Web Desk

ബംഗളുരു

June 23, 2020, 5:09 pm

ബംഗളുരു ബ്രസീല്‍ ആയി മാറുമെന്ന് എച്ച് ഡി കുമാരസ്വാമിയുടെ മുന്നറിയിപ്പ്, 20 ദിവസം അടച്ചിടാനും ആഹ്വാനം

Janayugom Online

സര്‍ക്കാര്‍ ഇനിയും ഒരു ഇരുപത് ദിവസം കൂടി അടച്ചിടല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജനതാദള്‍(സെകുലര്‍) നേതാവുമായി എച്ച് ഡി കുമാരസ്വാമി രംഗത്ത്. കര്‍ണാടകയില്‍, പ്രത്യേകിച്ച് ബംഗളുരുവില്‍ അടിയന്തര അടച്ചിടല്‍ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ബംഗളുരു ബ്രസീല്‍ ആയി മാറുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.

ഇന്ത്യയെ തുറന്ന് കൊടുക്കാന്‍ തീരുമാനിച്ചതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യജീവന്‍ വച്ച് കളിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുറച്ച് സ്ഥലങ്ങള്‍ മാത്രം അടച്ചിട്ടത് കൊണ്ട് കാര്യമില്ല. സമ്പദ്ഘടനയെക്കാള്‍ ജനങ്ങളുടെ ജീവനാണ് വില കല്‍പ്പിക്കേണ്ടതെന്നും കുമാരസ്വാമി ട്വീറ്റ് ചെയ്തു. ജനസാന്ദ്രത പരിശോധിച്ചാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ ഇന്ത്യയിലാണെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

കര്‍ണാടകയില്‍ ഇതുവരെ 9.000പേര്‍ക്ക് രോഗം ബാധിച്ച് കഴിഞ്ഞു. ഇന്നലെ ഒറ്റ ദിവസം മാത്രം ഇവിടെ രോഗം ബാധിച്ചത് 249 പേര്‍ക്കാണ്. ഇതുവരെ 142 ജീവന്‍ നഷ്ടമായി.

തലസ്ഥാനമായ ബംഗളുരുവില്‍ 919 പേര്‍ക്ക് രോഗബാധയുണ്ട്. 68 പേരാണ് ഇവിടെ മാത്രം മരിച്ചത്.

മുന്‍മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങളെല്ലാം സ്വാഗതം ചെയ്യുന്നുവെന്നും എന്നാല്‍ വീണ്ടുമൊരു അടച്ചിടലിലേക്ക് പോകേണ്ട സാഹചര്യമില്ലെന്നും ഉപമുഖ്യമന്ത്രി ഡോ അശ്വത് നാരായണ്‍ പറഞ്ഞു. ഏത് സാഹചര്യവും നേരിടാന്‍ തങ്ങള്‍ സജ്ജരാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയൊരു സാഹചര്യമുണ്ടാകാന്‍ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

eng­lish summary:“Bengaluru Will Become Brazil”: HD Kumaraswamy Calls For 20-Day Lockdown
you may also like this video: