ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് താരദമ്പതികളെ സിസിബി ചോദ്യം ചെയ്യും

Web Desk

ബെംഗളൂരു

Posted on September 16, 2020, 11:44 am

ബെംഗളൂരു മയക്ക് മരുന്ന് കേസുമായി ബന്ധപ്പെട്ട് താരദമ്പതികളെ സിസിബി ചോദ്യം ചെയ്യും. കന്നഡ താര ദമ്പതികളായ ഐന്ദ്രിത റോയ്, ദിഗന്ത് എന്നിവരോടാണ് 11 മണിയോടെ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നടി സഞ്ജന ഗൽറാണിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. നടി നൽകിയ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ജാമ്യം നിഷേധിച്ചാൽ സഞ്ജനയെയും പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. നടി രാഗിണി ദ്വിവേദിയടക്കം അഞ്ച് പ്രതികൾ നിലവിൽ ജയിലിലാണ്.


മയക്കുമരുന്ന് കേസിൽ ഇന്നലെ മുൻമന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുടെ വീട്ടിൽ സിസിബി റെയ്ഡ് നടത്തിയിരുന്നു ഒളിവിൽ തുടരുന്ന ആദിത്യ ആൽവയെ നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതിചേർത്തിരുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ അടുത്ത ബന്ധുകൂടിയാണ് ആദിത്യ ആൽവ.
അതേസമയം അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയരാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരിക്കുകയാണ്. സെപ്റ്റംബർ നാലിന് അറസ്റ്റിലായതുമുതൽ സിസിബി കസ്റ്റഡിയിലായിരുന്ന നടി രാഗിണി ദ്വിവേദിയെ ആദ്യമായാണ് ജയിലിലേക്ക് മാറ്റുന്നത്. ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലേക്ക് 14 ദിവസത്തേക്കാണ് നടിയെ മാറ്റിയത്. സുരക്ഷ മുൻനിർത്തി പ്രത്യേക സെല്ലിലാണ് നടിയെ പാർപ്പിക്കുക. കേസിൽ അറസ്റ്റിലായ മലയാള നടൻ നിയാസിനെയും മറ്റ് മൂന്ന് പ്രതികളെയും ഇതേ ജയിലിലേക്കാണ് മാറ്റിയത്.

you may also like this video