Tuesday
12 Nov 2019

ബംഗാള്‍ ദര്‍ശന്‍

By: Web Desk | Monday 28 October 2019 4:31 PM IST


ബങ്കിം ചന്ദ്രചാറ്റര്‍ജിയുടെ ഉടമസ്ഥതയില്‍ ‘ബംഗാള്‍ ദര്‍ശന്‍’ എന്നൊരു പത്രം അക്കാലത്ത് നടത്തിയിരുന്നു. അതില്‍ രവീന്ദ്രനാഥ ടാഗോര്‍ തന്റെ കാവ്യാത്മകമായ ശൈലിയില്‍ വിഭജനത്തിനെതിരായ പ്രതിഷേധമുയര്‍ത്തുകയുണ്ടായി. അത് ഇപ്രകാരമായിരുന്നു. “ബാഹ്യമായ എന്തെങ്കിലും കാര്യം പറഞ്ഞുകൊണ്ട് ജനങ്ങളില്‍ വിദ്വേഷം വളര്‍ത്തി പരസ്പരം ഭിന്നിപ്പിക്കാമെന്ന് ആരും വ്യാമോഹിക്കേണ്ട. കൃത്രിമമായ വിഭജനം കൊണ്ട് നമ്മെ വേര്‍തിരിക്കാനും ശ്രമിക്കേണ്ട. പശ്ചിമ ബംഗാളിനെയും പൂര്‍വ ബംഗാളിനെയും ഒരേ ഗംഗയും ബ്രഹ്മപുത്രയുമാണ് ആശ്ലേഷിക്കുന്നത്, ഫലഭൂയിഷ്ടമാക്കുന്നത്.

പശ്ചിമബംഗാളും പൂര്‍വബംഗാളും ഒരേ ഹൃദയത്തിന്റെ രണ്ട് അറകളാണ്. ഈ അറകളില്‍ നിന്നൊഴുകുന്ന ചുടു രക്തമാണ് ബംഗാളികളുടെ സിരകളിലുള്ളത്. വംഗദേശത്തിന്റെ രണ്ട് സ്തനങ്ങളാണ് പൂര്‍വ ബംഗാളും പശ്ചിമ ബംഗാളും. അത് ചുരത്തിത്തരുന്ന സ്തന്യം പാനം ചെയ്താണ് നാം വളര്‍ന്നത്. അതുകൊണ്ട് വിഭജനം അംഗീകരിക്കുവാന്‍ ബംഗാളികള്‍ക്ക് സാധ്യമല്ല. ഈ പ്രതികൂല സാഹചര്യത്തിലാണ് നാം നമ്മുടെ ശക്തി തെളിയിക്കേണ്ടത്. അചേതനമായ ഒന്നിനെ ചേതനവത്താക്കാന്‍ ആഘാതത്തിനു മാത്രമേ സാധിക്കുകയുള്ളൂ. ആദരവുകൊണ്ടോ വിധേയത്വം കൊണ്ടോ അത് നേടാനാവില്ല.

കഴ്സണ്‍ പ്രഭു ആഘാതമേല്‍പ്പിച്ചിരിക്കുന്നു. ബംഗാള്‍ വിഭജനത്തെ പരാജയപ്പെടുത്തുവാന്‍ ഉണര്‍ന്നെഴുന്നേല്‍ക്കൂ – രുദ്രമൂര്‍ത്തിയെപ്പോലെ അടര്‍ക്കളത്തിലിറങ്ങൂ.” ബംഗാളികള്‍ സമരരംഗത്ത് ബംഗാളികള്‍ കൂട്ടത്തോടെ സമരരംഗത്തേയ്ക്കിറങ്ങുകയായിരുന്നു. തുടക്കം പ്രശ്നഭൂമിയായ കിഴക്കന്‍ ബംഗാളിലായിരുന്നു. രണ്ട് മാസത്തിനുള്ളില്‍ അഞ്ഞൂറിലേറെ പ്രതിഷേധ യോഗങ്ങള്‍ അവിടെ മാത്രമായി നടന്നു. എല്ലാ മതവിഭാഗക്കാരും ഒറ്റക്കെട്ടായാണ് സമരരംഗത്തിറങ്ങിയത്. മുസ്ലിം ജനവിഭാഗത്തിന് ഗുണം ചെയ്യാനാണ് താനിങ്ങനെ ചെയ്യുന്നതെന്ന് കഴ്സണ്‍ ചില പ്രമാണികളെ ധരിപ്പിക്കുകയുണ്ടായി. എന്നാല്‍ അത്തരം പ്രലോഭനങ്ങളിലൊന്നും വീഴാതെ ഭൂരിപക്ഷം മുസ്ലിങ്ങളും വെട്ടിമുറിക്കലിനെതിരായിരുന്നു. ദേശീയവാദിയായ ലിയാക്കന്ന് ഹുസൈനടക്കം നിരവധി മുസ്ലിം നേതാക്കള്‍ സുരേന്ദ്രനാഥ് ബാനര്‍ജിയോടൊപ്പം ദേശീയ ധാരയില്‍ സജീവമായി നിലയുറപ്പിച്ചിരുന്നു.

മാറിനിന്നത് അഹമ്മദ്ഖാനും ആലിഗര്‍ പ്രസ്ഥാനക്കാരും മാത്രമായിരുന്നു. അവര്‍ക്ക് അങ്ങനെ ചെയ്യുവാനേ നിവൃത്തിയുണ്ടായിരുന്നുള്ളു. വിഭജനകാലത്ത് വൈസ്രോയി അവരില്‍ നിന്ന് അങ്ങനെയൊരു ഉറപ്പ് കഴ്സണ്‍ പ്രഭു വാങ്ങിയിരുന്നു. സമരമുഖം രൂക്ഷമാകുന്നു കുിഴക്കന്‍ ബംഗാളില്‍ നിന്നും സമരം പടിഞ്ഞാറന്‍ ബംഗാളിലെത്തിയപ്പോള്‍ സമരത്തിന്റെ മുഖം കുറെക്കൂടി രൂക്ഷമാവുകയാണുണ്ടായത്. രണ്ട് ബംഗാളിലും കൂടി രണ്ടായിരം പ്രതിഷേധ യോഗങ്ങള്‍ നടന്നു. അഞ്ഞൂറിനും അമ്പതിനായിരത്തിനും ഇടയില്‍ ബംഗാളികള്‍ വിവിധ യോഗങ്ങളിലായി പങ്കെടുത്തു. ഇത് ഗവണ്‍മെന്റിന്റെ കൈയിലുള്ള കണക്കായിരുന്നു.