പ്രതിക്കുവേണ്ടി പ്രമുഖ അഭിഭാഷകനും പൊലീസ് ഒത്തുകളിയും: പീഡനം ഏഴുവയസുകാരിയുടെ ഭാവനാസൃഷ്ടിയെന്ന് കോടതി

Web Desk
Posted on September 28, 2019, 3:09 pm

ബംഗളുരു: പൊലീസും നിയമവും കാഴ്ചക്കാരായപ്പോള്‍ ഏഴുവയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് കേസില്‍നിന്ന് മോചനം. ക്രൂരമായ പീഡനം ഏഴുവയസുകാരിയുടെ ഭാവനയാണെന്ന വിചിത്രമായ വിലയിരുത്തല്‍ കൂടി നടത്തിക്കൊണ്ടാണ് ബംഗളുരു സെഷന്‍സ് കോടതി പ്രതിയെ വെറുതെവിട്ടിരിക്കുന്നത്.

പൊലീസ് അന്വേഷണത്തിലെ വീഴ്ചകളും പ്രതിയുടെ ഉന്നതബന്ധങ്ങളും ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്ന അഭിഭാഷകനും സാക്ഷികളുടെ കൂറുമാറ്റവുമെല്ലാം ചേര്‍ന്നാണ് ഏഴുവര്‍ഷം മുമ്പത്തെ ബലാത്സംഗക്കേസില്‍ പ്രതിക്ക് മോചനമൊരുക്കിയിരിക്കുന്നത്. പോക്‌സോ നിയമം പ്രാബല്യത്തില്‍ വരുന്നതിന് ഏതാനും മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധിവന്നത്.

ബംഗളുരു വൈറ്റ്ഫീല്‍ഡിലെ ഒരു സ്‌കൂളിലെ പ്ലംബറായ പ്രതിക്ക് വേണ്ടി ഹാജരായത് കര്‍ണാടകയിലെ പ്രമുഖ അഭിഭാഷകനായ സി എച്ച് ഹനുമന്താചാര്യ ആയിരുന്നു. സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയക്കാരുടെ അഭിഭാഷകനാണ് ഇദ്ദേഹം. ഖനി രാജാവ് ജനാര്‍ദ്ദന റെഡ്ഡി അടക്കമുള്ളവര്‍ക്കുവേണ്ടിയും ഇദ്ദേഹം കേസുകള്‍ വാദിക്കുന്നുണ്ട്. കേസില്‍ സ്‌കൂള്‍ അധികൃതരാണ് പ്രമുഖ അഭിഭാഷകനെ രംഗത്തിറക്കിയതെന്നാണ് കുട്ടിയുടെ മാതാവ് ആരോപിക്കുന്നത്.

സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ വാദം കടമെടുത്താണ് കോടതി സംഭവത്തെ ഭാവനാസൃഷ്ടിയെന്ന് വിശേഷിപ്പിക്കുന്നത്. സ്‌കൂള്‍ അറ്റന്‍ഡന്‍സ് രജിസ്റ്ററാണ് കോടതി മറ്റൊരു തെളിവായി സ്വീകരിച്ചത്. 2012 ജൂലൈയിലായിരുന്നു സംഭവം. കുട്ടിയുടെ ജനനേന്ദ്രിയത്തില്‍ വേദനയെടുത്തതോടെ മാതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കുട്ടി പീഡനവിവരം അമ്മയോട് പറഞ്ഞത്. തുടര്‍ന്ന് സ്‌കൂളില്‍ വിവരമറിയിച്ചെങ്കിലും ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സംഭവം നടന്ന ആഴ്ചയില്‍ പ്രതി സ്‌കൂളില്‍ ജോലിയെടുത്തിട്ടില്ലെന്നായിരുന്നു സ്‌കൂളിലെ അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എപ്പോള്‍വേണമെങ്കിലും കൃത്രിമം സാധ്യമാകുന്ന സ്‌കൂള്‍ രജിസ്റ്റര്‍ കോടതി തെളിവായി സ്വീകരിച്ചതിനെ ഏറെ അത്ഭുതത്തോടെയാണ് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നത്.

അന്വേഷണത്തിലെ വീഴ്ചകളാണ് പ്രതിക്ക് രക്ഷപെടാന്‍ അവസരം ഒരുക്കിയതെന്ന് വ്യക്തം. പീഡനത്തെ സാധൂകരിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും ഫോറന്‍സിക് റിപ്പോര്‍ട്ടും തിരുമലഷെട്ടിഹള്ളി പൊലീസ് കോടതിയില്‍ ഹാജരാക്കിയില്ല. ബംഗളുരുവിലെ ഫോറന്‍സിക് ലാബില്‍ നിന്നും ഫോറന്‍ഡസിക് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി ടി വെങ്കടേഷ് ദ ന്യൂസ്മിനുട്ടിനോട് പറഞ്ഞു.

കേസില്‍ സാക്ഷികളായിരുന്ന രണ്ട് സ്‌കൂള്‍ അധ്യാപികമാരും മറ്റ് രണ്ടുപേരും വാദത്തിനിടെ കൂറുമാറിയിരുന്നു. സംഭവത്തെക്കുറിച്ച് കുട്ടി തങ്ങളോട് ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു അധ്യാപികമാര്‍ കോടതിയില്‍ മൊഴിനല്‍കിയത്.

വാദത്തില്‍ പ്രതിഭാഗം അഭിഭാഷകന്റെ പല ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരം വര്‍ഷങ്ങള്‍ക്ക് മു്മ്പ് നടന്ന സംഭവത്തില്‍ കുട്ടിക്ക് ഓര്‍ത്തെടുക്കാനായില്ല. ഇത്തരം സംഭവങ്ങളില്‍ വേഗം വിചാരണ നടത്തേണ്ടത് അവശ്യമാണെന്ന് ഇത് തെളിയിക്കുന്നതായി ആക്ടിവിസ്റ്റുകള്‍ പറയുന്നു.