാക്കുക വഴി അനുഭവിക്കാന്‍ കഴിയുന്ന ശാരീരികവും മാനസികവുമായ ഒട്ടേറെ നേട്ടങ്ങള്‍, ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഗവേഷണപഠനങ്ങള്‍ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. വിവേകപൂര്‍വം ആനന്ദിക്കാനും ആസ്വദിക്കാനുമുള്ളതാണ് ജീവിതം എന്ന് പതഞ്ജലി മഹര്‍ഷിതന്നെ വിശദീകരിച്ചിട്ടുണ്ട്. ശരിയായ യോഗപരിശീലനം ശരീരത്തിന് താഴെ പറയുന്ന നേട്ടങ്ങള്‍ ഉണ്ടാക്കുന്നു.
മസിലുകള്‍ക്ക് വര്‍ധിച്ച വഴക്കം, കരുത്ത്
സന്ധികള്‍ക്ക് ആയാസരഹിതമായ ചലനം
എല്ലുകളുടെ മെച്ചപ്പെട്ട അവസ്ഥ
ശ്വാസകോശം, ഹൃദയം എന്നിവയുടെ ശരിയായ പ്രവര്‍ത്തനം
ജീവിതശൈലി രോഗങ്ങള്‍ കുറയ്ക്കാം
നട്ടെല്ലിന്റെ ആരോഗ്യവര്‍ധനവ്
നാഡീവ്യവസ്ഥ, ദഹനേന്ദ്രിയ വ്യവസ്ഥ എന്നിവയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം
ഉറക്കക്കുറവ്, ശരീരവേദന, ക്ഷീണം എന്നിവ പരിഹരിക്കപ്പെടുന്നു.

മനസിന്  വര്‍ധിച്ച സമാധാനം
ഉയര്‍ന്ന ജാഗ്രതയും വ്യക്തതയും സമ്മര്‍ദ്ദങ്ങളെ ഫലപ്രദമായി അതിജീവിക്കാനുള്ള പ്രാപ്തി
ഉത്കണ്ഠാരോഗങ്ങളില്‍ നിന്ന് മോചനം  വര്‍ധിച്ച ഏകാഗ്രത ജീവിതത്തില്‍ ഉത്സാഹവും സന്തോഷവും മരുന്നിനും ചികിത്സയ്ക്കും പകരമാണ് യോഗ എന്ന് ഇതിനര്‍ഥമില്ല. മരുന്നുകള്‍ ആവശ്യമുള്ളിടത്ത് ഉപയോഗിക്കുകയും ഡോക്ടറുടെ ഉപദേശപ്രകാരം യോഗ പരിശീലിക്കുകയും ചെയ്യാം. യോഗപരിശീലനത്തിന്റെ ഭാഗമായ ആസനങ്ങളും പ്രാണായാമങ്ങളും ധ്യാനരീതികളും ഇതരപാഠങ്ങളും ശാന്തരാകാന്‍ നമ്മെ സഹായിക്കുന്നു. ഇത് ക്രമേണ സ്ഥിരതയും സ്വസ്ഥതയും ശുഭാപ്തി വിശ്വാസവും വികസിപ്പിക്കുന്നു.

യോഗയും ആരോഗ്യകായിക വിദ്യാഭ്യാസവും
ആരോഗ്യകായിക വിദ്യാഭ്യാസത്തിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം യോഗ പരിശീലനമാണ്. യോഗ പരിശീലിക്കുന്നവര്‍ പൊതുവെ പിന്തുടരേണ്ടുന്ന രീതികള്‍- ആഹാരം, വ്യക്തിശുചിത്വം, മിതത്വം എന്നിവയുമായി ബന്ധപ്പെട്ട് പതഞ്ജലി സൂത്രങ്ങളില്‍ വിശദീകരിക്കുന്നു. ആരോഗ്യമുള്ള ശരീരം, ആനന്ദം നിറഞ്ഞ മനസ്, ആരോഗ്യകരമായ സാമൂഹ്യ ബന്ധങ്ങള്‍ എന്നിവയുടെ വികാസമാണ് യോഗ ലക്ഷ്യമാക്കുന്നത്. നമ്മുടെ വിദ്യാലയങ്ങളിലെ ആരോഗ്യകായിക അധ്യാപകരുടെ നേതൃത്വത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ ഇടപെടലുകള്‍ക്ക് സാധ്യതയുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പദ്ധതികള്‍, ടാലന്റ് ലാബ് പോലുള്ള സവിശേഷ പരിപാടികള്‍ ഇവയുടെ സാധ്യത ഇക്കാര്യത്തില്‍ പ്രയോജനപ്പെടുത്താം.

യോഗ ആര്‍ക്കൊക്കെ ചെയ്യാം
‘യോഗ’ മുഴുവന്‍ മാനവരാശിക്കും അവകാശപ്പെട്ടതാണ്. മതപരമോ, വംശീയമോ, പ്രാദേശികമോ, ലിംഗപരമോ ആയ ഒരു അടിസ്ഥാനവും ഇതിനില്ല. 12 വയസ് കഴിഞ്ഞവര്‍ക്കും അതിനു മുമ്പുള്ളവര്‍ക്കും ആസനം, പ്രാണായാമം, ധ്യാനം എന്നിവയുടെ രീതികളില്‍ ചില വേര്‍തിരിവുകളുണ്ട്. പരിചയം കൊണ്ട് വൈദഗ്ധ്യം നേടിയ ഒരാളുടെ മേല്‍നോട്ടത്തില്‍ പരിശീലിക്കുന്നതാണ് അഭികാമ്യം. തുടങ്ങുന്നതിനു മുന്നോടിയായി ആവശ്യമെങ്കില്‍ ഡോക്ടറുടെ ഉപദേശവും തേടാം. ഗര്‍ഭാവസ്ഥ, ആര്‍ത്തവകാലം, രോഗചികിത്സയില്‍ കഴിയുന്ന കാലം എന്നീ ഘട്ടങ്ങളില്‍ നിയന്ത്രണങ്ങളുണ്ട്.

യോഗദിനാചരണവുമായി ബന്ധപ്പെട്ട് വിദ്യാലയത്തില്‍ ഏറ്റെടുക്കാവുന്ന പ്രവര്‍ത്തനങ്ങള്‍
1. യോഗ പ്രദര്‍ശനം
കുട്ടികളുടെ പ്രായം ശാരീരിക അവസ്ഥ എന്നിവ കണക്കിലെടുക്കണം. വിദഗ്ധ പരിശീലകന്റെ മേല്‍നോട്ടത്തില്‍ മാത്രം ചടങ്ങിന്റെ സമയവും ഭക്ഷണത്തിന്റെ സമയവും തമ്മില്‍ അകലം വേണം. മുന്‍കൂട്ടി നിര്‍ദേശം നല്‍കണം.
2. യോഗപരിശീലകനുമായി അഭിമുഖം
3. സെമിനാര്‍ ‘യോഗയും മാനസിക ശാരീരിക ആരോഗ്യ’വും (നാല് ദിവസംമുമ്പെങ്കിലും തയാറെടുപ്പ് നിര്‍ദേശം)
4. ‘പതഞ്ജലി യോഗശാസ്ത്രം’ പരിചയപ്പെടല്‍ (ഏതെങ്കിലും ലളിതമായ വ്യാഖ്യാനത്തിലെ തിരഞ്ഞെടുത്ത ഭാഗം (ഉദാ: അഷ്ടാംഗയോഗം) എച്ച് എസ്/എച്ച്എസ്എസിനു മാത്രം – സംസ്‌കൃത/ഭാഷാ അധ്യാപകന്റെ സഹായത്താല്‍)
5. പൊതുവിദ്യഭ്യാസ സംരക്ഷണയജ്ഞം- അക്കാദമിക മാസ്റ്റര്‍പ്ലാനുമായി ബന്ധപ്പെട്ട് യോഗപരിശീലന പരിപാടി ഉദ്ഘാടനം.
6. സമ്മര്‍ദ്ദ ലഘൂകരണവുമായി ബന്ധപ്പെട്ട പരിപാടി.
7. രക്ഷിതാക്കള്‍ക്ക് യോഗ പരിശീലനം
8. പട്ടിക തയാറാക്കല്‍ വ്യത്യസ്ത ആസനങ്ങളും അവയുടെ പ്രയോജനങ്ങളും